നെടുമങ്ങാട്: കനത്ത മഴയെ തുടർന്ന് മൺതിട്ട ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. നെടുമങ്ങാട് ചെല്ലാംകോട് ഗോകുലത്തിൽ ശ്രീകുമാറിന്റെ വീടാണ് തകർന്നത് . ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
വീടിന്റെ സമീപത്ത് നിന്ന മൺതിട്ട ഇടിഞ്ഞ് അടുക്കള ഭാഗത്തേക്ക് പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞു വീണ് അടുക്കളയുടെ ഒരുവശം പൂർണമായി തകർന്നു. മറ്റ് ചുവരുകൾക്ക് വലിയ തോതിൽ വിള്ളലേറ്റിട്ടുമുണ്ട്. കൂടാതെ, വീടിനോട് ചേർന്നുള്ള കിണറ്റിലേക്കും വൻതോതിൽ മണ്ണ് ഇടിഞ്ഞുവീണിട്ടുണ്ട്.
അപകടം നടക്കുമ്പോൾ അടുക്കള ഭാഗത്തുണ്ടായിരുന്ന വീട്ടമ്മ വലിയ ശബ്ദം കേട്ട് വീടിന്റെ മുൻവശത്തേക്ക് ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ.