ഐക്യൂ Z11xa 5G ഇന്ത്യയിൽ പുറത്തിറക്കി; 7200mAh ബാറ്ററിയും ഡൈമൻസിറ്റി 7400 ടർബോ ചിപ്സെറ്റും 28,999 രൂപയ്ക്ക് സ്വന്തമാക്കാം
ന്യൂഡൽഹി: ഐക്യൂ (iQOO) തങ്ങളുടെ പുതിയ Z11xa 5G സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മീഡിയടെക് ഡൈമൻസിറ്റി 7400ടർബോ ചിപ്സെറ്റ്, 50 മെഗാപിക്സൽ സോണി ക്യാമറ, 7,200mAh കൂറ്റൻ ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. സെപ്റ്റംബർ 14 ഉച്ചയ്ക്ക് 12 മണി മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും.
6.76 ഇഞ്ച് എഫ്എച്ച്ഡി+എൽസിഡി ഡിസ്പ്ലേയിലാണ് ഫോൺ എത്തുന്നത്. 120Hz റിഫ്രഷ് റേറ്റും 1,200 നിറ്റ്സ് ബ്രൈറ്റ്നസും ഇതിലുണ്ട്. കണ്ണുകളുടെ സുരക്ഷയ്ക്കായി 'ടിവി റെയ്ൻലാൻഡ്' സർട്ടിഫിക്കേഷനും, സ്ലീപ്പ് കംഫർട്ട്, ആന്റി-മോഷൻ സിക്നസ് മോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
4nm പ്രോസസ്സിൽ നിർമിച്ച മീഡിയടെക് ഡൈമൻസിറ്റി 7400ടർബോ ചിപ്സെറ്റാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 8ജിബി എൽപിഡിഡിആർ4എക്സ് റാമും 128ജിബി യുഎഫ്എസ് 2.2 സ്റ്റോറേജും ലഭിക്കും.
കൂടാതെ 8ജിബി വരെ വെർച്വൽ റാം പിന്തുണയുമുണ്ട്. ഫോണിന്റെ ആന്റൂട്ടൂ സ്കോർ (AnTuTu) 8,90,000ന് മുകളിലാണെന്ന് കമ്പനി അവകാശപ്പെടുന്നു. ആപ്പിൽ നിന്നും പൊടിപടലങ്ങളും വെള്ളവും പുറന്തള്ളാനുള്ള 'വൺ-ടാപ്പ് വാട്ടർ ആൻഡ് ഡസ്റ്റ് ഇജക്ഷൻ' ഫീച്ചറും ഇതിലുണ്ട്.
7,200mAh ബാറ്ററിയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. 44W ഫ്ലാഷ് ചാർജ് പിന്തുണയോടെ വരുന്ന ഫോൺ, 43 മിനിറ്റിനുള്ളിൽ 1 മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യാനാകും. 10 മിനിറ്റ് ചാർജ് ചെയ്താൽ 6 മണിക്കൂർ വരെ ടോക്ക് ടൈം ലഭിക്കുമെന്നും ഐക്യൂ വ്യക്തമാക്കുന്നു.
ഫോട്ടോഗ്രാഫിക്കായി 50 മെഗാപിക്സൽ സോണി IMX852 പ്രധാന ക്യാമറയും 2 മെഗാപിക്സൽ ബൊക്കെ ക്യാമറയും പിന്നിൽ നൽകിയിട്ടുണ്ട്. സെൽഫികൾക്കായി 32 മെഗാപിക്സൽ മുൻ ക്യാമറയുമുണ്ട്. മുന്നിലെയും പിന്നിലെയും ക്യാമറകളിൽ 30fps-ൽ 4K വീഡിയോ റെക്കോർഡിംഗ് സാധ്യമാണ്. ആൻഡ്രോയിഡ് 16 അധിഷ്ഠിത ഓർജിൻ ഒഎസ് 6-ലാണ് (OriginOS 6) ഫോൺ പ്രവർത്തിക്കുന്നത്. സൈനിക തലത്തിലുള്ള തകർച്ചാ പ്രതിരോധ ശേഷിയും IP68, IP69 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗും ഫോണിനുണ്ട്.
8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള മോഡലിന് 28,999 രൂപയാണ് വില. എന്നാൽ ലോഞ്ച് ഓഫറുകൾക്ക് ശേഷം 27,499 രൂപയ്ക്ക് ഇത് സ്വന്തമാക്കാം. 'ടൈറ്റൻ ബ്ലാക്ക്', 'പ്രിസ്മാറ്റിക് ഗ്രീൻ' എന്നീ രണ്ട് നിറങ്ങളിൽ എത്തുന്ന ഫോൺ ആമസോൺ, ഐക്യൂ ഒഫീഷ്യൽ വെബ്സൈറ്റ്, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴി സെപ്റ്റംബർ 14 മുതൽ ലഭ്യമാകും.