തൊടുപുഴ :സംസ്ഥാനത്ത് നടപ്പാക്കുന്ന പിഎംഎവൈ ഭവന പദ്ധതിയുടെ കേന്ദ്രസര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും പാര്‍ലമെന്റില്‍ ഈ ആവശ്യം ഉന്നയിക്കുമെന്നും ഡീന്‍ കുര്യാക്കോസ് എംപി. പദ്ധതി യുടെ കേന്ദ്രവിഹിതമായ 72,000 രൂപ ഭവനനിര്‍മാണത്തിന് തികച്ചും അപര്യാപ്തമാണ്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതിയുടെ ഗുണഭോക്തൃ സംഗമത്തിന്റെ ഉദ്ഘാടനവും പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ദാനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊടുപുഴ ബ്ലോക്ക് പരിധിയില്‍ വരുന്ന ആറ് പഞ്ചായത്തുകളിലായി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 158 വീടുകളുടെ ഉടമകള്‍ ഒത്തുചേര്‍ന്ന യോഗത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 61 വീടുകളുടെ താക്കോല്‍ദാനവും ആദ്യഗഡു ധനസഹായം കൈപ്പറ്റി നിര്‍മാണം ആരംഭിച്ച 83 പേരുടെ നിര്‍മാണ പുരോഗതിയുടെ അവലോകനവുമാണ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടിസി ജോബ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. കെ. തോമസ്, ഷൈനി ഷാജി, ജോസുകുട്ടി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോബി മാത്യു, മുഹമ്മദ് അമീര്‍,വത്സ ജോണ്‍, ടെസി സതീഷ് ബിബിത രവി, ഷൈനി ജോമോന് എന്നിവര്‍ പ്രസംഗിച്ചു.