കട്ടപ്പന: ജില്ലയിലെ ആദ്യത്തെ ഡബിൾ ചേംബർ സാനിറ്ററി പാഡ് ഇൻസിനറേറ്റർ കട്ടപ്പനയിൽ. പ്രതിദിനം ഒരു ടൺ ശേഷിയുള്ള അത്യാധുനിക മലിനീകരണവിമുക്ത സംസ്കരണ പ്ലാന്റിന്റെ ശിലാസ്ഥാപനം നാളെ പുളിയൻമലയിൽ നടക്കും. പുളിയൻമല സ്ലോട്ടർ ഹൗസിന് സമീപം 90 ലക്ഷം രൂപ മുടക്കിയാണ് അത്യാധുനിക പ്ലാന്റ് സ്ഥാപിക്കുന്നത്. ആറു മാസത്തിനകം നിർമാണം പൂർത്തിയാക്കി പ്ലാന്റ് പൂർണമായി നാടിന് സമർപ്പിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നിർമാണോദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി നിർവഹിക്കും. ഡെപ്യൂട്ടി ചെയർപേഴ്സൺ ലീലാമ്മ ബേബി അധ്യക്ഷത വഹിക്കും. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സിബി പാറപ്പായി, മനോജ് മുരളി, ബീന സിബി, സജിമോൾ ഷാജി, വാർഡ് കൗൺസിലർ വി.ആർ. സജി, സെക്രട്ടറി അജി കെ. തോമസ്, അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് അജ്മൽ എന്നിവർ പ്രസംഗിക്കും.