കോൽക്കത്ത: പശ്ചിമ ബംഗാളിലെ റിഫൈനറിയിൽ പൈപ്പ്ലൈനിന് തീപിടിച്ച് 20 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഹാൽദിയ പെട്രോകെമിക്കൽസ് ലിമിറ്റഡിലെ നാഫ്ത പൈപ്പ്ലൈനിലാണ് തീപിടുത്തമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ നാലിനായിരുന്നു അപകടം.
പ്ലാന്റിന് സമീപമുള്ള പൈപ്പ്ലൈനിൽനിന്ന് അനധികൃതമായി നാഫ്ത മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ചോർച്ചയുണ്ടായി തീപിടിത്തമുണ്ടായെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. എങ്കിലും അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അതിജ്വലന ശേഷിയുള്ള ഇന്ധനമാണ് നാഫ്ത. വളരെ വേഗത്തിൽ കത്തുന്നതും വായുവിൽ പടരുന്നതുമായ ഹൈഡ്രോകാർബൺ ദ്രാവകമായതിനാൽത്തന്നെ ചെറിയൊരു തീപ്പൊരി ഉണ്ടായാൽ പോലും വൻ സ്ഫോടനത്തിന് കാരണമാകും.
ബംഗാളിലെ പ്രമുഖ വ്യവസായ കേന്ദ്രമായ ഹാൽദിയായിലാണ് ഹാൽദിയ പെട്രോകെമിക്കൽസ് ലിമിറ്റഡ് സ്ഥിതിചെയ്യുന്നത്. കോൽക്കത്തയിൽ നിന്ന് എകദേശം 125 കിലോമീറ്റർ അകലെയാണിത്. നാഫ്ത പോലുള്ള പെട്രോളിയം ഉത്പന്നങ്ങൾ വലിയ സുരക്ഷാ ഭീഷണിയുള്ളതിനാൽ ഇവിടേയ്ക്ക് അനധികൃതമായി പ്രവേശിക്കുകയോ മോഷ്ടിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് കമ്പനി പ്രദേശവാസികൾക്ക് എപ്പോഴും മുന്നറിയിപ്പ് നൽക്കാറുള്ളതാണ്.