മാഡ്രിഡ്: വീട്ടുവാടക അടക്കം ജീവിതച്ചെലവ് ദുസ്സഹമായതിനെതിരേ സ്പെയിനിൽ ബുധനാഴ്ച നടന്ന പൊതുപണിമുടക്കിൽ പങ്കെടുത്തത് 30 ലക്ഷം പേർ.പ്രകടനങ്ങൾ പൊതുവേ സമാധാനപരമായിരുന്നു. സ്പെയിനിൽ 14 വർഷത്തിനുശേഷം നടക്കുന്ന പൊതുപണിമുടക്കായിരുന്നിത്.
വീടുകൾക്കു വിലയും വാടകയും വർധിച്ചതാണു ജനങ്ങളെ തെരുവിലിറക്കിയത്. മാഡ്രിഡ്, ബാഴ്സലോണ നഗരങ്ങളിൽ വന്പൻ പ്രകടനങ്ങളുണ്ടായി. ബാഴ്സലോണയിൽ പൊലിസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. മാഡ്രിഡിലും സംഘർഷം റിപ്പോർട്ട് ചെയ്തു.
പ്രകടനങ്ങളുമായി ബന്ധപ്പെട്ട് 115 പേരെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു. സമാധാനത്തോടെ പ്രതിഷേധിച്ചവരെ പൊലിസ് വ്യാപകമായി മർദിക്കുകയും കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും ചെയ്തതായി ആംനസ്റ്റി ഇന്റർനാഷണൽ പറഞ്ഞു.
വീട്ടുവാടക വർധിച്ചതിനെത്തുടർന്ന് മാഡ്രിഡിൽ എഴുപതു വർഷം താമസിച്ച വീട്ടിൽനിന്ന് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഇറങ്ങേണ്ടിവന്ന എൺപത്തേഴുകാരി മരിച്ചതാണു പ്രതിഷേധങ്ങൾക്കു തുടക്കമിട്ടത്. ഭക്ഷ്യവസ്തുക്കളുടെയും വൈദ്യുതിയുടെയും വില താങ്ങാനാവാത്തതും പ്രതിഷേധ വിഷയങ്ങളാണ്.
ഇടക്കാല തെരഞ്ഞെടുപ്പിനു രണ്ടര ആഴ്ച മാത്രം ശേഷിക്കേ, പ്രതിഷേധ പ്രകടനങ്ങളെ വോട്ടാക്കി മാറ്റാനുള്ള നീക്കം സ്പെയിനിലെ ഇടതുപക്ഷ പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് നടത്തിയേക്കും.
സമീപകാലത്തുണ്ടായ സെവ്ത കുടിയേറ്റ പ്രതിസന്ധി, ട്രെയിൻ അപകടം എന്നീ വിഷയങ്ങളിൽനിന്നു ജനശ്രദ്ധ മാറാൻ പ്രതിഷേധം സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.