ടെഹ്റാൻ: ഇറാനിൽ സർക്കാർ ഇന്റർനെറ്റ് നിരോധിച്ചിരിക്കേ ഇതു മറികടക്കാൻ സ്റ്റാർലിങ്ക് സാങ്കേതികവിദ്യയുമായി അമേരിക്കൻ ആക്ടിവിസ്റ്റുകൾ രംഗത്ത്. രാജ്യത്തു പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് നാളുകളായി ഇറാൻ ഭരണകൂടം ഇന്റർനെറ്റ് പൂർണമായും വിച്ഛേദിച്ചിരിക്കുകയാണ്.
ഇതുമൂലം പുറംലോകവുമായി ബന്ധപ്പെടാനാകാതെയും മറ്റും ജനം അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്. ഈ സാഹചര്യത്തിലാണ് ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനമായ സ്റ്റാർലിങ്ക് എത്തിക്കാൻ സന്നദ്ധ പ്രവർത്തകർ ശ്രമിക്കുന്നത്.
ആയിരക്കണക്കിന് സ്റ്റാർലിങ്ക് ടെർമിനലുകൾ ഇറാനിലേക്കു രഹസ്യമായി കടത്താൻ ഇവർ പദ്ധതിയിടുന്നു. അതിർത്തികൾ വഴി ചെറിയ പാഴ്സലുകളായി ഇവ എത്തിക്കാനാണ് ആക്ടിവിസ്റ്റുകളുടെ ശ്രമം. കാനഡയിലുള്ള ഇറേനിയൻ പ്രവാസികളും ഈ ദൗത്യത്തിന് സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഇന്റർനെറ്റ് ലഭിക്കുന്നതോടെ ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്.
വിവരങ്ങൾ തടഞ്ഞുവച്ച് ഭരണം തുടരാമെന്ന ഇറാന്റെ മോഹത്തിന് സ്റ്റാർലിങ്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. യുദ്ധഭൂമിയിൽനിന്നുള്ള തത്സമയ ദൃശ്യങ്ങൾ ലോകത്തിനു മുന്നിലെത്താൻ ഇതു സഹായിക്കും. ഇന്റർനെറ്റ് സേവനം നൽകുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമല്ലെന്ന് ആക്ടിവിസ്റ്റുകൾ വാദിക്കുന്നു.
എന്നാൽ ഇതു തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇറാൻ ആരോപിച്ചു. നിലവിൽ ഇറാന്റെ പല നഗരങ്ങളിലും വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും തകർന്ന നിലയിലാണ്. ഈ സാഹചര്യത്തിൽ ഉപഗ്രഹ ഇന്റർനെറ്റ് വലിയ സഹായമായി മാറുമെന്ന് വിദഗ്ധർ കരുതുന്നു. ഇത് ഇറാനിലെ ജനങ്ങൾക്കു വിവരങ്ങൾ കൈമാറാൻ വലിയ സഹായമാകും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ നീക്കത്തിനു പരോക്ഷമായ പിന്തുണ നൽകുന്നതായാണ് സൂചനകൾ. ഇറാൻ ഭരണകൂടത്തിന്റെ ക്രൂരതകൾ ലോകമറിയണമെങ്കിൽ അവിടത്തെ ജനങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യം അനിവാര്യമാണെന്ന് ട്രംപ് ഭരണകൂടം വിശ്വസിക്കുന്നു. ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകർക്കും സാധാരണക്കാർക്കും സത്യസന്ധമായ വാർത്തകൾ അറിയാൻ ഇതിലൂടെ സാധിക്കും.
ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനം ചിലയിടങ്ങളിൽ സ്റ്റാർ ലിങ്ക് ലഭ്യമാക്കിയെങ്കിലും സർക്കാർ ഇവ കണ്ടുകെട്ടിയിരുന്നു. യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യ ആദ്യം തകർത്തത് അവിടത്തെ വാർത്താവിനിമയ ബന്ധങ്ങളായിരുന്നു. എന്നാൽ, ഉപഗ്രഹ ഇന്റർനെറ്റ് സേവനവുമായി സ്റ്റാർ ലിങ്ക് രംഗത്തെത്തിയതോടെ ഈ പ്രതിസന്ധി മറികടക്കാൻ യുക്രെയ്ൻ സർക്കാരിനായി.