കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങില്‍ മന്ത്രി റോജി എം. ജോണിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ വിശദീകരണവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍. പരിപാടി അലങ്കോലമാക്കാനല്ല, സമാധാനപരമായി ചോദ്യങ്ങള്‍ ചോദിക്കാന്‍ മാത്രമാണ് എത്തിയതെന്ന് സ്റ്റേജില്‍ കയറി പ്രതിഷേധിച്ച കോളജ് വൈസ് ചെയര്‍പേഴ്സണ്‍ നഫീസത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
മഹാരാജാസ് കോളജില്‍ സെക്കന്‍ഡ് ഇയര്‍ കെമിസ്ട്രി പഠിക്കുന്ന വിദ്യാര്‍ഥിയാണ് ഞാന്‍. ഞാന്‍ എന്ന ഒറ്റാള്ക്ക് ആ പരിപാടി മുടക്കാന്‍ എന്താണ് ചെയ്യാനാവുക. ആകെ രണ്ട് നിമിഷമാണ് ചോദിച്ചത്. ഉത്തരങ്ങള്‍ അന്വേഷിക്കുകയാണ് ഞങ്ങള്‍. സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ എന്തു തെറ്റ് ചെയ്തിട്ടാണ് പുറത്താക്കിയിട്ടുള്ളത്. 60 ദിവസത്തെ സസ്പെന്ഷന് എന്ന് പറയുമ്പോള്‍ രണ്ട് മാസമാണ്. ഒരു സെമസ്റ്ററില്‍ രണ്ട് മാസം സസ്പെന്ഷന് ആയാല്‍ എങ്ങനെയാണ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുക.
അയാള്‍ പറഞ്ഞ നുണ പ്രചാരണത്തില്‍ മാത്രമാണ് ആ കുട്ടികളെ ഇന്നും സസ്പെന്‍ഷനില്‍ വച്ചിരുന്നത്. അവര്‍ അപരിഷ്കൃതമായ സമരങ്ങളാണ് മുന്നോട്ടു കൊണ്ടു പോയിട്ടുള്ളത് എന്നാണ് അയാള്‍ പറഞ്ഞത്. ആ ഹെഡ്ലൈറ്റുകള് വര്‍ക്കിംഗ് അല്ലെന്ന് പറഞ്ഞ് നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ട്. എക്സാം സര്‍ട്ടിഫിക്കറ്റ് കിട്ടാത്തത് അടക്കം നിരവധി സമരങ്ങളുടെ തുടര്‍ച്ചയായാണ് നാടകം ചെയ്തത്. അതിനെ എത്തരത്തിലാണ് വളച്ചൊടിച്ച് മുന്നോട്ട് കൊണ്ടു പോയത്. സംഘപരിവാറിന്റെ അജൻഡയാണ് മുന്നോട്ട് വയ്ക്കുന്നത്.
അത് വിസിയുടെ ശവമഞ്ചമല്ല, ഹെഡ്ലൈറ്റുകളുടെ മരണം എന്ന നാടകമാണ്. അത് മന്ത്രിക്ക് മനസലായിട്ടുണ്ട്. സമാധാനപരമായി ചോദ്യങ്ങള്‍ക്ക് മറുപടി നല്കിയിരുന്നെങ്കില് ഞങ്ങള്‍ അപ്പോഴേ പോയേനെ. എന്തുകൊണ്ടാണ് മറുപടി പറയാന്‍ തയാറാവാത്തത് എന്ന് നഫീസത്ത് പറഞ്ഞു. അതേസമയം, റോജി എം. ജോണിന്റെ അടുത്ത നീക്കം പ്രതിഷേധിച്ച നഫീസത്തിനെ കോളജില്‍ നിന്നും പുറത്താക്കാനവുമെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.
ജനാധിപത്യത്തിന് വലിയ വാല്യു കല്‍പ്പിക്കുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി പെണ്‍കുട്ടിയുടെ ഒരു ചോദ്യത്തിന് പോലും മറുപടി നല്കാന് തയാറാകാതെ വനിത പൊലിസിനെ ഉപയോഗിച്ച് മാറ്റാനാണ് ശ്രമിച്ചത്. ഈ പ്രതിഷേധം നടക്കുമ്പോള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി സസ്പെന്‍ഡ് ചെയ്ത 16 വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ്. ഹൈക്കോടതി വിധി ഉന്നത വിദ്യാഭ്യസ മന്ത്രിക്കും സിസ തോമസിനും മുഖത്തേറ്റ അടിയാണെന്ന് ഇവര്‍ക്ക് തോന്നണം.
കോടതിയെ പോലും ബഹുമാനിക്കാതെ ആരോടാണ് പക തീര്‍ക്കുന്നത്? ആരെയാണ് വെല്ലുവിളിക്കുന്നത്? ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, പ്രതിഷേധിച്ച പെണ്‍കുട്ടിയെ മഹാരാജാസില്‍ നിന്നും പുറത്താക്കാന്‍ വേണ്ടിയാകും റോജി എം. ജോണിന്റെ അടുത്ത നിര്‍ദേശം. ഇന്ന് ബിരുദം ഏറ്റു വാങ്ങേണ്ടിയിരുന്ന വിദ്യാര്‍ഥികള്‍ അടക്കമാണ് പ്രതിഷേധിച്ചത്. നീണ്ട 60 ദിവസമായി സസ്പെന്‍ഷനിലാണ് വിദ്യാര്‍ഥികള്‍. കേരളത്തിലാകെ ഇതിനെതിരെ പ്രതിഷേധമുണ്ടാകുമെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.