സീയൂൾ: രാജ്യാന്തര യാത്രികരുടെ എണ്ണംകൊണ്ട് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന ഖ്യാതി ദക്ഷിണകൊറിയയിലെ ഇൻചിയോൺ വിമാനത്താവളം സ്വന്തമാക്കി. ഈ വർഷത്തെ ആദ്യ ആറു മാസങ്ങളിൽ 3.84 കോടി രാജ്യാന്തര യാത്രക്കാരാണ് ഈ വിമാനത്താവളം വഴി കടന്നുപോയത്.
രണ്ടാം സ്ഥാനത്തുള്ള ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലൂടെ ഇതേ കാലയളവിൽ 3.77 കോടി പേർ യാത്രചെയ്തു. സിംഗപ്പൂരിലെ ചാംഗി വിമാനത്താവളമാണ് മൂന്നാം സ്ഥാനത്ത് -3.45 കോടി രാജ്യാന്തര യാത്രക്കാർ.
ഇറാൻ-അമേരിക്ക യുദ്ധമാണ് ഇൻചിയോണിൽ തിരക്കു വർധിക്കാൻ കാരണം. പശ്ചിമേഷ്യ വഴിയുള്ള യാത്ര ഒഴിവാക്കിയവർ പകരമായി ഇൻചിയോണിനെ തെരഞ്ഞെടുത്തു. ദുബായ് വഴി യൂറോപ്പിലേക്കു പോയിരുന്ന നല്ലൊരു വിഭാഗം യാത്രക്കാരുടെയും യാത്ര ഇൻചിയോണിലൂടെയായി. വിപുലമായ പശ്ചാത്തലസൗകര്യങ്ങളും 158 സ്ഥലങ്ങളിലേക്കു വിമാന സർവീസുള്ളതും ഇൻചിയോണിനെ ആകർഷകമാക്കി.
ഇതാദ്യമായാണ് ഇൻചിയോണിന് ഈ ബഹുമതി ലഭിക്കുന്നത്. 2024, 2025 വർഷങ്ങളിൽ യഥാക്രമം 12, 13 സ്ഥാനങ്ങളിലായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഇക്കുറി ആദ്യ അഞ്ചിലേ ഉണ്ടാവില്ലെന്നാണ് സൂചന.