ദുബായ്: സൗദിയിലെ മക്ക, മദീന മേഖലകളിൽ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണങ്ങളെ അപലപിച്ച് മുസ്ലിം വേൾഡ് ലീഗ്. പുണ്യസ്ഥലങ്ങളുടെ പവിത്രത ഇല്ലാതാക്കുന്നതാണ് ആക്രമണങ്ങളെന്നു മുസ്ലിം വേൾഡ് ലീഗ് പ്രസ്താവനയിൽ പറഞ്ഞു. ഈ ആക്രമണങ്ങൾ മുസ്ലിം വികാരങ്ങളെ വ്രണപ്പെടുത്തുന്ന അപകടകരമായ പ്രകോപനമെന്ന് സംഘടന വിശേഷിപ്പിച്ചു. സൗദി സ്വീകരിക്കുന്ന നടപടികൾക്കു പൂർണ പിന്തുണ നൽകുന്നതായും ലീഗ് അറിയിച്ചു.
ഈ മേഖലയിലേക്കു ഹൂതികൾ തൊടുത്ത രണ്ട് മിസൈലുകൾ തകർത്തതായി സൗദി അവകാശപ്പെട്ടു. മിസൈലുകളുടെ അവശിഷ്ടങ്ങൾ മക്കയിലെ വാദി അൽ-മുഖമ്മസ്, ജിദ്ദയിലെ അൽ-നുസ, തായിഫിലെ വാദി ജലീൽ, റാബിഹിലെ മസ്തൂറ സെന്റർ എന്നിവിടങ്ങളിൽ വീണു. എന്നാൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എന്നാൽ, മക്കയും മദീനയും ലക്ഷ്യമിട്ടെന്ന ആരോപണം ഹൂതികൾ നിഷേധിച്ചു. എണ്ണ കേന്ദ്രങ്ങളും സൈനിക താവളങ്ങളുമാണു തങ്ങൾ ലക്ഷ്യംവച്ചതെന്ന് അവർ അവകാശപ്പെട്ടു.