ബെർലിൻ: ജർമനിയുടെ സാമ്പത്തിക തകർച്ചയിൽ മാറ്റം വരുമെന്ന വലിയ പ്രതീക്ഷയോടെ അധികാരമേറ്റ ചാൻസലർ ഫ്രീഡ്രിഷ് മെർസിനും സർക്കാരിനുമെതിരേ രൂക്ഷമായ വിമർശനവുമായി വ്യവസായ മേഖലയിലെ വ്യാപാര സംഘടനകൾ.
ഒരു വർഷം മുമ്പ് അധികാരമേൽക്കുമ്പോൾ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ലെന്നും ജർമൻ സമ്പദ്വ്യവസ്ഥ വെന്റിലേറ്ററിലാണെന്നും വ്യാപാര സംഘടനകൾ കുറ്റപ്പെടുത്തുന്നു.
പ്രതീക്ഷകൾ അസ്ഥാനത്തേക്ക്
2025 മേയ് മാസത്തിൽ അധികാരമേൽക്കുമ്പോൾ "സാമ്പത്തിക വിപ്ലവം' ആയിരുന്നു മെർസിന്റെ പ്രധാന വാഗ്ദാനം. പ്രമുഖ നിക്ഷേപ കമ്പനിയായ ബ്ലാക്ക്റോക്കിന്റെ മുൻ മേധാവിയെന്ന നിലയിൽ മെർസ് ജർമനിയെ രക്ഷിക്കുമെന്ന് വ്യവസായികൾ വിശ്വസിച്ചിരുന്നു.
"കൂടുതൽ മുതലാളിത്തം' എന്ന നയം നടപ്പിലാക്കുമെന്നും നാല് ദിവസത്തെ പ്രവൃത്തിദിനത്തിന് പകരം കഠിനാധ്വാനത്തിന് മുൻഗണന നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു വർഷം പിന്നിടുമ്പോൾ വ്യവസായ ലോകത്ത് ആവേശം നിരാശയ്ക്ക് വഴിമാറിയിരിക്കുകയാണ്.
അദ്ഭുതപൂർവമായ തകർച്ച
കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ പാപ്പരത്തങ്ങൾക്കാണ് ജർമനി ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ജർമനി ഒരു വ്യവസായ കേന്ദ്രമെന്ന നിലയിൽ നിലനിൽപ്പ് ഭീഷണി നേരിടുകയാണെന്ന് ഫെഡറേഷൻ ഓഫ് ജർമൻ ഇൻഡസ്ട്രീസ് (BDI) മുന്നറിയിപ്പ് നൽകുന്നു.
സങ്കീർണമായ ചട്ടങ്ങളും അമിതമായ ചെലവുകളും കാരണം നിക്ഷേപകർ ജർമനിയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്.
യുദ്ധവും വിലക്കയറ്റവും വില്ലനായി
പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധികളും ഇറാനിലെ യുദ്ധസാഹചര്യങ്ങളും ജർമനിയെയും ബാധിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ ഉപരോധം കാരണം എണ്ണവില കുതിച്ചുയരുകയും വിതരണ ശൃംഖല തകരുകയും ചെയ്തു.
വിമാന ഇന്ധനത്തിന് പോലും ദൗർലഭ്യം നേരിടുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുന്നു.
മെർസിന്റെ വിശദീകരണം
ബെർലിനിൽ നടന്ന ഇക്കണോമിക് ഡേയിൽ (Wirtschaftstag) തണുപ്പൻ പ്രതികരണമാണ് മെർസിന് ലഭിച്ചത്. രാജ്യം നേരിടുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം സമ്മതിച്ചു.
പതിറ്റാണ്ടുകളായി കെട്ടിക്കിടക്കുന്ന പ്രശ്നങ്ങൾ ഒറ്റരാത്രികൊണ്ട് പരിഹരിക്കാനാവില്ല. കൂട്ടുകക്ഷി സർക്കാരിലെ (CDU-SPD) ആശയപരമായ ഭിന്നതകളും പരിഷ്കാരങ്ങളെ സാവധാനത്തിലാക്കുന്നു എന്ന് മെർസ് വിശദീകരിച്ചു.
സമ്പന്നരെ കൂടുതൽ സഹായിക്കുന്ന നയം സിഡിയു സ്വീകരിക്കുമ്പോൾ, സോഷ്യൽ ഡെമോക്രാറ്റുകൾ (SPD) പുനർവിതരണത്തിനാണ് ഊന്നൽ നൽകുന്നതെന്നതാണ് പ്രധാന തടസമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രവാസികൾക്കും തിരിച്ചടി
ജർമനിയിലെ സാമ്പത്തിക മാന്ദ്യം അവിടുത്തെ മലയാളി ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. തൊഴിൽ വിപണിയിലെ തളർച്ച പുതിയ വിസ നടപടികളെയും തൊഴിൽ സുരക്ഷയെയും ബാധിച്ചേക്കാം.
രാജ്യത്തു തൊഴിൽ ഉണ്ടെങ്കിലും ഒട്ടനവധി തസ്തികകൾ നികത്തപ്പെടാതെ കിടപ്പുണ്ടെങ്കിലും മിക്ക കമ്പനികളും ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കുന്നത് മൂലം കൂടുതലായി ജോലിക്കാരെ നിയമിക്കുന്നില്ല എന്നതും ഒരു വസ്തുതയാണ്.
കേരളത്തിൽ നിന്നും ഓപ്പർച്യുണിറ്റി കാർഡ് വീസ വഴി ജര്മനിയിലെത്തിയ ബഹുഭൂരിപക്ഷം ആളുകൾക്കും ജോലി കിട്ടാതെ വലയുകയാണ്, ഇവരിൽ മിക്കവാറും വിവിധ മേഖലകളിൽ വിദഗ്ധരാണ്.
എങ്കിലും മതിയായ ജർമൻ ഭാഷ ഇല്ലാത്തതിന്റെ പേരിൽ പിന്തള്ളപ്പെട്ടുപോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. കടുത്ത നിരാശയിലാണെങ്കിലും, എസ്പിഡി സർക്കാരുമായുള്ള സഖ്യം ഉപേക്ഷിക്കാനോ പുതിയ തെരഞ്ഞെടുപ്പ് നടത്താനോ ചാൻസലർ തയാറല്ല. ജർമനി ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം.