തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഈയൊരു പകൽ കൂടി മാത്രം ശേഷിക്കേ, പ്രചാരണം ഉച്ചസ്ഥായിയിലെത്തി. ദേശീയ നേതാക്കളുൾപ്പെടെ പ്രമുഖർ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ റാലികളും റോഡ്ഷോകളും പൊതുയോഗങ്ങളുമായി അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അതിനെ പരിഹസിച്ചു രംഗത്തുവന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും കേന്ദ്രമന്ത്രിമാരുടെ നീണ്ട നിരയും എൻഡിഎ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തി. കോണ്‍ഗ്രസിനു വേണ്ടി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുൾപ്പെടെയുള്ള താരനിര അണിനിരന്നു. ഇതിനിടെ, വികസനം മാത്രം ചർച്ച ചെയ്യുമെന്ന് ആവർത്തിച്ചു പറഞ്ഞു വന്ന ബിജെപിയുടെ നേതാക്കൾ വർഗീയ പരാമർശങ്ങളുമായി രംഗത്തു വന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വേദിയിലിരുത്തി കാട്ടാക്കടയിൽ ബിജെപി സ്ഥാനാർഥി കൂടിയായ പി.കെ. കൃഷ്ണദാസ് നടത്തിയ ലൗ ജിഹാദ് പരാമർശം വിവാദമായി. തെരഞ്ഞെടുപ്പു കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും ജില്ലാ കളക്ടറോടു റിപ്പോർട്ട് തേടുകയും ചെയ്തു.
എൽഡിഎഫോ യുഡിഎഫോ ഭരണത്തിൽ എത്തിയാൽ പാക്കിസ്ഥാൻ അനുകൂല തീവ്രവാദ സംഘടനകളായ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമൊക്കെയായിരിക്കും ഭരണം നടത്തുകയെന്നും ഹിന്ദു, ക്രിസ്ത്യൻ പെണ്‍കുട്ടികളെ പ്രണയം നടിച്ച് ലൗ ജിഹാദിന്റെ പേരിൽ രാജ്യദ്രോഹ പ്രവർത്തനം നടത്തുമെന്നും കൃഷ്ണദാസ് പ്രസംഗത്തിൽ പറഞ്ഞു.
കോണ്‍ഗ്രസ് ജയിച്ചാൽ പടക്കം പൊട്ടുക പാക്കിസ്ഥാനിലായിരിക്കുമെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പൊതുയോഗത്തിൽ പറഞ്ഞു. കോണ്‍ഗ്രസിനെ ലീഗ് വിഴുങ്ങിയെന്നും യുഡിഎഫിന്റെ ഫസ്റ്റ് പാർട്ണർ മുസ്ലിം ലീഗ് ആണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും എം.ടി. രമേശും പത്രസമ്മേളനത്തിൽ പറഞ്ഞു.
എൽഡിഎഫ്-ബിജെപി ഡീൽ എന്ന ആരോപണം രാഹുൽ ഗാന്ധി വീണ്ടും ഉയർത്തി. ശബരിമല സ്വർണക്കൊള്ളയെക്കുറിച്ചു പ്രധാനമന്ത്രിക്കു മിണ്ടാട്ടമില്ലെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു. ഭരണത്തിലെത്തിയാൽ ശബരിമല സ്വർണക്കൊള്ള നടത്തിയവരെ ജയിലിലടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയേക്കുറിച്ച് ബിജെപി മൗനം പാലിക്കുന്നു എന്ന ആരോപണത്തിനു പിന്നാലെയാണ് അമിത് ഷാ ഇതേക്കുറിച്ചു പൊതുയോഗത്തിൽ പരാമർശിക്കുന്നത്.