കോട്ടയം: പാലാ നഗരസഭയിൽ ഭരണം പിടിക്കാൻ യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ തല പുകയ്ക്കുമ്പോൾ ഭരണത്തിന് നിർണായക പിന്തുണ നൽകേണ്ട പുള്ളിക്കകണ്ടം താരങ്ങൾ തീർഥാടനത്തിൽ. പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മയില്‍ വിജയിച്ച ബിനു പുളിക്കകണ്ടം, സഹോദരന്‍ ബിജു പുളിക്കകണ്ടം, ബിനുവിന്‍റെ മകള്‍ ദിയ പുളിക്കകണ്ടം എന്നിവര്‍ പഴനി, വേളാങ്കണി തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. നേര്‍ച്ചയുടെ ഭാഗമായി ബിനുവും ബിജുവും തലമൊട്ടയടിക്കുകയും ചെയ്തു. ബിനു മത്സരരംഗത്ത് എത്തി കഴിഞ്ഞ 20 വര്‍ഷമായി ഓരോ തെരഞ്ഞെടുപ്പിലും വിജയിച്ചു കഴിയുമ്പോള്‍ പഴനിയിലും വേളാങ്കണ്ണിയിലും തീര്‍ഥാടനം നടത്തുക പതിവാണ്.
പത്തംഗ സംഘം
സ്വതന്ത്ര കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ച പത്തോളം പ്രവര്‍ത്തകരെയും ഇത്തവണ തീര്‍ഥാടനത്തിനു കൊണ്ടുപോയി. ഇവരും തലമൊട്ടയടിച്ചാണ് മടങ്ങുന്നത്. വലിയ ബസിലായിരുന്നു യാത്ര. തീര്‍ഥാടനത്തിനു ശേഷം ഇന്നു വൈകുന്നേരത്തോടെ പാലാ മുരിക്കുംപുഴയിലുള്ള വീട്ടില്‍ തിരിച്ചെത്തും. ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്‌ട്രീയ തീരുമാനങ്ങള്‍ക്കുമായി 21നു സത്യപ്രതിജ്ഞയ്ക്കു ശേഷം വൈകുന്നേരം മൂന്നു വാര്‍ഡിലെയും ജനങ്ങളുടെ ജനസഭ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. വൈകുന്നേരം ആറിനു പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍മാന്‍ഷന്‍ ഓഡിറ്റോറിയത്തിലാണ് ജനസഭ. സ്വതന്ത്ര കൂട്ടായ്മ കൗണ്‍സിലർമാരുടെ ഭാവി പ്രവര്‍ത്തന പരിപാടികള്‍ക്ക് അഭിപ്രായ സമന്വയത്തിലൂടെ തീരുമാനത്തിലെത്താനാണ് ജനസഭ വിളിച്ചിരിക്കുന്നത്.
നിർണായകം പിന്തുണ
എല്‍ഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നിര്‍ണായകമാണ്. എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും നേതാക്കള്‍ ഇവരുമായി നിരന്തരം ചര്‍ച്ചകള്‍ തുടരുകയാണ്. മൂന്നു പേര്‍ക്കെതിരെയും യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. അതിനാല്‍ യുഡിഎഫിനെ മൂന്നുപേരും പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. എല്‍ഡിഎഫ് നേതൃത്വവും മൂവരുടെയും പിന്തുണ നേടാനുള്ള ശ്രമം നടത്തുന്നുണ്ട്.