* കുതിച്ചുയർന്ന് പ്ലാസ്റ്റിക് വില
ആലപ്പുഴ: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ സംസ്ഥാനത്തെ വിപണിയില്‍ വിലക്കയറ്റം രൂക്ഷം. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 20 മുതല്‍ 50 ശതമാനം വരെ വില വര്‍ധിച്ചതോടെ, നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയര്‍ന്നിരിക്കുകയാണ്. ഇറക്കുമതി ആശ്രയിക്കുന്ന ഉല്‍പ്പന്നങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ വിലവര്‍ധന പ്രകടമാകുന്നത്. പ്രത്യേകിച്ച് പ്ലാസ്റ്റിക് കവറുകള്‍, വിവിധ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, പാചക എണ്ണ എന്നിവയുടെ വിലയില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെ പാക്കിംഗിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ക്ക് കിലോയ്ക്ക് 70 മുതല്‍ 100 രൂപ വരെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ചെറുകിട ഉല്‍പ്പാദകര്‍ക്കും ഹോം ബേസ്ഡ് സംരംഭങ്ങള്‍ക്കും വലിയ സാമ്പത്തിക ബാധ്യതയാണുണ്ടായത്. കവറുകളുടെ വില കൂടിയതോടെ പ്ലാസ്റ്റിക് പാക്കിംഗിൽ വിപണിയില്‍ എത്തുന്ന പല ഉല്‍പ്പന്നങ്ങളുടെയും വിലയും സ്വാഭാവികമായി ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം പാചക എണ്ണയുടെ വിലയും ലിറ്ററിന് 20 മുതല്‍ 40 രൂപ വരെ ഉയര്‍ന്നതായി വ്യാപാരികള്‍ പറയുന്നു.
ചില ബ്രാന്‍ഡുകള്‍ പഴയ നിരക്കില്‍ വിറ്റഴിക്കുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ വിപണിയൊട്ടാകെ വില ഉയരാനാണ് സാധ്യത. പാചക വാതകത്തിന്റെ ലഭ്യതക്കുറവും വിലവര്‍ധനയും ചെറുകിട ഭക്ഷ്യ സംരംഭങ്ങളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചു. ഹോട്ടലുകള്‍, തട്ടുകടകള്‍, ചെറുകിട ഭക്ഷ്യ ഉല്‍പ്പാദന യൂണിറ്റുകള്‍ എന്നിവയ്ക്ക് ചെലവ് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍, ചപ്പാത്തി, അപ്പം, വിവിധ മാവ് ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന നിരവധി സംരംഭങ്ങള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. പാചക എണ്ണയുടെയും പാക്കിംഗ് സാമഗ്രികളുടെയും ചെലവ് കൂടിയതോടെ ലാഭം കുറഞ്ഞ് പലരും പ്രവര്‍ത്തനം കുറയ്ക്കുകയോ താല്‍ക്കാലികമായി നിര്‍ത്തുകയോ ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
അതേസമയം, യുദ്ധ സാഹചര്യം മറയാക്കി ചില വ്യാപാരികള്‍ കൃത്രിമമായി വില ഉയര്‍ത്തുന്നുവെന്ന ആക്ഷേപവും ശക്തമാകുന്നു. വിപണിയില്‍ ഫലപ്രദമായ വിലനിയന്ത്രണ സംവിധാനം ഇല്ലാത്തതും നിരീക്ഷണത്തിലെ ദൗര്‍ബല്യവും ഇത്തരം പ്രവണതകള്‍ക്ക് ഇടയാക്കുന്നതായി ഉപഭോക്താക്കൾ പറയുന്നു. വിലക്കയറ്റഇത്തരത്തില് തുടര്‍ന്നാല്‍ വരും ദിവസങ്ങളിൽ അരി, പച്ചക്കറി, മറ്റു നിത്യോപയോഗ സാധനങ്ങള്‍ എന്നിവയ്ക്കും ക്രമാതീതമായ വിലവര്‍ധന ഉണ്ടാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സാധാരണക്കാരുടെ ജീവിതച്ചെലവ് നിയന്ത്രണാതീതമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് വിപണിയില്‍ വിലസ്ഥിരത ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുന്നു.
*നെൽക്കർഷകരും പ്രതിസന്ധിയിൽ
മുൻപ് ഒരു പ്ലാസ്റ്റിക് ചാക്കിന് 10–11 രൂപയായിരുന്ന വില ഇപ്പോൾ 15 രൂപയായി. ചാക്കിന്റെ വിലക്കയറ്റം നെൽക്കർഷകരെയും പ്രതിസന്ധിയിലാക്കി. നെല്ലുനിറയ്ക്കാൻ ഭൂരിഭാഗം കർഷകരും പ്ലാസ്റ്റിക് ചാക്കാണ് ഉപയോഗിക്കുന്നത്. ഇതിനായി ഓരോ സീസണിലും പുതിയ ചാക്കു വാങ്ങുകയാണു പതിവ്. ഒരു ചാക്കിന് 4–5 രൂപ വർധിച്ചതോടെ നിലവിൽ പഴയ ചാക്കുകൾ വാങ്ങേണ്ട സ്ഥിതിയുണ്ട്. ഇതിനും ചുരുങ്ങിയതു 10 രൂപയെങ്കിലും നൽകണം. പഴയ ചാക്കാകുമ്പോൾ പൊട്ടാനും മറ്റും സാധ്യത കൂടുതലാണ്.
സപ്ലൈകോ സംഭരിക്കുന്നതുവരെ കൃഷിക്കാർ നെല്ലു ചാക്കിലാക്കിയാണു സൂക്ഷിക്കുക. വില കൂടിയെങ്കിലും മൊത്തവിതരണക്കാരിൽ നിന്ന് ഇപ്പോൾ ചാക്കു ലഭിക്കുന്നുണ്ട്. കൊയ്ത്തു സജീവമാകുന്നതോടെ ചാക്ക് ലഭ്യത കുറയുമെന്ന ആശങ്കയും ഉണ്ട്. ഒരു ചാക്കിൽ 50–55 കിലോഗ്രാം നെല്ലുവരെ നിറയ്ക്കാം.
പ്ലാസ്റ്റിക് ചാക്ക് നിർമാണത്തിനു വേണ്ട അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണമെന്നു വ്യാപാരികൾ പറയുന്നു. സപ്ലൈകോ സംഭരണത്തിൽ നെല്ല് നിറക്കാനുള്ള ചാക്ക് മില്ലുകൾ കർഷകർക്കു നൽകണമെന്നാണു വ്യവസ്ഥയെങ്കിലും ഇതു പാലിക്കപ്പെടാറില്ല. എല്ലാ സീസണിലും കൃഷിക്കാർ സ്വന്തം കൈയിൽനിന്ന് തുക നൽകി ചാക്കു വാങ്ങി അതിലാണു നെല്ലു നിറക്കുക. മുൻപ് ചണച്ചാക്കിലായിരുന്നു നെല്ലു നിറച്ചിരുന്നത്. നല്ല ചണച്ചാക്കിന് ഇപ്പോൾ ക്ഷാമമുണ്ട്. ഈ സാഹചര്യത്തിൽ മുഴുവൻ കർഷകരും പ്ലാസ്റ്റിക് ചാക്കാണ് ഉപയോഗിക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധം തുടർന്നാൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വില ഇനിയും ഉയരാൻ ഇടയുണ്ട്. അസംസ്കൃത എണ്ണയിൽ നിന്നും പ്രകൃതിവാതകത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന പോളിമറുകളുടെ വില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 50 മുതൽ 60 ശതമാനം വരെ വർദ്ധിച്ചിരുന്നു. പോളിമറകളുടെ വിലയിൽ ഉണ്ടാകുന്ന വർദ്ധനവാണ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിന് കാരണം.