സാൻഫ്രാൻസിസ്കോ: ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തുമ്പോൾ വീട് വൃത്തിയാക്കാനും പാത്രങ്ങൾ കഴുകാനും സഹായിയായി ഒരു റോബോട്ട് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവർ ആരും കാണില്ല. ആ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് അമേരിക്കൻ സ്റ്റാർട്ടപ്പായ 'ടൗ റോബോട്ടിക്സ്' (Tau Robotics). വീടുകളിലെ ദൈനംദിന ജോലികൾ ചെയ്യാൻ മനുഷ്യരൂപത്തിലുള്ള 'ഹ്യൂമനോയിഡ്' റോബോട്ടുകളെ അയക്കുന്ന പ്രത്യേക ക്ലീനിംഗ് സർവീസാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.
കമ്പനിയുടെ സിഇഒ അലക്സാണ്ടർ കൊച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച വീഡിയോകൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മണിക്കൂറിന് 30 ഡോളറാണ് (ഏകദേശം 3,000 ഇന്ത്യൻ രൂപ) ഈ ഹ്യൂമനോയിഡ് ക്ലീനിംഗ് സർവീസിന്റെ നിരക്ക്.
വ്യത്യസ്ത തരം ജോലി ആവശ്യങ്ങൾക്കായി വെവ്വേറെ റോബോട്ടുകളെയാണ് ടൗ റോബോട്ടിക്സ് തയ്യാറാക്കിയിരിക്കുന്നത്. ചെൽസി (വെള്ള നിറം) -അടുക്കളയും ബാത്ത്റൂമും കഴുകി വൃത്തിയാക്കാനും ടൈലുകളും സിങ്കും തുടയ്ക്കാനും ചെൽസി സഹായിക്കും.
ഇലൺ(പർപ്പിൾ നിറം)- ആഴ്ച തോറുമുള്ള സാധാരണ അറ്റകുറ്റപ്പണികൾക്കാണ് ഇലൺ. വീടിനുള്ളിൽ വസ്തുക്കൾ എവിടെയാണ് വെക്കേണ്ടതെന്ന് പഠിച്ചെടുത്ത് കാര്യങ്ങൾ ക്രമീകരിക്കാൻ ഇതിന് സാധിക്കും. ടോണി (പച്ച നിറം)- സാധാരണക്കാർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള ജനൽ വിടവുകളും വീടിന്റെ കോണുകളും ആഴത്തിൽ വൃത്തിയാക്കുന്ന 'ഡീപ്പ് ക്ലീനിംഗ്' ജോലികളാണ് ടോണി ചെയ്യുന്നത്.
തികച്ചും വേറിട്ട ഡിസൈനിലുള്ള ഈ റോബോട്ടുകൾക്ക് രണ്ട് ക്യാമറകൾ അടങ്ങിയ മനോഹരമായ മുഖമാണുള്ളത്. പൂർണമായും എഐ ഉപയോഗിച്ചല്ല ഇവ പ്രവർത്തിക്കുന്നത്. മനുഷ്യനായ ഒരു ഓപ്പറേറ്ററും എഐയും ചേർന്നാണ് ഇതിനെ നിയന്ത്രിക്കുന്നത്. വാക്വം ക്ലീനറുകൾ പ്രവർത്തിപ്പിക്കാനും മാലിന്യങ്ങൾ വെളിയിൽ തള്ളാനും ഈ റോബോട്ടുകൾക്ക് സാധിക്കും.
നിലവിൽ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ക്ഷണിക്കപ്പെട്ട തെരഞ്ഞെടുത്ത ആളുകൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. വൈകാതെ ഇന്ത്യയിലെക്കും ഈ റോബോട്ടുകളെ വ്യാപിപ്പിച്ചേക്കാനുള്ള സാധ്യതകളുമുണ്ട്. എന്നാൽ, വീടുകൾക്കുള്ളിൽ മനുഷ്യ ഓപ്പറേറ്റർമാർ ക്യാമറ വഴി നോക്കി റോബോട്ടിനെ നിയന്ത്രിക്കുമ്പോൾ വരാവുന്ന സ്വകാര്യതാ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകളും ചിലർ പങ്കുവെക്കുന്നുണ്ട്.