ഇന്ത്യയിലേക്ക് കുവൈറ്റിൽ നിന്ന് പുതിയ നാലു സർവീസുകൾ കൂടി ആരംഭിച്ചതായി ജസീറ എയർവേയ്സ് അറിയിച്ചു. കോഴിക്കോട്, തിരുച്ചിറപ്പള്ളി, മംഗലാപുരം, കണ്ണൂർ എന്നീ നാല് പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജസീറ എയർവേയ്സ് ഇന്ത്യയിലെ 12 നഗരങ്ങളിലേക്ക് ആഴ്ചയിൽ 49 വിമാനങ്ങൾ സർവീസ് നടത്തുമെന്നും കമ്പനി അറിയിച്ചു.
അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊച്ചി, മുംബൈ, തിരുവനന്തപുരം എന്നീ എട്ട് നഗരങ്ങളിലേക്കുള്ള നിലവിലെ സർവീസുകൾക്ക് പുറമെയാണ് പുതിയ റൂട്ടുകൾ വരുന്നത്. സൗദി അറേബ്യയിലെ ദമാമിലുള്ള കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട് വഴിയായിരിക്കും കോഴിക്കോട്, തിരുച്ചിറപ്പള്ളി, മംഗലാപുരം, കണ്ണൂർ സർവീസുകൾ പ്രവർത്തിക്കുക.
പുതിയ വിപുലീകരണം അവശ്യ സേവന മേഖലകളിൽ ജോലി ചെയ്യുന്ന പ്രഫഷണലുകൾക്ക് അവരുടെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാനും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള കാർഗോ, വിതരണ ശൃംഖല തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും സഹായിക്കുന്നതാകുമെന്ന് കമ്പനി അറിയിച്ചു. പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കുന്നതോടെ ദക്ഷിണേന്ത്യയിലെ പ്രധാന മേഖലകളിലേക്കുള്ള കണക്റ്റിവിറ്റി ശക്തമാക്കാൻ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി.