National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ സർവീസുകൾ റദ്ദാക്കിയ നടപടി തുടരുമെന്ന് ഇൻഡിഗോ. മാർച്ച് ഏഴുവരെയുള്ള ബുക്കിംഗുകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസം 760 സർവീസുകളാണ് ഇന്ത്യൻ വിമാന കമ്പനികൾ റദ്ദാക്കിയത്.
ഡൽഹിയിൽ ഇന്ന് റദ്ദാക്കിയത് 87 വിമാന സർവീസുകൾ ആണ്. ഡൽഹിയിൽ നിന്ന് പുറപ്പെടാനിരുന്ന 37 സർവീസുകളും എത്തിച്ചേരാനുള്ള 50 സർവീസുകളും ആണ് റദ്ദാക്കിയത്. മൂന്നാം ദിനവും അന്താരാഷ്ട്ര സർവീസുകൾ പ്രതിസന്ധി നേരിടുന്നു എന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
അതേസമയം അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ ഇറാനിൽ 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി വ്യക്തമാക്കി.
Business
കൊച്ചി: ആക്സിസ് ബാങ്കും ഇന്‍ഡിഗോയും ചേര്‍ന്ന് ഇന്‍ഡിഗോ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡും ഇന്‍ഡിഗോ ആക്സിസ് ബാങ്ക് പ്രീമിയം ക്രെഡിറ്റ് കാര്‍ഡും പുറത്തിറക്കി. ഇരു കാര്‍ഡുകളിലെയും അര്‍ഹമായ ഇടപാടുകള്‍ക്ക് ഇന്‍ഡിഗോയുടെ ലോയല്‍റ്റി പരിപാടിയായ ഇന്‍ഡിഗോ ബ്ലൂചിപ്പിന് അര്‍ഹത ലഭിക്കും.
റിന്യൂവല്‍ ആനുകൂല്യങ്ങള്‍, മൈല്‍സ്റ്റോണ്‍ ആനുകൂല്യങ്ങള്‍, ലൈഫ്സ്റ്റൈല്‍ ആനുകൂല്യങ്ങള്‍, കുറഞ്ഞ വിദേശനാണ്യ വിനിമയ നിരക്കുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ടാകും.
National
കോൽക്കത്ത: വിമാനത്തിലെ ശുചിമുറിയിൽ ലിപ്സ്റ്റിക് കൊണ്ട് എഴുതിയ ബോംബ് ഭീഷണി സന്ദേശത്തെത്തുടർന്ന് അസമിലെ ദിബ്രുഗഡിൽ നിന്ന് കോൽക്കത്തയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
ഇൻഡിഗോ 6ഇ6894 (എ-320) എന്ന വിമാനമാണ് താഴെയിറക്കിയത്. വിമാനം കോൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈകുന്നേരം 7:37-ഓടെ സുരക്ഷിതമായി ഇറക്കി. തുടർന്ന് വിമാനത്തെ ഐസൊലേഷൻ ബേയിലേക്ക് മാറ്റി.
വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. വിമാനത്തിനുള്ളിൽ വിശദമായ പരിശോധനകൾ നടത്തി.
കോൽക്കത്ത വിമാനത്താവളത്തിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ബോംബ് ഭീഷണിയാണിത്. രാവിലെ കോൽക്കത്തയിൽ നിന്ന് ഷില്ലോങ്ങിലേക്ക് പോകാനിരുന്ന മറ്റൊരു ഇൻഡിഗോ വിമാനത്തിലും ശുചിമുറിയിൽ കടലാസിൽ എഴുതിയ ബോംബ് ഭീഷണി സന്ദേശം കണ്ടെടുത്തിരുന്നു. ആ വിമാനത്തിലെ യാത്രക്കാരെയും ഉടനടി പുറത്തിറക്കി പരിശോധന നടത്തിയിരുന്നു.
ലിപ്സ്റ്റിക് കൊണ്ടുള്ള സന്ദേശം ആരാണ് എഴുതിയതെന്നും ഇതിന് പിന്നിലെ ലക്ഷ്യമെന്തെന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലും വിമാനങ്ങളിലും സുരക്ഷാ പരിശോധനകൾ കർശനമാക്കി.
National
മുംബൈ: മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
അപകടത്തെ തുടർന്ന് രണ്ട് വിമാനങ്ങളും സാങ്കേതിക പരിശോധനകൾക്കായി മാറ്റി. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
കോയമ്പത്തൂരിലേക്ക് പോകാൻ പറന്നുയരുന്നതിന് മുന്നോടിയായി ടാക്സിവേയിൽ കാത്തുകിടന്ന എയർ ഇന്ത്യ വിമാനത്തിന്റെയും സമാന്തര റൺവേയിൽ ലാൻഡ് ചെയ്ത ഹൈദരാബാദിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിന്റെയും ചിറകുകളാണ് കൂട്ടിമുട്ടിയത്. എയർബസ് എ-320 വിമാനങ്ങളാണ് സംഭവത്തിലുൾപ്പെട്ട രണ്ട് വിമാനങ്ങളും.
National
ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ന്യൂഡൽഹി - പൂനെ 6E 2608 ഫ്ലൈറ്റിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.
8.40ന് എത്തേണ്ട ഫ്ലൈറ്റ് 9.24നാണ് പൂനെയിൽ ലാൻഡ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്തിയില്ല. ബിടിഎസി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയെന്ന് അധികൃതർ അറിയിച്ചു.
National
ന്യൂഡൽഹി: വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയ സംഭവത്തിൽ ഇൻഡിഗോയ്ക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. 2025 ഡിസംബറില്‍ ആയിരുന്നു രാജ്യത്ത് വ്യാപകമായി ഇൻഡിഗോ വിമാന സർവീസുകൾ തടസപ്പെട്ടത്.
ഇൻഡിഗോയ്ക്കെതിരെ ഗുരുതരമായ ആസൂത്രണ, പ്രവർത്തന, നിയന്ത്രണ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡിജിസിഎ 22.20 കോടി രൂപ പിഴ ചുമത്തുകയും മാനേജ്മെന്റിനെതിരെ കർശനമായ എൻഫോഴ്സ്മെന്റ് നടപടി സ്വീകരിക്കുകയും ചെയ്തു.
ഡിസംബർ മൂന്നിനും അഞ്ചിനും ഇടയിലാണ് വ്യാപകമായി ഇൻഡിഗോ സർവീസുകൾ റദ്ദാക്കിയത്.ഈ കാലയളവിൽ ഇൻഡിഗോയുടെ 2,507 വിമാന സർവീസുകൾ റദ്ദാക്കുകയും 1,852 വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു.
3,000,00ൽ അധികം യാത്രക്കാരെ സർവീസുകൾ തടസപ്പെട്ടത് ബാധിച്ചിരുന്നു. ഡിജിസിഎയുടെ ഉത്തരവുകൾ ലഭിച്ചതായും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ഇൻഡിഗോയുടെ ഉടമസ്ഥതയിലുള്ള ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് അറിയിച്ചു.
National
മുംബൈ: വിമാനം പുറപ്പെടാൻ വൈകിയതിന് ജീവനക്കാരെ അസഭ്യം പറയുകയും അക്രമാസക്തരാകുകയും ചെയ്ത യാത്രക്കാരെ പോലീസിന് കൈമാറി.
മുംബൈയിൽ നിന്നും തായ്ലൻഡിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് വൈകിയത്. ചെവ്വാഴ്ച പുലർച്ചെ 4:05 പുറപ്പെടേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് 1:21 ആയിരുന്നു പുറപ്പെട്ടത്.
വിമാനം വൈകിയെത്തിയതും ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതും എയർ ട്രാഫിക്കും മൂലമാണ് വിമാനം വൈകിയതെന്ന് യാത്രക്കാരെ അറിയിച്ചുവെങ്കിലും ഇവർ പ്രകോപിതരാകുകയായിരുന്നു.
ജീവനക്കാരോട് അസഭ്യം പറഞ്ഞതിനും വിമാനത്തിന്റെ വാതിലിൽ തൊഴിച്ചതിനും രണ്ട്പേരെ യാത്രയിൽ നിന്നും ഒഴിവാക്കിയതായും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.
National
ബംഗളൂരു: ഈ മാസം ആദ്യം ഇൻഡിഗോ വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് സർക്കാർ പരിശോധിച്ചുവരികയാണെന്ന് വ്യോമയാനമന്ത്രി രാം മോഹൻ നായിഡു.
സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ (ഡിജിസിഎ) നിർദേശംകൂടി പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കും. ഡിജിസിഎ ജോയിന്റ് ഡയറക്ടർ സഞ്ജയ് കെ. ബ്രഹ്മണെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി കഴിഞ്ഞ വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിച്ചു.
ഈ മാസം ആദ്യം ഒരൊറ്റദിവസം മാത്രം 1,600 സർവീസുകൾ ഇൻഡിഗോ റദ്ദാക്കിയിരുന്നു. പിന്നാലെ പല ദിവസങ്ങളിലും നൂറുകണക്കിനു വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. പൈലറ്റുമാർക്ക് വിശ്രമം നൽകുന്നതുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങളാണു വിമാനക്കന്പനിക്കു തിരിച്ചടിയായത്.
National
ന്യൂഡൽഹി: യാത്രാ പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചർ നഷ്ടപരിഹാരം നൽകുമെന്ന് ഇൻഡിഗോ. കമ്പനിയുടെ പ്രതിസന്ധി മൂലം ഡിസംബർ മൂന്ന്, നാല്, അഞ്ച് തീയതികളിൽ റദ്ദാക്കുകയോ ദീർഘനേരം വൈകുകയോ ചെയ്ത വിമാനങ്ങളിലെ യാത്രക്കാർക്കാണ് 10,000 രൂപയുടെ യാത്രാ വൗച്ചർ നൽകുമെന്ന് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്.
വിമാനം റദ്ദാക്കുമ്പോൾ ഡിജിസിഎ ചട്ടപ്രകാരം യാത്രക്കാർക്ക് നൽകേണ്ട നഷ്ടപരിഹാരത്തിനു പുറമേയാണിത്. വരുന്ന 12 മാസത്തിൽ ഏതെങ്കിലും ഇൻഡിഗോ വിമാനയാത്രയ്ക്ക് ഇതുപയോഗിക്കാം. പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കുന്ന വിമാനങ്ങൾക്ക് യാത്രാദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ 5000 രൂപ മുതൽ 10,000 രൂപ വരെ നഷ്ടപരിഹാരം നൽകും.
പ്രവർത്തനം സാധാരണനിലയിലേക്കെത്തിയെന്നും സമയകൃത്യത തിരിച്ചെത്തിയെന്നും ഇൻഡിഗോ അറിയിച്ചു. അടിയന്തര കാരണങ്ങളാലല്ലാതെ യാത്രാദിനത്തിലുള്ള വിമാന റദ്ദാക്കലുകൾ നടത്തുന്നില്ല. സർവീസുകളുടെ എണ്ണം ദിനംപ്രതി മെച്ചപ്പെടുകയാണെന്നും 138 ലക്ഷ്യസ്ഥാനങ്ങളിലേക്കും വിമാന സർവീസ് നടത്തുന്നുണ്ടെന്നും ഇൻഡിഗോ അറിയിച്ചു. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനോട് വെള്ളിയാഴ്ചയും ഹാജരാകാൻ ഡിജിസിഎ നിർദേശിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഇൻഡിഗോയുടെ ഗുരുഗ്രാമിലെ ആസ്ഥാനത്തുനിന്ന് കന്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെയും റീഫണ്ടുകളുടെയും മറ്റു പ്രക്രിയകളുടെയും നിരീക്ഷണം ആരംഭിച്ച് വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).
വിമാനക്കന്പനിയുടെ നിലവിലെ സ്ഥിതിയെപ്പറ്റിയും ക്രൂ വിന്യാസത്തെപ്പറ്റിയും ജീവനക്കാരുടെ കുറവു മൂലം ബാധിക്കപ്പെട്ട റൂട്ടുകളെപ്പറ്റിയും ഇൻഡിഗോ ആസ്ഥാനത്ത് ഡിജിസിഎ നിയോഗിച്ചിരിക്കുന്ന അധികൃതർ റിപ്പോർട്ട് നൽകും. ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി മറികടക്കാനും ഇൻഡിഗോയുടെ മേൽനോട്ടത്തിനുമായി കഴിഞ്ഞദിവസം ഡിജിസിഎ എട്ടംഗ സമിതിയെ നിയോഗിച്ചിരുന്നു.
അതിനിടെ, വിമാനസർവീസകളുടെ കൂട്ട റദ്ദാക്കൽ ബാധിക്കപ്പെട്ട യാത്രക്കാർക്കായി ഇൻഡിഗോ 10,000 രൂപയുടെ ട്രാവൽ വൗച്ചറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈമാസം മൂന്നിനും അഞ്ചിനുമിടയിലെ സർവീസ് റദ്ദാക്കലുകൾക്കിടയിൽ നീണ്ട മണിക്കൂറുകൾ കുടുങ്ങിപ്പോയ യാത്രക്കാർക്കാണ് വൗച്ചറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
ഏത് ഇൻഡിഗോ യാത്രയ്ക്കുവേണ്ടിയും അടുത്ത 12 മാസത്തിനുള്ളിൽ വൗച്ചറുകൾ ഉപയോഗിക്കാമെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനയാത്ര റദ്ദാക്കപ്പെട്ടതിന് ഇൻഡിഗോ പ്രഖ്യാപിച്ച റീഫണ്ടുകൾക്കു പുറമെയാണ് ഈ വൗച്ചറുകൾ.
അതിനിടെ, രാജ്യവ്യാപകമായി വിമാനയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ പ്രതിസന്ധിയിൽ കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു ഇൻഡിഗോയുടെ ആഭ്യന്തരവീഴ്ചകളെ വീണ്ടും കുറ്റപ്പെടുത്തി.
പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ ചട്ടപ്രകാരം ക്രൂവിനെ വിന്യസിക്കാൻ ഇൻഡിഗോ പരാജയപ്പെട്ടതിന്റെ നേരിട്ടുള്ള പ്രത്യാഘാതം മൂലമാണ് പ്രതിസന്ധിയുണ്ടായതെന്നും ഇത് ഇൻഡിഗോയുടെ കടുത്ത കെടുകാര്യസ്ഥതയാണെന്നും നായിഡു പറഞ്ഞു. പ്രവർത്തനങ്ങൾ സാധാരണനിലയിലായെന്ന് ഇൻഡിഗോ അവകാശപ്പെടുന്പോഴും ഇന്നലെയും നൂറിലധികം സർവീസുകൾ റദ്ദാക്കി.
National
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഉത്തരവിനെ തന്ത്രപരമായി മറികടന്ന് സ്വകാര്യ വിമാനക്കന്പനികൾ യാത്രക്കാരിൽനിന്നു കൊള്ളനിരക്ക് ഈടാക്കുന്നത് തുടരുന്നു. ഇൻഡിഗോ വിമാനപ്രതിസന്ധിയും ക്രിസ്മസ് സീസണും മുതലെടുത്താണ് കൊള്ള.
നേരിട്ടുള്ള വിമാനസർവീസുകൾക്കു മാത്രമേ സർക്കാരിന്റെ ടിക്കറ്റ് നിരക്കുകളിലെ പരിധി ബാധകമാകൂവെന്നാണ് എയർ ഇന്ത്യ, ഇൻഡിഗോ അടക്കമുള്ള കന്പനികളുടെ നിലപാട്. ആഭ്യന്തരവിമാനങ്ങളിലെ നോണ്‍-സ്റ്റോപ്പ് ഇക്കണോമി ക്ലാസ് ടിക്കറ്റുകളാകട്ടെ ലഭ്യമല്ലാതായി.
ഇതോടെ ഒരു സ്റ്റോപ്പെങ്കിലുമുള്ള സർവീസുകൾക്ക് മുന്പുണ്ടായിരുന്നതിനേക്കാൾ നാലും അഞ്ചും ഇരട്ടിയാണു നിരക്ക് ഈടാക്കുന്നത്. ഇൻഡിഗോ സർവീസുകളുടെ റദ്ദാക്കലിനുപിന്നാലെ കൊച്ചി- ഡൽഹി പോലുള്ള വിമാന ടിക്കറ്റുകൾക്ക് 60,000 രൂപ വരെ ഈടാക്കിയതിൽ മാറ്റം വരുത്തിയിട്ടില്ല.
ഇക്കണോമി ക്ലാസ് നിരക്ക് 7,500 മുതൽ പരമാവധി 18,000 രൂപ വരെയാക്കി നിജപ്പെടുത്തിയത് കഴിഞ്ഞ നാലുമുതലാണ്. ഇതനുസരിച്ച് 1,500 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള വിമാനസർവീസിന് 18,000 രൂപയിൽ കൂടുതൽ ഈടാക്കാനാകില്ല. എന്നാൽ ഫലത്തിൽ 30,000- 40,000 രൂപ നിരക്കിലാണ് ഇന്നലെയും യാത്രക്കാർക്ക് ഡൽഹിയിൽനിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റിനു നൽകേണ്ടിവന്നത്.
ഡിമാൻഡ് ആൻഡ് സപ്ലൈ സംവിധാനം അനുസരിച്ച് ഡിമാൻഡ് കൂടുന്പോൾ നിരക്കുകൾ കുത്തനേ കൂട്ടുകയാണ് വിമാനക്കന്പനികൾ. ഒറ്റ അല്ലെങ്കിൽ രണ്ടു സ്റ്റോപ്പ് വിമാനങ്ങളോ ഇക്കണോമി, പ്രീമിയം ഇക്കണോമി എന്നിവയുടെ സംയോജനമോ മൂന്നാം കക്ഷി പ്ലാറ്റ്ഫോമുകളിൽനിന്നെടുത്ത ബിസിനസ് ടിക്കറ്റുകൾക്കോ ആണ് വലിയ തുക ഈടാക്കിയതിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നാണ് എയർ ഇന്ത്യ പറയുന്നത്. അത്തരം എല്ലാ ക്രമമാറ്റങ്ങൾക്കും പരിധി നിശ്ചയിക്കാനാകില്ലെന്നും എയർ ഇന്ത്യ അവകാശപ്പെട്ടു.
ഇന്നലെ രാത്രി ഏഴിനു ഡൽഹിയിൽനിന്ന് കൊച്ചിയിലേക്കുള്ള വണ്‍ സ്റ്റോപ്പ് എയർ ഇന്ത്യ ഇക്കണോമി ക്ലാസ് ടിക്കറ്റിന് 26,357 രൂപയായിരുന്നു നിരക്ക്. യാത്രക്കാരെ ചൂഷണം ചെയ്യുന്നതു തടയുമെന്ന് അവകാശപ്പെട്ട കേന്ദ്രസർക്കാരാകട്ടെ എല്ലാം കണ്ടില്ലെന്നു നടിക്കുകയാണ്. ഒരു വർഷത്തിലേറെയായി 5,000 മുതൽ 8,000 രൂപ വരെ ഈടാക്കിയിരുന്ന ഡൽഹി- കൊച്ചി വിമാന ടിക്കറ്റിന് ഒറ്റയടിക്ക് 18,000 രൂപവരെ നിരക്ക് ഈടാക്കാൻ അനുവദിച്ച സർക്കാർ നടപടിയും ദുരൂഹമാണ്.
എയർ ഇന്ത്യകൂടി ടാറ്റ കന്പനിക്കു വിറ്റു സ്വകാര്യവത്കരിച്ചതോടെ സർക്കാരും യാത്രക്കാരെ കൈവിട്ടു. രാജ്യത്തെ ആഭ്യന്തരസർവീസുകളുടെ 60 ശതമാനത്തിലേറെ ഇൻഡിഗോയും 35 ശതമാനത്തോളം എയർ ഇന്ത്യയും കൈയടക്കിയതോടെ മത്സരം ഫലത്തിൽ ഇല്ലാതായി. കേന്ദ്രസർക്കാരിന്റെ പൂർണ ഒത്താശയോടെയാണ് ചെറുകിട കന്പനികളെ വിഴുങ്ങിയും അപ്രസക്തമാക്കിയും ഇൻഡിഗോയും എയർ ഇന്ത്യയും കുത്തക നേടിയതെന്ന് പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി.
ഇൻഡിഗോയുടെ കള്ളക്കളിയാണ് രാജ്യത്ത് ആയിരങ്ങളെ ബാധിച്ച വിമാനയാത്രാ പ്രതിസന്ധിയിലേക്കു നയിച്ചതെന്ന റിപ്പോർട്ടുകൾക്കിടെയാണ് നിരക്കിലെ പകൽക്കൊള്ള തുടരുന്നത്. അയ്യായിരത്തോളം ആഭ്യന്തര സർവീസുകൾ റദ്ദാക്കിയപ്പോൾ, വിദേശസർവീസുകളിൽ മഹാഭൂരിപക്ഷവും തടസമില്ലാതെ ഇൻഡിഗോ നടത്തിയത് ദുരൂഹമാണ്.
National
ന്യൂഡൽഹി: വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് പ്രതിസന്ധിയിലായ യാത്രക്കാർക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന സർവീസ് പ്രതിസന്ധികളിൽ വലഞ്ഞ യാത്രക്കാര്‍ക്കാണ് ആശ്വാസ പ്രഖ്യാപനം.
ബുദ്ധിമുട്ടനുഭവിച്ച യാത്രക്കാർക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ സൗജന്യമായി നൽകുമെന്നാണ് ഇൻഡിഗോ എയർലൈൻസിന്റെ പ്രഖ്യാപനം. യാത്രാ വൗച്ചറുകൾ ഡിസംബർ 3 മുതൽ 5 വരെ യാത്ര ചെയ്തവർക്ക് മാത്രമായിരിക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചിട്ടുണ്ട്.
കോക്ക്പിറ്റ് ജീവനക്കാരുടെ കുറവ് കാരണം പ്രതിസന്ധി ഉണ്ടായതായി കമ്പനി വ്യക്തമാക്കി. ബുദ്ധിമുട്ടനുഭവിച്ച ഉപഭോക്താക്കൾക്ക് യാത്രാ വൗച്ചറുകൾ നൽകുമെന്നും ഈ വൗച്ചറുകൾ അടുത്ത 12 മാസത്തേക്ക് ഇൻഡിഗോയുടെ ഏത് യാത്രയ്ക്കും ഉപയോഗിക്കാവുന്നതാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ തടസപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി. സർവീസുകളുടെ പ്രതിസന്ധി രൂക്ഷമാകും വരെ കേന്ദ്രസർക്കാർ ഇടപെടാൻ വൈകിയതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.
വിമാന സർവീസുകളുടെ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കില്ലേ എന്നും കോടതി ആരാഞ്ഞു. മറ്റ് വിമാന സർവീസുകൾക്ക് 40,000 രൂപ വരെ ടിക്കറ്റ് നിരക്ക് ഈടാക്കിയതെങ്ങനെയെന്നും കോടതി ചോദിച്ചു.
യാത്രക്കാർക്ക് പണം തിരിച്ചു നൽകുന്ന നടപടി കാര്യക്ഷമമാക്കണമെന്നും നഷ്ടപരിഹാരത്തിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇടപെടണമെന്നും കോടതി അറിയിച്ചു. സർവീസുകളുടെ പ്രതിസന്ധിയിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണങ്ങൾ.
National
ന്യൂഡൽഹി: എത്ര വലിയ വിമാനക്കന്പനിയാണെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചാൽ അത് അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ലോക്സഭയിൽ നടത്തിയ പ്രസ്താവനയിലാണ് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്. വിമാനസർവീസുകൾ അപ്രതീക്ഷിതമായി റദ്ദാക്കി രാജ്യത്തുടനീളം യാത്രക്കാർക്ക് ദുരിതം വിതച്ച ഇൻഡിഗോയ്ക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇതിനകം ഇൻഡിഗോയ്ക്കു നോട്ടീസ് അയച്ചിട്ടുണ്ട്. ജീവനക്കാരുടെ ജോലിസമയം സംബന്ധിച്ച കേന്ദ്രസർക്കാർ നിർദേശം നടപ്പാക്കാൻ പരാജയപ്പെട്ടതിൽ എയർലൈൻ പൂർണമായും ഉത്തരവാദിയാണ്. ഇതുസംബന്ധിച്ച നിർദേശം സർക്കാർ മുൻകൂട്ടി വിമാനക്കന്പനിക്കു നൽകിയതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇൻഡിഗോ വിമാനസർവീസുകൾ സ്ഥിരത കൈവരിക്കുന്നതായി സഭയെ അറിയിച്ച കേന്ദ്രമന്ത്രി, വിമാനത്താവളങ്ങൾ സാധാരണ നിലയിലേക്ക് എത്തുന്നതായും വ്യക്തമാക്കി. റീഫണ്ട് നൽകാൻ നിർദേശിച്ചതിനെത്തുടർന്ന് 750 കോടിയിലധികം രൂപ യാത്രക്കാരിലേക്ക് എത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
റീഫണ്ട്, ബാഗേജ് ട്രെയ്സിംഗ്, യാത്രക്കാരെ പിന്തുണയ്ക്കുന്നതിനുള്ള നടപടികൾ എന്നിവ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണു നടക്കുന്നത്. ഡിജിസിഎ കാരണംകാണിക്കൽ നോട്ടീസ് നൽകിയതുൾപ്പെടെ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കന്പനിക്കെതിരേ ഉചിതമായ നടപടിയുണ്ടാകുമെന്നും റാം മോഹൻ നായിഡു ഉറപ്പ് നൽകി.
രാജ്യത്തു പുതിയ വിമാനക്കന്പനികൾ ആരംഭിക്കുന്നതിനെ കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നതായും നായിഡു വ്യക്തമാക്കി. അതേസമയം, ഇൻഡിഗോ പ്രതിസന്ധിമൂലം യാത്രക്കാർ നേരിട്ട ദുരിതത്തിനു കാരണം കേന്ദ്രസർക്കാർ കുത്തകകളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംപിമാർ ലോക്സഭയിൽനിന്ന് ഇറങ്ങിപ്പോയി.
National
ന്യൂഡൽഹി: ഇൻഡിഗോയുടെ പത്ത് ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം. മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ഇൻഡിഗോയ്ക്ക് നിർദേശം നൽകിയെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു.
ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സൺ മന്ത്രിയുടെ മുന്നിൽ കൈകൂപ്പുന്ന ചിത്രം അടക്കം കേന്ദ്രമന്ത്രി പങ്കുവച്ചു. സിഇഒയെ ഇന്നും മന്ത്രി വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.
അമിത നിരക്ക് വർദ്ധന തടയണം എന്നതടക്കമുള്ള നിർദേശങ്ങളില്‍ ഒരിളവും ഇൻഡിഗോയ്ക്ക് നൽകില്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെ മുൾമുനയിൽ നിറുത്തി പൈലറ്റുമാരുടെ വിശ്രമ സമയത്തിനുള്ള ചട്ടങ്ങളിൽ അടക്കം ഇളവ് വാങ്ങിയെടുത്ത ഇൻഡിഗോയ്ക്കെതിരെ കർശന നടപടിയാണ് വ്യോമയാനമന്ത്രാലയം എടുക്കുന്നത്.
ഇന്ത്യയ്ക്കകത്തെ അറുപത് ശതമാനം റൂട്ടുകളിൽ ഇൻഡിഗോ മാത്രം സർവ്വീസ് നടത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് മറികടക്കാനാണ് പത്തു ശതമാനം സർവീസുകൾ മറ്റു വിമാനങ്ങൾക്ക് കൈമാറാനുള്ള സർക്കാർ നീക്കം.
മര്യാദയ്ക്ക് സർവീസ് നടത്തികൊണ്ടു പോകാൻ ഇൻഡിഗോയ്ക്ക് കഴിയുന്നില്ലെന്ന് വ്യോമയാനമന്ത്രാലയം നല്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. നവംബറിൽ സർക്കാർ അംഗീകരിച്ച സർവീസുകൾ മുഴുവൻ നടത്താൻ ഇൻഡിഗോയ്ക്കായില്ലെന്നും ഉത്തരവ് പറയുന്നു. യാത്രക്കാരെ പ്രതിസന്ധിയിലാക്കാൻ ആരെയും അനുവദിക്കില്ലെന്ന് രാം മോഹൻ നായിഡു വ്യക്തമാക്കി.
National
ന്യൂഡൽഹി: രാജ്യത്തെ വിമാനയാത്രക്കാരെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഇൻഡിഗോ വിമാന സർവീസുകളുടെ കൂട്ട റദ്ദാക്കൽ ഒരാഴ്ച പിന്നിട്ടു.
കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇന്നലെവരെ 4500ലധികം സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ഡിജിസിഎയുടെ പുതുക്കിയ ചട്ടങ്ങൾ പിൻവലിച്ചതിനാൽ പ്രതിദിനം പ്രവർത്തിപ്പിക്കുന്ന സർവീസുകളുടെ എണ്ണം ഇൻഡിഗോ വർധിപ്പിച്ചെങ്കിലും ഇന്നലെയും രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽനിന്ന് അഞ്ഞൂറിലധികം സർവീസുകൾ റദ്ദാക്കപ്പെട്ടു.
പ്രതിസന്ധി തുടങ്ങിയതു മുതലുള്ള ഏഴുദിവസം വരെ 5.5 ലക്ഷം ഇൻഡിഗോ ടിക്കറ്റുകളാണ് റദ്ദ് ചെയ്യപ്പെട്ടത്. റദ്ദാക്കലുകൾ ബാധിച്ച യാത്രക്കാർക്ക് ഇതുവരെ റീഫണ്ട് ഇനത്തിൽ 827 കോടി രൂപ നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. 9000 ബാഗുകളിൽ 4500 ബാഗുകൾ യാത്രക്കാർക്ക് കൈമാറിയിട്ടുണ്ട്. ശേഷിക്കുന്ന ബാഗുകൾ 24 മണിക്കൂറിനുള്ളിൽ കൈമാറുമെന്നു കേന്ദ്രം അറിയിച്ചു.
ഇൻഡിഗോയെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി
അതിനിടെ വിമാനങ്ങൾ കൂട്ടമായി റദ്ദ് ചെയ്യപ്പെടുന്നതിൽ ഇൻഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹൻ നായിഡു കുറ്റപ്പെടുത്തി. വിമാനങ്ങളുടെ കൂട്ട റദ്ദാക്കലിനെ സംബന്ധിച്ചു രാജ്യസഭയിൽ ഉയർന്നൊരു ചോദ്യത്തിനു ഇൻഡിഗോയുടെ ഫ്ലൈറ്റ് ക്രൂവിനു ഡ്യൂട്ടി അനുവദിക്കുന്നതിലും ആഭ്യന്തര സംവിധാനത്തിലും പ്രശ്നങ്ങളുണ്ടായതു മൂലം ഉടലെടുത്ത പ്രതിസന്ധി എന്നാണ് കേന്ദ്രമന്ത്രി വിശേഷിപ്പിച്ചത്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വ്യോമയാനരംഗത്ത് കൂടുതൽ കന്പനികൾ കടന്നുവരേണ്ടതിന്റെ ആവശ്യകതയും നായിഡു ചൂണ്ടിക്കാട്ടി.
അതിനിടെ ഫ്ലൈറ്റ് റദ്ദാക്കലുകളിൽ അന്വേഷണം നടത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിയോഗിച്ച നാലംഗ അന്വേഷണസമിതി ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനെയും സിഒഒ ഇസിദ്രെ പോർക്വുറാസിനെയും നാളെ ചോദ്യം ചെയ്യാൻ വിളിച്ചേക്കും. സംഭവത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ടു ജോണ്‍ ബ്രിട്ടാസ് എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചിട്ടുണ്ട്. വിഷയത്തിൽ ജുഡീഷൽ ഇടപെടൽ ആവശ്യപ്പെട്ടു ഡൽഹി ഹൈക്കോടതിക്കു മുന്‍പാകെ എത്തിയ പൊതുതാത്പര്യ ഹർജി നാളെ പരിഗണിക്കും.
Business
നെടുമ്പാശേരി: താളംതെറ്റിക്കൊണ്ടിരിക്കുന്ന ഇൻഡിഗോ വിമാന സർവീസുകൾ കഴിഞ്ഞ ഒരാഴ്ചയായി നെടുമ്പാശേരിയിൽ യാത്രക്കാരെ വലയ്ക്കുന്നു.
ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത് ശബരിമല തീർഥാടകരാണ്. യാത്രക്കാർക്ക് മുൻകൂട്ടി വിവരങ്ങൾ ലഭിക്കുന്നില്ലെന്നതാണു പ്രധാന പരാതി . ബദൽ സംവിധാനത്തെ സംബന്ധിച്ച് ഉറപ്പും ലഭിക്കുന്നില്ല .
പല വിമാനങ്ങളും എട്ടുമുതൽ 15 വരെ മണിക്കൂർ വരെ വൈകിയാണ് എത്തുന്നത്. നൂറുകണക്കിന് യാത്രക്കാർ വിമാനത്താവളത്തിൽ തങ്ങുന്നുണ്ട്.
ഒരോ ദിവസവും നാളെമുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് യാത്രക്കാർക്ക് ആവർത്തിച്ചുലഭിക്കുന്ന മറുപടി. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വർ, പൂന, ജയ്പുർ, ലക്നോ, പാറ്റ്ന, റായ്പുർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്.
Business
മുംബൈ: ആയിരക്കണക്കിനു സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന് പ്രതിസന്ധിയിലായ ഇൻഡിഗോ എയർലൈൻസിന്റെ ഓഹരികൾ ഇന്നലെ കനത്ത തകർച്ച നേരിട്ടു.
ഇൻഡിഗോ എയർലൈൻസിന്റെ ഓപ്പറേറ്റർമാരായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ ഓഹരികൾ ഇന്നലെ എട്ടു ശതമാനത്തിലധികം ഇടിഞ്ഞ്് 4923.50 രൂപയിലാണ് ക്ലോസ് ചെയ്തത്.
ഇന്റർഗ്ലോബ് ഏവിയേഷന്റെ ഓഹരി ഏഴാമത്തെ വ്യാപാര ദിനത്തിലും നഷ്ടം നേരിട്ടു. വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതായിരുന്നു പ്രതിസന്ധിയുടെ തുടക്കം. ആറ് ദിവസംകൊണ്ട് ഇന്റർഗ്ലോബിന്റെ ഓഹരികളിൽ 16.4 ശതമാനത്തോളം നഷ്ടമാണുണ്ടായത്; നിക്ഷേപകർക്ക് 37,000 കോടി രൂപയുടെ നഷ്ടം.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കാരണം കാണിക്കൽ നോട്ടീസ് നൽകിയതും സർവീസുകൾ തുടർന്നും വൈകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വ്യവസ്ഥകൾ പ്രകാരം ഡ്യൂട്ടി സമയത്തോടൊപ്പം ജീവനക്കാരെയും ക്രമീകരിക്കുന്നതിൽ സംഭവിച്ച പിഴവുകളാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഡിജിസിഎ ചൂണ്ടിക്കാണിച്ചിരുന്നു.
Kerala
കണ്ണൂര്‍: ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി. ജയരാജന്.
അന്നേ തനിക്ക് അറിയാമായിരുന്നു. ഇത് നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ല. ഇതിന്റെ മാനേജ്മെന്റ് തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും ഇ.പി. ജയരാജന് വിമര്‍ശിച്ചു.
ഇന്‍ഡിഗോയുമായുള്ള തന്റെ പ്രശ്നം അവസാനിച്ചിട്ടില്ല. ഇന്‍ഡിഗോ വിമാനക്കമ്പനി തെറ്റ് തിരുത്തണം. കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലുള്ള ചില നേതാക്കള്‍ ഇന്‍ഡിഗോ മാനേജ്മെന്റുമായി യോജിച്ച് കൊണ്ടാണ് എന്നെ ഉപരോധിക്കുന്ന തീരുമാനം എടുത്തത്.
അന്നത്തെ നില വച്ച് ഞാന്‍ ഒരു തീരുമാനമെടുത്തു. ഞാന്‍ പിന്നെ കുറെ നാളത്തേയ്ക്ക് ഇന്‍ഡിഗോയില്‍ കയറിയില്ല. പക്ഷേ സീതാറാം യെച്ചൂരി മരിച്ചു. അപ്പോള്‍ എന്റെ പ്രശ്നം ബഹിഷ്കരണം അല്ല. എത്രയും പെട്ടെന്ന് യെച്ചൂരിയുടെ മൃതശരീരം കിടക്കുന്ന എകെജി ഭവനില്‍ എത്തണമെന്നായിരുന്നു. അതുകൊണ്ട് ഞാന്‍ ഒന്നും നോക്കിയില്ല. കോഴിക്കോട് പോയി. അപ്പോള്‍ അവിടെ ഇന്‍ഡിഗോ മാത്രമേയുള്ളൂ. ഞാന്‍ അതില്‍ കയറി പോയി.- ഇ.പി. ജയരാജന് പറഞ്ഞു.
ബിജെപി സര്‍ക്കാരാണ് ഇതിന് മറുപടി പറയേണ്ടത്. എത്രയാണ് നിരക്ക് വാങ്ങുന്നത്. അംഗീകൃത ഫെയറിന്റെ ഇരട്ടിയാണ് വാങ്ങുന്നത്. 75000 രൂപയാണ് ഡല്‍ഹിയിലേക്ക് എങ്കില്‍ എത്രയാണ് അവര്‍ വാങ്ങുന്നത്.
സീസണ് വച്ച് കൊയ്ത്തല്ലേ. ഇത് നോക്കാനും പറയാനും ഒരു കേന്ദ്ര സര്‍ക്കാര്‍ ഉണ്ടായിരുന്നോ?. വ്യോമയാന മന്ത്രാലയം ഉണ്ടായിരുന്നോ?. അതിന് ഒരു വകുപ്പ് മന്ത്രി ഉണ്ടായിരുന്നോ?. ഇപ്പോഴും വിമാന സര്‍വീസുകള്‍ കൊയ്ത്ത് നടത്തുകയല്ലേ?. കമ്പനികള്‍ പണം ഉണ്ടാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്നുണ്ടോ?. ഞങ്ങള്‍ക്ക് ഇടപെടാന്‍ പറ്റിയിരുന്നുവെങ്കില്‍ ഇതിനകം ഇടപെട്ടിട്ടുണ്ടാകും.
അവരുമായുള്ള പ്രശ്നം തീര്‍ന്നിട്ടില്ല. അന്ന് പറഞ്ഞത് അവസാനിക്കുന്നില്ലല്ലോ?. അവര്‍ ചെയ്തത് തെറ്റല്ലേ. മുഖ്യമന്ത്രിയെ കൈയേറ്റം ചെയ്യാന്‍ പോയ ആളുകളെക്കാളും അതിനെ പ്രതിരോധിച്ച എനിക്ക് ശിക്ഷ. അവരുടെ നിലപാട് എന്തായിരുന്നു?.
ശരിക്കും എനിക്ക് അവാര്‍ഡ് തരേണ്ടതായിരുന്നു. എന്നാല്‍ അവര്‍ കുറ്റവാളികളെ സംരക്ഷിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലുള്ള എംപിയാണ് ഇടപെട്ടത്. ബിജെപി സര്‍ക്കാരിന്റെ വ്യോമയാന വകുപ്പുമായി ചേര്‍ന്നാണ് അത് ചെയ്തത്.
ഇന്‍ഡിഗോ, നിങ്ങള്‍ നന്നാവൂ. ജീവനക്കാര്‍ക്ക് ശമ്പളമെല്ലാം കൊടുത്ത് യാത്രക്കാരെ യജമാനന്മാരായി കണ്ട് നന്നായി പ്രവര്‍ത്തിക്കുക. തെറ്റായ പ്രവണതകള്‍ തിരുത്തി മാനേജ്മെന്റ് മുന്നോട്ടുപോകൂ- ഇ.പി. ജയരാജന് പറഞ്ഞു.
District News
കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ ഇൻഡിഗോ വിമാന സർവീസ് നാലുദിവസമായി താളം തെറ്റിയിരിക്കുന്ന സാഹചര്യത്തില്‍ ചാര്‍ട്ടേഡ് വിമാന സർവീസിന് അനുമതി നൽകണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ ആവശ്യപ്പെട്ടു.
ആഭ്യന്തര യാത്രക്കാരുടെ ദുരിതം ലഘൂകരിക്കാൻ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചു പ്രത്യേക പ്രീമിയം എസി ട്രെയിനുകള്‍ ( ജനശതാബ്ദി, വന്ദേ ഭാരത്, ഗതിമാൻ ) റെയിൽവേ ആരംഭിക്കണം. ഈ സന്ദർഭം മുതലെടുത്ത് മറ്റു വിമാന കമ്പനികൾ യാത്രക്കാരെ കൊള്ളയടിക്കുകയാണ്.ക്രിസ്മസ്- നവവത്സര അവധിവേളകളിൽ നാട്ടിൽ വന്നു പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തവർ കടുത്ത ആശങ്കയിലാണ്.
അടിയന്തര പരിഹാരത്തിന് കോവിഡ് കാലത്ത് ചാര്‍ട്ടേഡ് വിമാനയാത്രാ സൗകര്യം ഏർപ്പെടുത്തിയ മാതൃകയിൽ വിമാന കമ്പനികൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: റദ്ദാക്കപ്പെട്ട ഇൻഡിഗോ വിമാനങ്ങൾക്കുള്ള ടിക്കറ്റ് റീഫണ്ടുകൾ ഇന്നു രാത്രി എട്ടിനകം പൂർണമായി നൽകണമെന്ന് വ്യോമയാന മന്ത്രാലയം നിർദേശിച്ചു. യാത്രക്കാരിൽനിന്നു വേർതിരിക്കപ്പെട്ട ബാഗേജുകൾ 48 മണിക്കൂറിനുള്ളിൽ തിരികെ നൽകണം.
റദ്ദാക്കലുകൾ ബാധിക്കപ്പെട്ടവരിൽനിന്ന് റീഷെഡ്യൂളിംഗ് ചാർജ് ഈടാക്കരുതെന്നും പ്രതിസന്ധി നേരിടാൻ പാസഞ്ചർ സപ്പോർട്ടും റീഫണ്ടിംഗ് സാധ്യമാക്കുന്നതിനു സഹായിക്കുന്ന സെല്ലുകളും പ്രവർത്തിപ്പിച്ചു തുടങ്ങാനും ഇൻഡിഗോയ്ക്ക് നിർദേശം നൽകി.
National
ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട സാങ്കേതിക പ്രശ്നങ്ങൾക്ക് പിന്നാലെ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് നീങ്ങുന്നു എന്ന് ഇന്‍ഡിഗോ.
നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റിയുടെ 95 ശതമാനവും പുനഃസ്ഥാപിച്ചെന്നും ശനിയാഴ്ച 138 ഇടങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന 135 സര്‍വീസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.
പ്രതിസന്ധിയുടെ അഞ്ചാം ദിവസമായ ഇന്ന് നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഇതോടെ ബംഗളൂരു, മുംബൈ വിമാനത്താവളങ്ങള്‍ക്ക് പുറത്ത് യാത്രക്കാര്‍ തടിച്ചു കൂടി.
ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍ഡിഗോ അധികൃതരെ വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു.
ഇന്‍ഡിഗോയ്ക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കിയിരുന്നു. ഇന്‍ഡിഗോ ടിക്കറ്റ് കാന്‍സലേഷനുകളുമായി ബന്ധപ്പെട്ട എല്ലാ റീഫണ്ടും ഞായറാഴ്ച രാത്രി എട്ടിനു മുന്‍പായി യാത്രക്കാര്‍ക്ക് നല്‍കണമെന്നു കേന്ദ്രം ഉത്തരവിട്ടു.
റീഷെഡ്യൂളിംഗ് ചാര്‍ജുകള്‍ ഈടാക്കാന്‍ പാടില്ല. റീഫണ്ടില്‍ കാലതാമസം വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും. നവംബര്‍ ഒന്നിനു പ്രാബല്യത്തിലായ പൈലറ്റ് ഡ്യൂട്ടി ചട്ടത്തിലെ ചില വ്യവസ്ഥകളില്‍ 2026 ഫെബ്രുവരി 10 വരെ ഇന്‍ഡിഗോയ്ക്ക് ഇളവു നല്‍കുകയും ചെയ്തിട്ടുണ്ട്.
National
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി സര്‍വീസുകള്‍ താളംതെറ്റിയതിനു ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേര്‍സിനെ നീക്കം ചെയ്യുമെന്ന് സൂചന. ഇന്‍ഡിഗോ ഉന്നത ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് വൈകിട്ട് നേരിട്ട് ഹാജരാകാനാണ് ഉത്തരവ്. എയര്‍ലൈനെതിരെ അപൂര്‍വമായ നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നാണ് സൂചന. കമ്പനിക്ക് കനത്ത പിഴ ചുമത്താനും സാധ്യതയുണ്ട്.
പ്രതിസന്ധിക്ക് അയവുണ്ടാകുമെന്ന് പ്രഖ്യാപനമുണ്ടായിട്ടും ഇന്നും ഇന്‍ഡിഗോ സര്‍വീസുകള്‍ വ്യാപകമായി റദ്ദാക്കപ്പെടുകയോ മണിക്കൂറുകളോളം വൈകുകയോ ചെയ്തിരുന്നു. പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് സര്‍വീസുകളാണ് ഇന്ന് റദ്ദാക്കപ്പെട്ടത്.
സാഹചര്യം മുതലെടുത്ത് മറ്റ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തുന്നതും ഇരുട്ടടിയായി. അവസരം മുതലാക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ചയിലേതിന് സമാനമായ പ്രതിസന്ധി ഇന്നുണ്ടാകില്ലെന്ന ഉറപ്പ് കമ്പനി പറഞ്ഞിരുന്നെങ്കിലും നിലവില്‍ സാഹചര്യം വിപരീതമാണ്. രാജ്യത്തെ മിക്ക വിമാനത്താവളങ്ങളില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ പുലര്‍ച്ചെ മുതല്‍ റദ്ദാക്കപ്പെട്ടു.
മുംബൈയില്‍ നിന്ന് 110 സര്‍വീസുകളും ബംഗളൂരുവില്‍ നിന്ന് 125 സര്‍വീസുകളും ഡല്‍ഹിയില്‍ നിന്ന് 86 സര്‍വീസുകളും ഉച്ചവരെ റദ്ദാക്കിയതാണ് വിവരം. ഹൈദരബാദ് വിമാനത്താവളത്തില്‍ നിന്ന് 69 ഇന്‍ഡിഗോ വിമാനങ്ങളും അഹമ്മദബാദില്‍ 20ലേറെ സര്‍വീസുകളും റദ്ദാക്കപ്പെട്ടു.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും ഞായറാഴ്ചയും സ്പെഷൽ ട്രെയിൻ സർവീസ് നടത്തും.
പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുക. ഡിസംബർ അഞ്ച് മുതൽ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകൾ ഒരുക്കുക. 30 സ്പെഷൽ ട്രെയിനുകൾ ഒരുക്കാനാണ് ആലോചന. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം നൽകിയ ഉത്തരവ് ഇൻഡിഗോ നടപ്പാക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും പ്രതിസന്ധി സംബന്ധിച്ച ഒരു മുന്നറിയിപ്പും വ്യോമയാന മന്ത്രാലയത്തിന് നൽകിയില്ല എന്നുമാണ് വിവരം. എന്നാല്‍ എയർഇന്ത്യയടക്കം മറ്റ് വിമാനക്കമ്പനികൾ ഡിജിസിഎ നിർദ്ദേശം പാലിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന പ്രതിസന്ധി ഇന്നും തുടരും. സർവീസുകൾ ഇന്നും മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറയിപ്പ് നൽകിയിട്ടുണ്ട്. ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വലഞ്ഞിരിക്കുകയാണ് രാജ്യത്തെ വിമാന യാത്രക്കാര്‍.
വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്വീസുകള്ളാണ് വെള്ളിയാഴ്ച മാത്രം റദ്ദാക്കിയതായി ഇന്‍ഡിഗോ സിഇഒ വ്യക്തമാക്കിയത്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഭാഗമികമായ ഇളവ് നല്കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേസമയെ ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ വ്യോമയാനമന്ത്രാലയം അന്വേഷണം തുടങ്ങി. വിഷയത്തില്‍ ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും.
കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ വൈകുന്നതും തുടരുകയാണ്. മാറിയ സമയക്രമത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർ മുന്നൊരുക്കങ്ങളെടുക്കണമെന്ന് വിമാനത്താവള കമ്പനി നിർദേശം നൽകി.
ww.cial.aero ലിങ്ക് വഴിയോ മൊബൈൽ ആപ്പ് വഴിയോ സർവ്വീസ് വിവരങ്ങളുടെ സ്റ്റാറ്റസ് ഉറപ്പിക്കാൻ ആണ് യാത്രക്കാർക്ക് നിർദേശം നൽകിയത്. ഭൂരിഭാഗം ഇൻഡിഗോ സർവ്വീസുകളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 11 മണിക്കൂർ വരെ വൈകിയാണ് സർവിസ് നടത്തിയ ചുരുക്കം വിമാനങ്ങളും യാത്ര തുടങ്ങിയത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നുള്ള ഇൻഡിഗോയുടെ റാസ് അൽ ഖൈമ, കുവൈത്ത്, അബുദാബി, മസ്കത്ത്, മാലി സർവീസുകൾ മുടങ്ങിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹ, അബുദാബി, ദുബായ് സർവീസുകളും മുടങ്ങി.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാനസർവീസുകളുടെ കൂട്ട റദ്ദാക്കൽ തുടരുന്നതിനിടെ കേന്ദ്രത്തിനെതിരേ വിമർശനവുമായി ലോക് സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
ഇൻഡിഗോ വിമാനങ്ങൾക്കുണ്ടായ പ്രതിസന്ധി കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിച്ച കുത്തക മാതൃകയുടെ അനന്തരഫലമാണെന്നും സാധാരണക്കാരായ ഇന്ത്യക്കാരാണ് അതിനു വിലകൊടുക്കേണ്ടിവരുന്നതെന്നും രാഹുൽ എക്സിൽ കുറിച്ചു. എല്ലാ മേഖലയിലും രാജ്യം ന്യായമായ മത്സരം അർഹിക്കുന്നുവെന്നും കുത്തകകൾക്കുള്ള ഒത്തുകളിയല്ല വേണ്ടതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കുത്തക ഗ്രൂപ്പുകളെക്കുറിച്ച് കഴിഞ്ഞ വർഷം നവംബറിൽ ഒരു ദേശീയ ദിനപത്രത്തിൽ എഴുതിയ ലേഖനവും രാഹുൽ എക്സിൽ പങ്കുവച്ചു.
ഈസ്റ്റ് ഇന്ത്യ കന്പനി ഒരിക്കൽ അഴിമതിയിലൂടെയും ഭീഷണികളിലൂടെയും ഇന്ത്യയെ നിശബ്ദരാക്കിയെന്നും 150 വർഷം മുന്‍പ് തകർന്ന ഈസ്റ്റ് ഇന്ത്യ കന്പനി സൃഷ്ടിച്ച ഭയം ഇന്ന് പുതിയ കുത്തക വർഗത്തിലൂടെ തിരിച്ചെത്തിയെന്നും രാഹുൽ ലേഖനത്തിൽ പറയുന്നു.
ഇന്ത്യൻ വ്യാപാരത്തിന്റെ പുരോഗമനത്തിനായുള്ള ഒരു പുതിയ കരാർ ഉയർന്നുവരേണ്ടതുണ്ടെന്നും രാഹുൽ ലേഖനത്തിൽ വ്യക്തമാക്കുന്നു.
National
ന്യൂഡൽഹി: ആകാശയാത്രയിലെ പ്രതിസന്ധി മുതലെടുത്ത് വിമാനയാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് ആകാശത്തോളമുയർത്തിയാണ് മറ്റു വിമാനക്കന്പനികൾ നേട്ടം കൊയ്തത്. ഡൽഹി-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് 45,000 രൂപ വരെയായും ഡൽഹി-തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് 48,000 രൂപ വരെയായും ഇന്നലെ ഉയർന്നു. ഞായറാഴ്ചത്തെ വിമാനടിക്കറ്റുകൾക്ക് 50,000 മുതൽ 70,000 രൂപയുടെ ഇടയിലാണ് ഇപ്പോഴത്തെ നിരക്ക്. 5000-6000 രൂപയ്ക്കു ലഭ്യമായിരുന്ന ടിക്കറ്റുകളാണ് ഇൻഡിഗോ പ്രതിസന്ധി മൂലം മൂന്നിരട്ടിയിലധികം വർധിച്ചത്.
തുക തിരികെ നൽകും
അഭൂതപൂർവമായ പ്രതിസന്ധിയിൽ ആശങ്ക അറിയിച്ച ഇൻഡിഗോ റദ്ദാക്കിയ വിമാനസർവീസുകൾക്ക് പൂർണ റീഫണ്ടിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ അഞ്ചിനും 15നുമിടയിലുള്ള എല്ലാ റദ്ദാക്കലുകൾക്കും/ റീഷെഡ്യൂൾ അഭ്യർഥനകൾക്കും മുഴുവൻ പണം റീഫണ്ട് നൽകുമെന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്.
യാത്രക്കാരുടെ സൗകര്യത്തിനായി ആയിരത്തിലധികം ഹോട്ടൽ മുറികൾ സജ്ജീകരിച്ചിട്ടുണ്ടെന്നും വിമാനത്താവളങ്ങളിൽ കാത്തിരിക്കുന്നവർക്ക് ഭക്ഷണവും ലഘുഭക്ഷണങ്ങളും ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.
വിഷയം പാർലമെന്റിലും
ഇൻഡിഗോയുടെ വൻതോതിലുള്ള റദ്ദാക്കലുകൾ പാർലമെന്റിലും ചർച്ചാവിഷയമായി. വിഷയത്തിൽ സർക്കാരിനോടു പ്രതികരണം തേടിയ പ്രതിപക്ഷ നേതാക്കൾ അടിയന്തര നടപടിയും ആവശ്യപ്പെട്ടു. അടിയന്തര പ്രാധാന്യമുള്ള വിഷയമായി ഇൻഡിഗോ പ്രതിസന്ധിയെ കാണണമെന്നാവശ്യപ്പെട്ടു ശിവസേന (ഉദ്ധവ്) എംപി പ്രിയങ്ക ചതുർവേദി രാജ്യസഭയിൽ നോട്ടീസ് നൽകി.
വിഷയം എംപിമാരെ ബാധിക്കുന്നതാണെന്നും കേന്ദ്രം എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി ആവശ്യപ്പെട്ടു. ഇൻഡിഗോയ്ക്കു വ്യോമയാനരംഗത്തെ കുത്തകാവകാശം നൽകിയതുകൊണ്ടാണ് ഈ പ്രശ്നം ഉടലെടുത്തതെന്നും തിവാരി സഭയിൽ പറഞ്ഞു.
Kerala
കൊച്ചി: ഇന്നും യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍. വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് പല യാത്രക്കാരും വലയുകയാണ്. കൊച്ചിയില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.
വ്യാഴാഴ്ച രാത്രി കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇന്ന് പുലര്‍ച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം ലഭിച്ചത്. ഇതോടെയാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചത്. ഇന്‍ഡിഗോ ജീവനക്കാരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം.
വിമാന സര്‍വീസുകള്‍ ഇനിയും വെട്ടിക്കുറയ്ക്കുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. സാധാരണനിലയിലെത്താന്‍ രണ്ടുമാസം സമയമെടുക്കുമെന്ന് അറിയിച്ച കമ്പനി യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ചു. സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമം തുടരുന്നുവെന്നാണ് കമ്പനി അറിയിക്കുന്നത്.
പൈലറ്റുമാര്‍ക്ക് വിശ്രമം ഉറപ്പാക്കാന്‍ ഡിജിസിഎ ഏര്‍പ്പെടുത്തിയ ഫ്ളൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ (എഫ്ഡിടിഎല്‍) നടപ്പാക്കുന്നതിലെ വീഴ്ചയാണു വിമാന സര്‍വീസുകള്‍ താളംതെറ്റാന്‍ കാരണം.
National
ന്യൂഡൽഹി: ഇൻഡിഗോയുടെ വിമാന സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാൻ ഫെബ്രുവരി 10 വരെ സമയമെടുത്തേക്കാമെന്നും സർവീസുകൾ വെട്ടികുറയ്ക്കുമെന്നും ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് പറഞ്ഞു. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ തൽക്കാലം സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുന്നുവെന്നും ഇൻഡിഗോ അറിയിച്ചു.
അഞ്ഞൂറിലധികം സർവീസുകൾ ഇതുവരെ റദ്ദാക്കി. സർവീസുകൾ റദ്ദാക്കുന്നത് ഇന്നും തുടരേണ്ടി വരുമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരോട് വാക്കു പാലിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്ന് ഇൻഡിഗോ സിഇഒ പ്രതികരിച്ചു.
ഇൻഡിഗോയുടെ 20 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും സർവീസുകൾ ഒരുമിച്ച് റദ്ദാക്കുന്നത്. തുടർച്ചയായി മൂന്നാം ദിവസമാണ് വിമാന സർവീസുകൾ തടസപ്പെടുന്നത്. പൈലറ്റുമാരില്ലാത്തതും സാങ്കേതിക പ്രശ്നങ്ങളും അടക്കം നിരവധി ഘടകങ്ങൾ പ്രതിസന്ധിക്ക് കാരണമാണെന്നാണ് വിമാന കമ്പനിയുടെ വിശദീകണം.
അടുത്ത രണ്ടോ മൂന്നോ ദിവസം കൂടുതൽ വിമാനങ്ങൾ റദ്ദാക്കേണ്ടിവുമെന്ന് ഇൻഡിഗോ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശ പ്രകാരം പൈലറ്റുമാർക്ക് കൂടുതൽ വിശ്രമ സമയം നൽകേണ്ടതുണ്ട്. പുതിയ മാനദണ്ഡ പ്രകാരം ജീവനക്കാരുടെ എണ്ണം അപര്യാപ്തമാണെന്ന് തിരിച്ചറിയുന്നതിലും കൃത്യമായി ആസൂത്രണം നടത്തുന്നതിലും വീഴ്ചവന്നെന്ന് ഇൻഡിഗോ സമ്മതിച്ചു.
National
ന്യൂഡൽഹി: എ320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളിലെ ഫ്ലൈറ്റ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയർ പ്രശ്നം പരിഹരിക്കുന്നതിനാൽ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് തടസങ്ങൾ നേരിടും. രാജ്യത്തെ 200-250 വിമാനങ്ങളെ ഇത് ബാധിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
തീവ്രമായ സൗരവികിരണം ഫ്ലൈറ്റ് കൺട്രോളുകളുടെ പ്രവർത്തനത്തിന് നിർണായകമായ ഡാറ്റയെ ദുഷിപ്പിച്ചേക്കാമെന്നും ഈ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ സോഫ്റ്റ്വെയർ മാറ്റങ്ങൾ വിമാനങ്ങളിൽ വരുത്തുന്നതിനാൽ വിമാന സർവീസുകൾക്ക് തടസമുണ്ടാകുമെന്നും എയർബസ് അറിയിച്ചു.
സോഫ്റ്റ്വെയർ മാറ്റങ്ങൾക്കും ഹാർഡ്വെയർ പുനക്രമീകരണത്തിനുമായി ആഭ്യന്തര വിമാന കമ്പനികളുടെ നാരോ-ബോഡി എ320 വിമാനങ്ങൾ നിലത്തിറക്കേണ്ടിവരുന്നതിനാലാണ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകുന്നത്. ഇന്ത്യൻ ഓപ്പറേറ്റർമാർക്ക് ഏകദേശം 560 എ320 വിമാനങ്ങളുണ്ട്. അവയിൽ 200-250 വിമാനങ്ങൾക്ക് സോഫ്റ്റ്വെയർ, ഹാർഡ്വെയർ പ്രശ്നപരിഹാരം ആവശ്യമായി വരുമെന്ന് അവർ കൂട്ടിച്ചേർത്തു.