ആനവിലാസം: ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ആനവിലാസം സെന്റ് ജോർജ് യുപി സ്കൂളും വ്യാപാരി വ്യവസായി ഏകോപനസമിതി ആനവിലാസം യൂണിറ്റും സംയുക്തമായി നടത്തിയ ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ആനവിലാസം ടൗണിൽ നടന്ന പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. റോബിൻ പട്രക്കാലായിൽ അധ്യക്ഷത വഹിച്ചു. കുമളി പോലീസ് എസ്എച്ച്ഒ കിഷോർ സണ്ണി മുഖ്യപ്രഭാഷണം നടത്തി.
പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ സൈക്കിൾ റാലി, ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ പ്രതിജ്ഞ, ബോധവത്കരണ ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
സമ്മേളനത്തിൽ കെവിവിഇഎസ് ആനവിലാസം യൂണിറ്റ് പ്രസിഡന്റ് ബിനീഷ് കുമാർ, ജില്ലാ എക്സിക്യൂട്ടിവ് അംഗം വി.സി. മാത്യു, യൂണിറ്റ് ജനറൽ സെക്രട്ടറി തോമസ് പോൾ, ഹെഡ്മാസ്റ്റർ ബിജു ജേക്കബ്, പിടിഎ പ്രസിഡന്റ് റോയി ടി. ഇമ്മാനുവൽ തുടങ്ങിയവർ പ്രസംഗിച്ചു.