ഗോഹട്ടി: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് അരുണാചൽപ്രദേശ് - ആസാം അതിർത്തിയിൽ വെടിവയ്പ്പ്. സംഘർഷത്തിൽ എട്ടുപേർക്ക് പരിക്ക്. ആസാം സ്വദേശികൾക്കാണ് പരിക്കേറ്റത്. അരുണാചൽ പ്രദേശിൽ നിന്നുള്ളവരാണ് വെടിവച്ചതെന്ന് പോലീസ് അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട് അരുണാചൽ പ്രദേശ് സർക്കാരുമായി ചർച്ച നടത്തുമെന്ന് ആസാം സർക്കാർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ആസാം - അരുണാചൽ പ്രദേശ് അതിർത്തിയായ ഗോഗമുഖിലാണ് സംഭവം. അസമിലെ ദേമാജി ജില്ലയുടെ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഗോഗമുഖ്.
അസമിലെ ഭൂമി അരുണാചലിൽ നിന്നുള്ള ആളുകൾ കൈയേറിയെന്ന് ആരോപിച്ചുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പിന്നാലെ അക്രമികൾ ആസാമിലെ നാട്ടുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പരിക്കേറ്റവരെ ആദ്യം ഗോഗമുഖ് റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ദേമാജി സിവിക് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റവരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അസം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സാഹചര്യം നിയന്ത്രണവിധേയമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
വിഷയത്തിൽ അരുണാചൽപ്രദേശ് സർക്കാരുമായി ചർച്ച നടത്താൻ വിദ്യാഭ്യാസ മന്ത്രി റനോജ് പെഗുവിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.