തൃശൂർ: നഴ്സുമാർക്ക് സഭ എതിരല്ലെന്നും ജൂബിലി മിഷൻ ആശുപതിയിലെ നഴ്സുമാരുടെ സമരം മറ്റു ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണെന്നും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
സ്വകാര്യ ആശുപത്രികളിൽ ഏറ്റവും കൂടുതൽ ശന്പളം നൽകുന്ന ആശുപതിയാണ് ജൂബിലി. 2018ൽ സർക്കാർ ശന്പളപരിഷ്കരണം മുന്നോട്ടുവച്ചപ്പോൾ പല കോർപറേറ്റ് ആശുപത്രികളും അതിനു സ്റ്റേ വാങ്ങിയെങ്കിലും ജൂബിലി അന്ന് മുന്നോട്ടുവച്ച ശന്പളം നൽകിയിരുന്നു.
2023ൽ പുതിയ ശന്പളപരിഷ്കരണം മുന്നോട്ടുവച്ച സർക്കാർ അതിൽ തീരുമാനത്തിലെത്തിയില്ലെങ്കിലും ജൂബിലി അന്നും തുക വർധിപ്പിച്ചു. മികച്ച ശന്പളം നൽകുന്ന ജൂബിലി ആശുപതിയിൽ, പ്രത്യേകിച്ച് സമരം നടത്തുന്നത്തിന്റെ ലക്ഷ്യം മറ്റൊന്നാണ്. യുഎൻഎ മാത്രമല്ല എറണാകുളത്തെ ചില സംഘടനകൾകൂടി ഇതിനു പിന്നിലുണ്ട്.
എറണാകുളം രൂപതയെ പ്രതിസന്ധിയിലാക്കിയവർ തന്നെയാണ് ഇതിനുപിന്നിൽ. മികച്ച ശന്പളവും ചുരുങ്ങിയ നിരക്കിൽ സേവനവും നൽകുന്ന ആശുപത്രിയെ പ്രതിസന്ധിയിലാക്കി മറ്റ് ആശുപത്രികളിലേക്ക് ആളെ കൂട്ടാനുള്ള പദ്ധതിയാണിതിനു പിന്നിൽ. സർക്കാർ ശന്പളപരിഷ്കരണം മുന്നോട്ടുവച്ചാൽ അതു നടപ്പാക്കും.
നിലവിലെ സമരം ധാർമികമല്ല, അംഗീകരിക്കാൻ സാധിക്കില്ല. ചികിത്സച്ചെലവ് വർധിപ്പിച്ചാൽ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാമെന്ന ദുരുദ്ദേശ്യമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.