അവഗണനയുടെ കയ്പുനീർ നുകർന്ന സഞ്ജു സാംസൺ ട്വന്റി-20 ലോകകിരീട പോരാട്ടത്തിൽ ബ്ലൂ ഇൻ ആർമിയുടെ വിജയശിൽപിയായി, പരന്പരയുടെ താരമായി. ഐസിസി ട്വന്റി-20 ലോകകിരീടം ഇന്ത്യൻ മണ്ണിൽ തുടർച്ചയായ രണ്ടാം തവണയും എത്തിച്ച് തേനൂറും മധുരം നൽകി മലയാളികൾക്ക് ഒരിക്കൽകൂടി അഭിമാനമായി സഞ്ജു സാംസണ്... മലയാളി പൊളിയാണ്...
മൂന്നു വലിയ മത്സരങ്ങളിൽ മൂന്ന് വലിയ ഇന്നിംഗ്സ്... സൗമ്യം, ശാന്തം അതാണ് സഞ്ജു. എന്നാൽ, ക്രീസിൽ സ്ഫോടനാത്മക ബാറ്റിംഗ്. വിക്കറ്റിനു പിന്നിൽ ചോരാത്ത കൈകളുമായി അതിവേഗ ചലനങ്ങൾ സൃഷ്ടിക്കുന്ന കീപ്പർ. പാകമായ ശരീരഭാഷയിൽ ചെറുപുഞ്ചിരിയോടെ അവഗണനയും പരിഹാസവും നേരിട്ട സഞ്ജു ഇന്നൊരു താരമാണ്, ബ്രാൻഡാണ്...
എസ്. ശ്രീശാന്തിനു ശേഷം ട്വന്റി-20 ലോകകപ്പ് കിരീടം സ്വന്തമാക്കുന്ന ഇന്ത്യൻ ടീമിന്റെ ഭാഗമായ മലയാളി താരമെന്ന അഭിമാന സ്ഥാനം സഞ്ജു സ്വന്തമാക്കി. രണ്ട് ട്വന്റി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ടീമിന്റെ ഭാഗമായ ആദ്യ മലയാളിയായി ആ അഭിമാനം വാനോളം ഉയർത്തി.
തഴയപ്പെട്ടിടത്തുനിന്നും തിരികെ വിളിപ്പിച്ചപ്പോൾ വന്പൻ റിക്കാർഡുകൾ കടപുഴക്കി സഞ്ജു ചരിത്രം കുറിച്ചു. മലയാളികളുടെ ജീവന്റെ തുടിപ്പായി മാറിയ സഞ്ജു കടപുഴക്കിയ റിക്കാർഡുകൾ ഇതാ...
ട്വന്റി-20 ലോകകപ്പിൽ സെഞ്ചുറിയോളം പോന്ന മൂന്ന് അർധസെഞ്ചുറി. പുറത്താകാലിന്റെ വക്കിൽനിന്ന് ഇന്ത്യക്ക് സൂപ്പർ എട്ട് അവസാന മത്സരത്തിൽ സമ്മർദങ്ങളെ അവഗണിച്ച്, വെസ്റ്റ് ഇൻഡീസിനെതിരേ പുറത്താകാതെ 97 അടിച്ചെടുത്ത് ഇന്ത്യക്ക് ജയത്തോടൊപ്പം നൽകിയത് സെമിഫൈനൽ പ്രവേശനം.
സെമിയിൽ ഇംഗ്ലണ്ടിനെതിരേ 89 റണ്‍സ് സന്പാദ്യത്തിൽ ഫൈനൽ പ്രവേശനം. ഫൈനലിൽ ന്യൂസിലൻഡിനെതിരേ 33 പന്തിൽ 50 തികച്ച് 46 പന്തിൽ 89 റണ്‍സുമായി മടക്കം. മഹേല ജയവർധന (2010), വിരാട് കോഹ്ലി (2016, 2021), കെ.എൽ. രാഹുൽ (2021) എന്നിവരുടെ ലോകകപ്പിൽ തുടർച്ചയായ മൂന്ന് അർധസെഞ്ചുറിയെന്ന ലിസ്റ്റിൽ ഇടംപിടിച്ചു.
ട്വന്റി-20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് അർധസെഞ്ചുറി നേടിയ ഏഴാം ബാറ്റർ. വിരാട് കോഹ്ലിക്കും ഷാഹിദ് അഫ്രീദിക്കും ശേഷം സെമിഫൈനൽ, ഫൈനൽ മത്സരങ്ങളിൽ അർധസെഞ്ചുറി നേടുന്ന മൂന്നാം താരം.
ട്വന്റി-20 ലോകപ്പ് നോക്കൗട്ട്, ഫൈനൽ മത്സരങ്ങളിൽ ഏറ്റവും ഉയർന്ന വ്യകതിഗത സ്കോർ നേടിയ താരമെന്ന റിക്കാർഡ് കുറിച്ചാണ് ഇന്നലെ 89 റണ്‍സുമായി സഞ്ജു പവലിയനിലേക്കു മടങ്ങിയത്. ഫൈനലിൽ വിൻഡീസിന്റെ മാർലോണ്‍ സാമുവൽസ് കുറിച്ച പുറത്താകാതെ 85 റണ്‍സ് റിക്കാർഡ് പഴങ്കഥയാക്കി. ഇന്ത്യൻ താരങ്ങളിൽ കോഹ്ലി നേടിയ 2014ലെ 77 റണ്‍സും പഴങ്കഥ. ഉയർന്ന സ്ട്രൈക് റേറ്റിലും (193. 48) സഞ്ജു ഇരുവരേയും മറികടന്നു.
ലോകകപ്പ് ഒരു സീസണിൽ ഏറ്റവുമധികം സിക്സ് (24) നേടിയ താരം. ഒരു സീസണിൽ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന മാറ്റുള്ള റിക്കാർഡും റണ്‍മെഷീൻ വിരാട് കോഹ്ലിയെ മറികടന്ന് സഞ്ജു പേരിൽ കുറിച്ചു. അഞ്ച് ഇന്നിംഗ്സിൽ 80.20 ശരാശരിയിൽ 321 റണ്‍സ്. കോഹ്ലി 2014ൽ നേടിയ 319 റണ്‍സ് ഇതോടെ പിന്നിലായി. 2026 ലോകകപ്പിലെ റണ്‍ വേട്ടക്കാരിൽ രണ്ടാമനാകാനും സഞ്ജുവിനായി.
ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടിൽ 50 റണ്‍സ് പിന്നിടുന്ന ആദ്യ പാർട്ണർഷിപ്പ് സഞ്ജുവും അഭിഷേക് ശർമയും (7.1 ഓവറിൽ 98 റണ്‍സ്) ചേർന്ന് ഇന്നലെ കുറിച്ചു.
മാറ്റി നിർത്താനാവാത്ത മാറ്റുള്ള താരമാണ് താനെന്ന് സഞ്ജു നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഈ ലോകകപ്പിൽ അത് ഊട്ടിയുറപ്പിച്ചു. ഒരുപക്ഷെ, മലയാളികൾ ഒന്നടങ്കം മനസിൽ പറയുന്ന ഏകകാര്യം ഞങ്ങളുടെ വിലപിടിപ്പുള്ള മുത്തിനെ ഇനി തഴയരുതേ എന്നാകും. അതേ ഇനി തഴയില്ല, അല്ല തഴയാനാവില്ല ഈ വിലമതിക്കാനാവാത്ത സഞ്ജു മുത്തിനെ...