പട്ന: ബിഹാറിലെ പ്രശസ്തമായ പാറ്റ്ന മൃഗശാലയിൽനിന്നും ഡെയറി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും മുൻ കോൺഗ്രസ് നേതാവ് സഞ്ജയ് ഗാന്ധിയുടെ പേര് ഒഴിവാക്കി ബിജെപി നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമുണ്ടായത്.
പുതിയ ഉത്തരവുപ്രകാരം സഞ്ജയ് ഗാന്ധി ബയോളജിക്കൽ പാർക്കെന്നത് പാറ്റ്ന സൂ എന്നും സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നത് ബിഹാർ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെയറി ടെക്നോളജി എന്നും അറിയപ്പെടും.
1973-ൽ സ്ഥാപിതമായ പാറ്റ്ന മൃഗശാലയുടെ പേരു പിന്നീട് മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ സ്മാരാണാർഥം പുനർനാമകരണം ചെയ്യുകയായിരുന്നു.
153 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ മൃഗശാലയിൽ 110-ഇനങ്ങളിലായി എണ്ണൂറിലധികം മൃഗങ്ങളുണ്ട്. പാറ്റ്നയിലെ ഡയറി ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് 1980-ലാണ് സ്ഥാപിതമായത്.