ധാക്ക: ഹൃദയത്തിലും ശ്വാസകോശത്തിലും ഉണ്ടായ അണുബാധയെ തുടർന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയുമായ ഖാലിദ സിയയെ (80) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഖാലിദയുടെ സ്ഥിതി ഭേദമായാൽ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് അയയ്ക്കുമെന്നു ബിഎൻപി വക്താവ് അറിയിച്ചു. നവംബർ 23ന് ഖാലിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിദേശത്തേക്ക് കൊണ്ടുപോകുന്നതിനായി എയർ ആംബുലൻസ് തയാറാക്കിയെന്നും അധികൃതർ അറിയിച്ചു. പേസ്മേക്കറിന്റെ സഹായത്തോടെയാണ് ഖാലിദ ജീവിച്ചിരുന്നത്. മൂന്ന് തവണ ബംഗ്ലദേശ് പ്രധാനമന്ത്രിയായിരുന്ന സിയയെ 2018ൽ ഷെയ്ഖ് ഹസീന സർക്കാർ അഴിമതിക്കുറ്റം ആരോപിച്ച് ജയിലിലടച്ചിരുന്നു. പിന്നാലെ വൈദ്യചികിത്സയ്ക്കായി വിദേശയാത്ര നടത്തുന്നതിൽനിന്നും ഖാലിദയെ വിലക്കി.
ഹസീനയെ പ്രധാനമന്ത്രി പദത്തിൽ നിന്നും പുറത്താക്കിയതിനു തൊട്ടുപിന്നാലെ കഴിഞ്ഞ വർഷം ഖാലിദ സിയ ജയിൽ മോചിതയായിരുന്നു. 2026 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുമെന്ന് ഖാലിദ സിയ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞവർഷം ബംഗ്ലദേശിൽ ഉണ്ടായ വിദ്യാർഥി പ്രക്ഷോഭം നയിക്കാൻ ഖാലിദയും മുൻനിരയിലുണ്ടായിരുന്നു.