ന്യൂഡൽഹി: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിമിത്തം 23 വർഷമായി സ്തംഭനാവസ്ഥയിൽ കിടന്ന കേസിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.
ഇത്തരത്തിൽ ഇടക്കാല ഉത്തരവ് നിമിത്തം കൊലപാതകം, ബലാത്സംഗം, സ്ത്രീധന മരണം തുടങ്ങി പുരോഗതിയില്ലാതെ നിൽക്കുന്ന കേസുകളിൽ ഉടൻ വാദംകേൾക്കൽ പുനരാരംഭിക്കണമെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരോടും നിർദേശിച്ചു.
ഹൈക്കോടതികൾ പുറപ്പെടുവിക്കുന്ന ഇടക്കാല ഉത്തരവുകളുടെ ബലത്തിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ക്രിമിനൽ വിചാരണകൾ വർഷങ്ങളോളം കെട്ടിക്കിടക്കുകയാണെങ്കിൽ അത് നീതിയെ പരിഹസിക്കാൻ മാത്രമേ ഇടവരുത്തുകയുള്ളൂ എന്ന് കോടതി നിരീക്ഷിച്ചു. കേസിലെ എല്ലാ കക്ഷികളോടും നീതി പുലർത്തണം. കുറ്റാരോപിതരോടു മാത്രമല്ല, ഇരയോടും ഇരയുടെ കുടുംബാംഗങ്ങളോടും നീതി പുലർത്താൻ സാധിക്കണമെന്നും ബെഞ്ച് നിരീക്ഷിച്ചു.
വിവാഹശേഷം ഒരു വർഷത്തിനുള്ളിൽ സ്ത്രീധന പീഡനത്തത്തുടർന്ന് പെണ്കുട്ടി മരിച്ചതാണ് കേസിന് അടിസ്ഥാനം. 2002ലായിരുന്നു സംഭവം. അതേവർഷംതന്നെ കുറ്റപത്രം സമർപ്പിച്ചെങ്കിലും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വിചാരണ സ്റ്റേ ചെയ്യുകയായിരുന്നു. പിന്നീട് 2023 ലാണ് കേസ് പരിഗണനയിൽ എത്തുന്നത്. ആ വർഷം ഹൈക്കോടതി കേസ് തള്ളിയതോടെയാണ് വിഷയം സുപ്രീംകോടതിയിൽ എത്തിയത്.