തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പിഎസ്സി അംഗങ്ങള്‍ക്ക് വീണ്ടും നോട്ടീസ്. മൊഴിയെടുപ്പിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പിഎസ്സി സെക്രട്ടറി സാജു ജോര്‍ജ്, പിഎസ്സി അംഗങ്ങളായ എസ്.എ. സെയ്ഫ്, എസ്. ശ്രീകുമാര്‍, സി.കെ. ഷാജിബ്, സ്റ്റാനി തോമസ് എന്നിവര്‍ക്കാണ് ക്രൈംബ്രാഞ്ച് എസ്പി സക്കറിയ മാത്യു കത്ത് നല്‍കിയത്. മൊഴിയെടുപ്പിന് ഹാജരാകാന്‍ കഴിയുന്ന സമയം അറിയിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൊഴിയെടുക്കേണ്ട സ്ഥലവും സമയവും അന്വേഷണസംഘം തീരുമാനിക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍പ് നാലു പിഎസ്സി അംഗങ്ങള്‍ക്കും ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇവരാരും ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായിരുന്നില്ല.
ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്താന്‍ കഴിയില്ലെന്നും പിഎസ്സി ഓഫിസില്‍ മൊഴി നല്‍കാമെന്നും കമ്മിഷന് നിലപാടെടുക്കുകയായിരുന്നു.ഭരണഘടനാ സ്ഥാപനമായതിനാല്‍ പിഎസ്സി അംഗങ്ങള്‍ക്ക് പ്രത്യേക നിയമ പരിരക്ഷയുണ്ടെന്നായിരുന്നു കമ്മിഷന്റെ വാദം.
എന്നാല്‍ ക്രിമിനല്‍ അന്വേഷണത്തിന്റെ ഭാഗമായി സാക്ഷികളെന്ന നിലയില്‍ മൊഴിയെടുക്കുന്നതില്‍ പിഎസ്സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നോട്ടീസ് നല്കാന് അന്വേഷണസംഘം തീരുമാനിച്ചത്.