വാഷിംഗ്ടൺ ഡിസി: ഇറാൻ വെടിവച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ രണ്ടാമത്തെ സൈനികൻ കാണാതായ വിവരം പുറത്തുവിട്ട മാധ്യമപ്രവർത്തകരെ ജയിലിലടയ്ക്കുമെന്ന് പ്രസിഡനന്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഈ മുന്നറിയിപ്പ് നൽകിയത്.
കാണാതായ സൈനികനെക്കുറിച്ചുള്ള അതീവ രഹസ്യവിവരങ്ങൾ ചോർത്തിയവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. വിവരങ്ങളുടെ ഉറവിടം വെളിപ്പെടുത്തിയില്ലെങ്കിൽ മാധ്യമസ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാൻ വെടിവച്ചിട്ട എഫ്-15 വിമാനത്തിലെ പൈലറ്റിനെയും സഹപൈലറ്റിനെയും യുഎസ് സേന സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ രണ്ടാമത്തെ സൈനികന്റെ രക്ഷാദൗത്യം അതീവ സങ്കീർണമായിരുന്നുവെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു.
ട്രംപിന്റെ പ്രസ്താവന മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് നൈറ്റ് ഫസ്റ്റ് അമെൻഡ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രതികരിച്ചു. മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറായില്ലെങ്കിൽ ചൊവ്വാഴ്ച രാത്രിയോടെ ഇറാനിലെ തന്ത്രപ്രധാന മേഖലകൾ തകർക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനുമായുള്ള യുദ്ധം ആറാം വാരത്തിലേക്ക് കടക്കുമ്പോൾ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.