മാലെ: മാലദ്വീപിൽ ഉൾക്കടലിലെ ഗുഹയിൽ കാണാതായ നാല് ഇറ്റാലിയൻ സമുദ്രപര്യവേക്ഷകരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നാലു ദിവസത്തെ തെരച്ചിലിനൊടുവിലാണ് നാലു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
തെരച്ചിലിനിടെ മാലദ്വീപ് സൈന്യത്തിലെ മുങ്ങൽവിദഗ്ധൻ മരിച്ചതിനെത്തുടർന്ന് താത്കാലികമായി നിർത്തിവച്ച രക്ഷാപ്രവർത്തനം തിങ്കളാഴ്ച പുനരാരംഭിച്ചതിനു പിന്നാലെയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഫിൻലൻഡിൽനിന്നുള്ള മൂന്ന് മുങ്ങൽവിദഗ്ധരും മാലദ്വീപ് പോലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണു ഗുഹയുടെ ഏറ്റവും ഉള്ളിലായി മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഗുഹയുടെ ഏറ്റവും വലിയഭാഗമായ മൂന്നാമത്തെ അറയിലാണ് നാലു മൃതദേഹങ്ങളും കണ്ടെത്തിയതെന്ന് മാലദ്വീപ് സർക്കാർ വക്താവ് അഹമ്മദ് ഷാം അറിയിച്ചു. മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള നടപടികൾ വരുംദിവസങ്ങളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽപ്പെട്ട അഞ്ചാമത്തെ ഇറ്റാലിയൻ ഡൈവിംഗ് ഇൻസ്ട്രക്ടറുടെ മൃതദേഹം നേരത്തേതന്നെ ഗുഹയ്ക്കു പുറത്തുനിന്ന് കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച വാവു അറ്റോളിലെ 160 അടി ആഴത്തിലുള്ള സമുദ്രത്തിലെ ഗുഹയിൽ പര്യവേക്ഷണം നടത്തുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്.
മാലദ്വീപിൽ സഞ്ചാരികൾക്കു ഡൈവിംഗ് നടത്താൻ അനുവദിച്ചിട്ടുള്ള പരമാവധി ആഴം 30 മീറ്ററാണ്. ഈ പരിധി ലംഘിച്ചാണ് ഇവർ ഗുഹയ്ക്കുള്ളിലേക്കു പോയത്.