കണ്ണൂര്‍: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് പെട്രോൾ ഡീസൽ വിലക്കയറ്റത്തിനൊപ്പം സസ്യ-സസ്യേതര വ്യത്യാസമില്ലാതെയുള്ള വിലക്കയറ്റം അടുക്കളകളെ പൊള്ളിക്കുന്നു. പച്ചക്കറികൾക്കും മാംസത്തിനും അരിക്കും ധാന്യങ്ങൾക്കുമെല്ലാം വില കയറിത്തുടങ്ങി. സാധാരണക്കാരുടെ അടുക്കള ബജറ്റ് താളംതെറ്റിക്കുകയാണ് വിലക്കയറ്റം. പച്ചക്കറി വിപണിയില്‍ പലയിടത്തും പല രീതിയിലാണ് വില. കടുത്ത ചൂടില്‍ പച്ചക്കറിത്തോട്ടങ്ങളിലേക്കുള്ള ജലസേചനം നിലച്ചതാണ് വില കൂടാന്‍ കാരണമെന്ന് പച്ചക്കറി വ്യാപാരികള്‍ പറയുന്നത്.
കേരളത്തിലേക്ക് പച്ചക്കറികൾ എത്തുന്നത് തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ്. ഇവിടെയുള്ള ജലക്ഷാമവും ഉത്പാദനക്കുറവും ഇന്ധനവിലയിലെ വർധനയും വിലകൂട്ടാൻ ഉത്പാദകരെയും പ്രേരിപ്പിക്കുന്നുണ്ട്. ചെറുകിട വിപണിയില്‍ ഒരു കിലോഗ്രാം പാവയ്ക്കക്ക് വില അറുപത് രൂപ വരെ എത്തി. തക്കാളിക്ക് 45 ഉം വെണ്ടയ്ക്ക, മുരിങ്ങ എന്നിവയ്ക്ക് 50 രൂപയുമാണ് വില.
ബീൻസിന്റെ വില കുതിച്ചുയർന്ന കിലോഗ്രാമിന് നൂറു രൂപയിലെത്തി. പച്ചമുളകിന്റെ വിലയും എരിയിക്കും. തമിഴ്നാട്ടിൽ നിന്നെത്തുന്ന പച്ചമുളകിന്റെ വില എഴുപതു രൂപ. ബീറ്റ്റൂട്ടിന്റെ വില പലയിടത്തും അന്‍പതു കഴിഞ്ഞു. വലിയ ഉള്ളിക്ക് 29 മുതല്‍ 36 വരെ രൂപയാണെങ്കില്‍ ചെറിയഉള്ളിക്ക് 55 രൂപ നൽകണം.
കോഴിയിറച്ചി വിലയും നിയന്ത്രണമില്ലാതെ കുതിക്കുകയാണ്.
ഒരാഴ്ചക്കിടെ മാത്രം കിലോയ്ക്ക് 40 മുതല്‍ 50 രൂപയുടെ വരെ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ പലയിടങ്ങളിലും ചില്ലറ വില്പന വില ഇരുന്നൂറിനടുത്തെത്തി. മീനിനും പൊള്ളുന്ന വിലയാണ്. ലഭ്യതക്കനുസരിച്ചാണ് മീൻവിലയെങ്കിലും മത്തിക്ക് കഴിഞ്ഞ ദിവസം ഒരു കിലോയുടെ വില 150 വരെ എത്തിയിരുന്നു.
വിവിധ ഇനം ധാന്യങ്ങള്‍, ഭക്ഷ്യഎണ്ണ, പഞ്ചസാര, തേയില, വിവിധയിനം പയറുപരിപ്പ് വര്‍ഗങ്ങള്‍ എന്നിവയുടെ വിലയും വൈകാതെ ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഡീസല്‍ വിലയിലുണ്ടായ കുതിപ്പു കാരണം അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലോറി വാടകയും കൂടിയിട്ടുണ്ട്. ഇതാണ് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനിടയാക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.