Business
കോതമംഗലം: ചക്കയ്ക്ക് നാട്ടിലും മറുനാട്ടിലും ആവശ്യക്കാരേറെയെങ്കിലും ഉത്പാദകരായ കർഷകരിലേക്ക് ഡിമാൻഡനുസരിച്ചുള്ള നേട്ടമെത്തുന്നില്ല. മൊത്തവില്പനക്കാരും ഇടനിലക്കാരും ചക്കവിപണിയിൽ ലാഭമുണ്ടാക്കുമ്പോൾ, കർഷകനു കിട്ടുന്നതു തുച്ഛമായ വരുമാനം.
ഇടിയൻ ചക്ക(ഇടിഞ്ചക്ക) ഒന്നിന് 70 രൂപ വരെ നേരത്തേ കർഷകനു ലഭിച്ചിരുന്നു. ഇപ്പോൾ അഞ്ചു മുതൽ 10 വരെ കിലോഗ്രാം വരെ തൂക്കമുള്ള മൂക്കാത്ത ചക്ക ഒന്നിന് കിട്ടുന്നത് 25 - 30 രൂപ മാത്രമാണെന്നു കർഷകർ പറയുന്നു. മഴ പെയ്തു തുടങ്ങിയാൽ വില ഇനിയും കുറയും.
കർഷകരിൽനിന്ന് 25 - 30 രൂപയ്ക്കു കച്ചവടക്കാർ വാങ്ങുന്ന ചക്ക ചെറുവണ്ടികളിൽ പത്തോ പതിനഞ്ചോ കിലോമീറ്റർ എത്തിച്ച് മൊത്തക്കച്ചവടക്കാരനു നൽകുമ്പോൾ കിലോയ്ക്കു 50 രൂപ മുതൽ മുകളിലേക്കാണു വില ഉയരുന്നത്. ഇതു കേടാകാതെ പായ്ക്കു ചെയ്ത് വലിയ ചരക്കുലോറികളിൽ ഇതര സംസ്ഥാനങ്ങളിലെ ഭക്ഷ്യ സംസ്കരണ ഫാക്ടറികളിലേക്കും ഉത്പാദന യൂണിറ്റുകളിലേക്കും വിദേശ വിപണികളിലേക്കുമെത്തുമ്പോഴേക്കും ഡിമാൻഡും വിലയും വീണ്ടും ഉയരും.
ഇടിഞ്ചക്കയ്ക്കും മൂപ്പു കുറഞ്ഞ ചക്കയ്ക്കുമാണ് ഇതര സംസ്ഥാന വിപണികളിലും ഫാക്ടറികളിലും ഡിമാൻഡ് കൂടുതലുള്ളത്.
ചക്ക ഉത്പാദിപ്പിക്കുന്ന കർഷകർക്കു ന്യായവില ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനങ്ങളോടനുബന്ധിച്ചു മൂല്യവർധിത ഉത്പാദന യൂണിറ്റുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. ചക്കയ്ക്കു പുറമേ, കപ്പ, ഏത്തയ്ക്ക എന്നിവയിലും പ്രാദേശികമായി മൂല്യവർധിത ഉത്പാദന യൂണിറ്റുകൾ തുടങ്ങിയാൽ ഇടനിലക്കാരുടെയും വൻകിട കച്ചവടക്കാരുടെയും ചൂഷണം നിയന്ത്രിക്കാനാകും. കർഷകർക്ക് ഉത്പന്നങ്ങൾക്കു ന്യായമായ വില ലഭിക്കാനും ഒപ്പം തൊഴിലവസരം വർധിക്കാനും ഇതു സഹായകമാകുമെന്നാണു വിലയിരുത്തൽ.
ഗ്യാസ് ക്ഷാമം ചക്കയ്ക്കും തിരിച്ചടി
മൂത്ത ചക്ക ആഭ്യന്തര, ഇതര സംസ്ഥാന വിപണികളിലേക്കെത്തുന്നത് ഏറിയ പങ്കും വൈവിധ്യമാർന്ന ചിപ്സ് ഉണ്ടാക്കുന്നതിനാണ്. നാട്ടിൻപുറങ്ങളിൽ നിന്നു കയറ്റിവിടുന്ന ചക്കയിൽ ഒരു ഭാഗം മൂല്യവർധിത ഉത്പന്നങ്ങളായി ഇവിടത്തെ വിപണികളിലേക്കു തിരിച്ചെത്തുന്നുമുണ്ട്. അധിക വിലകൊടുത്ത് ഇതു വാങ്ങാൻ നഗരങ്ങളിലും ഗ്രാമങ്ങളിലും ആവശ്യക്കാരേറെ.
പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ചക്ക വറുത്തു വില്പന നടത്തുന്നവർ പലയിടത്തും കൂട്ടത്തോടെ പിന്മാറി. ചക്കയുടെ വിവിധ ഇനം ചിപ്സുകൾക്ക് വില കൂടിയിട്ടുമുണ്ട്.
ചിപ്സ് വിപണി ക്ഷീണിച്ചതോടെ മൂത്തു പാകമായ ചക്ക ശേഖരിക്കാൻ വരുന്ന കച്ചവടക്കാരുടെ എണ്ണം കുറഞ്ഞെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു. പഴുത്ത ചക്കയ്ക്ക് വിപണിയിൽ ആവശ്യക്കാർ കുറവാണ്.
Business
മുംബൈ: ഓണ്‍ലൈനിലൂടെയുള്ള ഭക്ഷണം ഓർഡർ ചെയ്യുന്നത് ഇനി അല്പം കൂടി ചെലവേറിയതാകും. ഓണ്‍ലൈൻ ഫുഡ് ഡെലിവറി കന്പനിയായ സൊമാറ്റോ രാജ്യത്ത് പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ചതിനു പിന്നാലെ സമാന നീക്കം നടത്തി സ്വിഗ്ഗിയും.
കഴിഞ്ഞ ദിവസമാണ് സൊമാറ്റോ ഫീസ് വർധിപ്പിച്ചത്. ഇതോടെ ഓരോ ഓർഡറിനും ഉപഭോക്താക്കൾ നല്കേണ്ടിവരുന്ന അധിക തുകയിൽ വർധനയുണ്ടായി. സ്വിഗ്ഗി പ്ലാറ്റ്ഫോം ഫീ 17 ശതമാനം വർധിപ്പിച്ചു. ഇതോടെ ഓരോ ഓർഡറിനും 17.58 രൂപ നൽകണം. മുന്‍പ് ഇത് 14.99 രൂപയായിരുന്നു.
സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് ഓരോ ഓർഡറിനും 2.40 രൂപയുടെ വർധനയാണ് നടത്തിയത്. ഇതോടെ ജിഎസ്ടി ഒഴികെയുള്ള നിരക്ക് 14.90 രൂപയിലെത്തി. ഇതോടെ ജിഎസ്ടി ഉൾപ്പെടെയുള്ള ആകെ നിരക്ക് 17.58 രൂപയിലെത്തി.
2023ൽ കേവലം രണ്ട് രൂപ മാത്രമായിരുന്നു ഫുഡ് ഡെലിവറി ആപ്പുകളുടെ പ്ലാറ്റ്ഫോം ഫീസ്.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഉത്തരവിറക്കി.
ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ ആകെ വിഹിതം 50 ശതമാനമായി ഉയർന്നു. മാർച്ച് 23 മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽവരും.
നേരത്തെ അനുവദിച്ച പത്ത് ശതമാനം വർധനവിന് പുറമെയാണ് പുതിയ ഉത്തരവ്. പുതിയ വിഹിതം പ്രധാനമായും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ധാബകൾ, ഭക്ഷണ സംസ്കരണ യൂണിറ്റുകൾ, ഡയറി യൂണിറ്റുകൾ എന്നിവയ്ക്കായിരിക്കും മുൻഗണന നൽകുക.
കൂടാതെ സംസ്ഥാന സർക്കാരുകളോ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളോ നടത്തുന്ന സബ്സിഡി കാന്റീനുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ എന്നിവയ്ക്കും ഇതിന്റെ ഗുണം ലഭിക്കും.
National
ന്യൂഡൽഹി: ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ നിരക്ക് വർധിപ്പിച്ചു. ഓരോ ഓർഡറിനും 2.40 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഓർഡറിന്റെ തുക 14.90 രൂപയായി ഉയർന്നു.
നേരത്തെ ജിഎസ്ടി ഇല്ലാതെ 12.50 രൂപയായിരുന്ന ഫീസാണ് ഇപ്പോൾ 14.90 രൂപയായി പുതുക്കിയത്. ഇന്ത്യയിൽ എല്ലായിടത്തും ഈ വർധന നടപ്പിലാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഇതിനു മുൻപ് കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു സൊമാറ്റോ നിരക്ക് വർധിപ്പിച്ചത്. സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി നിലവിൽ ജിഎസ്ടി ഉൾപ്പെടെ ഒരു ഓർഡറിന് 14.99 രൂപയാണ് ഫീസായി ഈടാക്കുന്നത്.
Education
കോട്ടയം: ഗവേഷണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും യുവ ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗവേഷണ വിദ്യാര്‍ഥികളുടെ ഫെല്ലോഷിപ്പ് തുക 15,000 രൂപയായി വര്‍ധിപ്പിക്കാന്‍ എംജി സര്‍വകലാശാല സിന്‍ഡിക്കറ്റ് തീരുമാനിച്ചു.
ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന, പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കുന്നതിനും അവരുടെ പഠനവും ഗവേഷണ പ്രവര്‍ത്തനങ്ങളും കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇത് സഹായിക്കും.
ഗവേഷണവുമായി ബന്ധപ്പെട്ട ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഫെലോഷിപ്പ് വര്‍ധന ഉപകരിക്കും. ഇതിലൂടെ ഗവേഷണ നിലവാരം മെച്ചപ്പെടുകയും നവീന പഠനങ്ങള്‍ക്കും ശാസ്ത്രീയ കണ്ടെത്തലുകള്‍ക്കും വഴിയൊരുങ്ങുകയും ചെയ്യുമെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ അറിയിച്ചു.
Kerala
കോട്ടയം: ആവശ്യം വര്‍ധിച്ചതോടെ റബര്‍ വിലയില്‍ കുതിപ്പ്.
നാളുകള്‍ക്കുശേഷം വ്യാപാരി വില 200 പിന്നിട്ടു. രണ്ടാഴ്ചയിലധികമായി 200 രൂപയ്ക്കു മുകളില്‍ വ്യാപാരം നടക്കുന്നുണ്ടെങ്കിലും ഔദ്യോഗിക വിപണിവില 200 പിന്നിട്ടത് ഇന്നലെയാണ്. ആര്‍എസ്എസ് നാലിന് 200.50, അഞ്ചിന് 195.50 രൂപയ്ക്കുമാണ് ഇന്നലെത്തെ വ്യാപാരി വില.
തിങ്കളാഴ്ച ആര്‍എസ്എസ് നാലിന് 199.50 രൂപയും അഞ്ചിന് 194.50 രൂപയുമായിരുന്നു വില. റബര്‍ ബോര്‍ഡ് വില ആര്‍എസ്എസ് നാല് ഗ്രേഡിന് വില 208.50 രൂപയും ഗ്രേഡ് അഞ്ചിന് 203.50 രൂപയുമായി.
ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഇന്നലെ കോട്ടയം മാര്‍ക്കറ്റില്‍ 207.50 രൂപയ്ക്കു കച്ചവടം നടന്നതായി വ്യാപാരികള്‍ പറയുന്നു. അന്താരാഷ്ട്രവിലയും ഉയര്‍ന്നു നില്‍ക്കുകയാണ്. ആര്‍എസ്എസ് ഒന്ന് ഗ്രേഡിന് വില 210.17 രൂപയും ഗ്രേഡ് രണ്ടിന് 208.43 രൂപയുമായി.
റബര്‍ സ്റ്റോക്കുള്ള കര്‍ഷകര്‍ക്ക് വിലമെച്ചത്തിന്റെ നേട്ടം ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനത്തില്‍ ഗണ്യമായ കുറവാണുണ്ടാകുന്നത്. വേനല്‍ ചൂടില്‍ ഉത്പാദനത്തില്‍ കുറവുണ്ടെങ്കിലും മാര്‍ക്കറ്റ് വില മെച്ചപ്പെടുന്ന സാഹചര്യത്തില്‍ പലരും ടാപ്പിംഗ് തുടരുകയാണ്.
ഒറ്റപ്പെട്ട വേനല്‍മഴ ഫെബ്രുവരി അവസാനം വരെ തുടര്‍ന്നാല്‍ വേനല്‍ അവധി ഒഴിവാക്കി ടാപ്പിംഗ് തുടരാന്‍ ആഗ്രഹിക്കുന്ന ചെറുകിട കര്‍ഷകരുണ്ട്. വില മെച്ചം തുടരുന്നതിനാല്‍ സ്ലോട്ടര്‍ ടാപ്പിംഗ് നടത്തുന്നവര്‍ ടാപ്പിംഗ് തുടരണമെന്ന താല്പര്യത്തിലാണ്. ലാറ്റക്സ് വില ഇന്നലെ 187 രൂപയിലെത്തി.
ലാറ്റക്സ് ലഭ്യതയില്‍ കാര്യമായ കുറവില്ല. എന്നാല്‍ അടുത്തമാസം ലാറ്റക്സ് വിലയും ഉയരാണ് സാധ്യത. ഒട്ടുപാലിന് 130 രൂപയായി. ക്രംബ് ഫാക്ടറികളില്‍ ഒട്ടുപാല് സ്റ്റോക്കില്ലാത്ത സാഹചര്യത്തില്‍ വില ഇനിയും ഉയര്‍ന്നേക്കും.