ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലകളിൽ തമ്പടിച്ചിരുന്ന കാട്ടാനകളെ പ്രതിരോധിക്കുന്നതിനായി നിർമിച്ച തൂക്കുവേലിക്ക് തീപിടിത്തത്തിൽ കേടുപാട് സംഭവിച്ചു. വേലിക്ക് സമീപം പടർന്ന തീയിൽ ഇൻസുലേറ്റർ, തൂക്കുവേലിയുടെ വയർ ഉൾപ്പെടെ കത്തി നശിച്ചു. പരിപ്പ്തോട്, കോട്ടപ്പാറ റീച്ചിലാണ് തീപിടിത്തം ഉണ്ടായത്.
വേലി കടന്നുപോകുന്ന സ്ഥലത്ത് അടിഭാഗത്തെ പുല്ലിന് തീപിടച്ചതാണ് തൂക്കുവേലി നശിക്കാൻ ഇടയാക്കിയത്. വേനൽ കടുക്കുന്നതോടെ ആറളം ഫാം പുനരധിവാസ മേഖലയിൽ ചെറുതും വലുതുമായ തീപിടിത്തങ്ങൾ പതിവാണ്. മേഖലയിലെ താമസക്കാർ കശുമാവിൻ തോട്ടം ഉൾപ്പെടെ വൃത്തിയാക്കുന്നതിന് ഇടുന്ന തീ പലപ്പോഴും മറ്റുമേഖലയിലേക്ക് പടരുന്നതാണ് നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നത്.