ബംഗുളൂരു: കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് ലോറി ഡ്രൈവർക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ച് പോലീസാണ് വെടിയുതിര്‍ത്തത്.
സംഭവത്തിൽ കാസർഗോഡ് സ്വദേശി അബ്ദുള്ളയ്ക്ക് പരിക്കേറ്റു. കന്നുകാലികളെ കടത്തിയ വണ്ടി പോലീസ് തടഞ്ഞപ്പോൾ നിർത്തിയില്ല. തുടര്‍ന്ന് ലോറിയെ പിന്തുടര്‍ന്ന പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
ലോറി ഡ്രൈവറായ അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചു. പുത്തൂർ റൂറൽ പോലീസാണ് വെടിയുതിർത്തത്. വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോറിയിൽ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഈശ്വരമംഗളയിൽ വച്ചാണ് സംഭവം. അബ്ദുള്ളയ്ക്കും സഹായിക്കുമെതിരെ കാലിക്കടത്തിന് പോലീസ് കേസെടുത്തു. ബെള്ളാരി പോലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.