ന്യൂഡൽഹി: രാജ്യസുരക്ഷ മുൻനിർത്തി വീസ ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ. ഇന്ത്യയിൽ 180 ദിവസത്തെ വീസ കാലാവധിയിൽ എത്തുന്ന വിദേശികൾ കാലാവധി കഴിഞ്ഞ് 14 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തി.
പുതിയ നിർദേശപ്രകാരം കാലാവധി പൂർത്തിയാകുന്നതിനുമുന്‍പ് വിദേശികൾ രജിസ്റ്റർ ചെയ്യണം. ഇതിനായി 2025 ലെ കുടിയേറ്റവും വിദേശീയരെയും സംബന്ധിക്കുന്ന നിയമത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.
ഒരൊറ്റ സന്ദർശനത്തിലോ അല്ലെങ്കിൽ ഒരു കലണ്ടർ വർഷത്തിലോ 180 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആ കാലാവധി തീരുന്നതിന് മുന്‍പുതന്നെ രജിസ്റ്റർ ചെയ്യണം. എന്നാൽ അടിയന്തര സന്ദർഭങ്ങളിൽ മാത്രമേ അതിന് അനുമതി ലഭിക്കൂ.
മാതാപിതാക്കളിൽ ആരെങ്കിലും ഒരാളോ അല്ലെങ്കിൽ രണ്ടുപേരുമോ വിദേശികളാണെങ്കിൽ ഇന്ത്യയിൽ കുട്ടി ജനിച്ച് 30 ദിവസത്തിനകം പുതിയ വീസയ്ക്കോ എക്സിറ്റ് പെർമിറ്റിനായോ ഓണ്‍ലൈൻ പോർട്ടൽ വഴി ഇമിഗ്രേഷൻ ഓഫീസറെ വിവരം അറിയിക്കണമെന്നായിരുന്നു നേരത്തേയുണ്ടായിരുന്ന ചട്ടം.
എന്നാൽ, പുതിയ നിയമപ്രകാരം മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാകുകയും അവർ കുട്ടിയുടെ ഇന്ത്യൻ പൗരത്വം നിലനിർത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ 30 ദിവസത്തെ നിർബന്ധിത ഓണ്‍ലൈൻ രജിസ്ട്രേഷൻ ആവശ്യമില്ല. അതേസമയം പിന്നീട് ഇന്ത്യയിൽ വച്ച് വിദേശരാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുകയാണെങ്കിൽ 30 ദിവസത്തിനകം ഇമിഗ്രേഷൻ ഓഫീസറെ വിവരമറിയിക്കണം.
വിദേശികൾക്കു ചികിത്സയോ താമസസൗകര്യമോ നൽകുന്ന രാജ്യത്തെ ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, മറ്റ് മെഡിക്കൽ സ്ഥാപനങ്ങൾ തുടങ്ങിയവ ബന്ധപ്പെട്ട അധികൃതർക്കു നൽകേണ്ട റിപ്പോർട്ടുകളിലും നടപടിക്രമങ്ങളിലും കേന്ദ്രസർക്കാർ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്.