കോട്ടയം: കേരളത്തിനു പുറത്ത് പ്രവര്‍ത്തിക്കുന്ന വ്യവസായ സംരംഭങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ്.
റബര്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ വെള്ളൂരില്‍ ആരംഭിക്കുന്ന കേരള റബര്‍ ലിമിറ്റഡിന്റെ ഭരണവിഭാഗം ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ രംഗത്ത് വളരെ സാധ്യതകളുള്ള കോട്ടയത്തെ വ്യവസായ ഹബ്ബാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി എല്ലാ സൗകര്യങ്ങളോടും കൂടി 157.04 ഏക്കര്‍ ഭൂമിയില്‍ 390 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതിദത്ത റബര്‍ അധിഷ്ഠിത വ്യവസായങ്ങളും അനുബന്ധ യൂണിറ്റുകളും ആരംഭിക്കുന്നതിന് 100 ഏക്കര്‍ ഭൂമിയാണ് സജ്ജീകരിച്ചത്. 20,176 ചതുരശ്ര അടിയില്‍ പത്തുകോടി രൂപ ചെലവഴിച്ചാണ് ഭരണവിഭാഗം ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
വ്യവസായ സംരംഭകരുടെ ഉപയോഗത്തിനായി 900 ചതുരശ്ര അടി വീതം വരുന്ന രണ്ട് വലിയ വര്‍ക്ക് സ്റ്റേഷനുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. 100 പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന കോണ്‍ഫറന്‍സ് റൂം, ലൈബ്രറി, ഡൈനിംഗ് സൗകര്യം എന്നിവയുമുണ്ട്.
110 കെവി സബ്സ്റ്റേഷന്, വെയര്‍ഹൗസ്, സെന്‍ട്രല്‍ ടൂള്‍ റൂം, സെന്‍ട്രല്‍ മിക്സിംഗ് പ്ലാന്റ്, ലാറ്റക്സ് കമ്പൗണ്ടിംഗ് ആന്‍ഡ് പ്രീ- വള്ക്കനൈസേഷന് സൗകര്യങ്ങള്‍, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ്, മലിനജല ശുദ്ധീകരണ പ്ലാന്റ് എന്നിവയും കോംപ്ലക്സില്‍ സജ്ജീകരിക്കുന്നുണ്ട്. തെരഞ്ഞെടുത്ത ആറു നിക്ഷേപകര്‍ക്ക് റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള സമ്മതപത്രം മന്ത്രി കൈമാറി. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു.