തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ അവയവങ്ങൾ സ്വീകരിച്ച കുട്ടികൾ സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആലിനിന്റെ അവയവങ്ങൾ മറ്റു രണ്ടു പേരിലേക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ തിരുവനന്തപുരത്തെ ആശുപത്രികളിൽ പൂർത്തിയായത്. കിംസ് ആശുപത്രിയിൽ നടത്തിയ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും മെഡിക്കൽ കോളജിലെ എസ്എടി ആശുപത്രിയിൽ നടത്തിയ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും പൂർണ വിജയകരമായിരുന്നു.
ആറു മാസം പ്രായമുള്ള കുഞ്ഞിനാണ് കരൾ മാറ്റിവച്ചത്. പത്തു വയസു പ്രായമുള്ള കുട്ടിക്കാണ് വൃക്കകൾ നൽകിയത്. രണ്ടു കുട്ടികളും നിലവിൽ അതത് ആശുപത്രികളിൽ ഡോക്ടർമാരുടെ പരിചരണത്തിലാണ്.
അച്ഛനമ്മമാരും ബന്ധുക്കളും ആശുപത്രിയിൽതന്നെ തുടരുകയാണ്. കുട്ടികളുടെ ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതി ഡോക്ടർമാർ അപ്പപ്പോൾ അറിയിക്കുന്നുണ്ടെന്നും അതേസമയം കുഞ്ഞുങ്ങളെ ഇതുവരെ നേരിൽ കാണാനായിട്ടില്ലെന്നും ഇവരുടെ അച്ഛനമ്മമാർ പറഞ്ഞു.