പെരുവ: കാട് മൂടിക്കിടന്ന കാരിക്കോട് സര്ക്കാര് വൃദ്ധമന്ദിരവും പരിസരവും സാമൂഹ്യപ്രവര്ത്തകരും നാട്ടുകാരും ചേര്ന്ന് വെട്ടി തെളിച്ചു വൃത്തിയാക്കി. ഈ സ്ഥാപനങ്ങളുടെ ശോച്യാവസ്ഥയും കുഞ്ഞുങ്ങളുടെ സുരക്ഷയും മാധ്യമങ്ങള് വാര്ത്തയാക്കിയതിന് പിന്നാലെയാണ് സന്നദ്ധ പ്രവര്ത്തകര് ശുചീകരണത്തിനായി രംഗത്ത് വന്നത്. ന്യൂസ്പ്രിന്റ് നഗര് വൈസ്മെന് ക്ലബ്, വൈഎംസിഎ, മറ്റപ്പള്ളിക്കുന്ന് റസിഡന്റ്സ് അസോസിയേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വൃദ്ധസദനത്തിന്റെയും അംങ്കണവാടിയുടെയും പരിസരം വെട്ടിത്തെളിച്ചത്.
വൃദ്ധസദനം കൂടുതല് വയോജന സൗഹൃദമാക്കിയാണ് രണ്ടാംഘട്ട നിര്മാണ പ്രവര്ത്തനങ്ങള് നടത്തിയത്. 2013 കാലഘട്ടത്തില് സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു ഡോ എം.കെ. മുനീര് അനുമതി നല്കിയ ഒരു കോടി രൂപ പ്രയോജനപ്പെടുത്തിയാണ് കെട്ടിടത്തിന്റെ ആദ്യഘട്ട നിര്മാണ പ്രവര്ത്തനങ്ങള് നടപ്പാക്കിയത്. മുളക്കുളം പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പിന് കൈമാറിയ സ്ഥലത്താണ് കെട്ടിട നിര്മാണം പൂര്ത്തിയാക്കിയത്.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്ഗീസ് ശുചീകരണ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം നിര്വഹിച്ചു. വൈസ്മെന് ക്ലബ്ബ് പ്രസിഡന്റ് റോബര്ട്ട് തോട്ടുപുറം, സെക്രട്ടറി പി.വി. രാജീവ്, കെ.ആർ. ദീപകുമാര്, എബി സ്ഖറിയ, തോമസ് ചെറിയാന്, വിജു മുറംതൂക്കില്, ഏബ്രഹാം തോട്ടുപുറം, വൈസ് ലിംഗ്സ് പ്രസിഡന്റ് ആശിഷ് സാബു, അനീഷ്, ഹേമന്ദ് എന്നിവര് നേതൃത്വം നല്കി.
പ്രതികരണങ്ങൾ
സിഎസ്ആര് ഫണ്ട് കെയര് ഹോമിന്റെ കൂടുതല് കാര്യക്ഷമമായ പ്രവര്ത്തനത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലിനും പ്രയോജനപ്പെടുത്താന് കഴിയണം. വൈഎംസിഎ, വൈസ്മെന് ക്ലബ്ബ്, റെസിഡന്റ് അസ്സോസിയേഷന് തുടങ്ങിയ സാമൂഹിക സംഘടനകള്ക്ക് ഈ സ്ഥാപനത്തിന്റെ ഉയര്ച്ചയ്ക്കായി കൈകോര്ക്കാനും സഹകരിക്കാനും കഴിയും. സാമൂഹിക ഉത്തരവാദിത്വവും കൂട്ടായ പ്രവര്ത്തനവും ഒരുമിച്ചാല് കെയര് ഹോമിന്റെ പ്രവര്ത്തനം കൂടുതല് മികച്ചതാക്കാന് സാധിക്കുമെന്നും റോബര്ട്ട് തോട്ടുപുറം പറഞ്ഞു.
വൃദ്ധമന്ദിരത്തിന്റെ പ്രവര്ത്തനങ്ങള്ക്ക് സര്ക്കാരിന്റെ അനുകൂലമായ ഇടപെടലും തീരുമാനവും പ്രതീക്ഷിക്കുന്നു. സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ഈ സര്ക്കാര് വ്യദ്ധസദനം സജീവമാക്കുകയും വയോജനങ്ങള്ക്ക് പ്രയോജനപ്പെടുന്ന പകല്വീട്, ഓപ്പണ് ജിം പോലുള്ള സംരംഭങ്ങള് കൂടി ആരംഭിക്കുകയും ചെയ്യാവുന്നതാണെന്ന് എം.സി. ഷിബു കാരിക്കോട് പറഞ്ഞു.