National
ദിസ്പുർ: ആസാം കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ബിജെപിയിൽ ചേർന്നു. സംസ്ഥാന ബിജെപി അധ്യക്ഷൻ ദിലീപ് സൈക്കിയയിൽ നിന്നാണ് അംഗത്വമെടുത്തത്. ബൈജയന്ത് പാണ്ഡ എംപിയുടെ സാന്നിധ്യത്തിലാണ് ബോറ ബിജെപിയിൽ ചേർന്നത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശരമയുമായുള്ള നിരന്തര ചർച്ചകൾക്കൊടുവിലാണ് ബോറ ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. മുൻ എംഎൽഎ കൂടിയായ ബോറ ഈ മാസം 16നാണ് കോൺഗ്രസ് വിട്ടത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ കത്തിലൂടെയാണ് രാജിക്കാര്യം ബോറ അറിയിച്ചത്.
ബോറയെ പാർട്ടി അവഗണിച്ചെന്നായിരുന്നു രാജിക്കത്തിലെ ഉള്ളടക്കം. പിന്നാലെ ഭുപെൻ ബോറയെ ബിജെപിയിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, സുരക്ഷിത സീറ്റ് നൽകുമെന്നും പറഞ്ഞിരുന്നു.
2021 മുതൽ കഴിഞ്ഞ വർഷം വരെ അസം പിസിസി അധ്യക്ഷനായ ഭുപെൻ ബോറയെ മാറ്റിയാണ് ഗൗരവ് ഗോഗോയിയെ സംസ്ഥാന അധ്യക്ഷനാക്കിയത്. എഐസിസി നടപടിക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
എന്നാൽ ഗൗരവ് ഗോഗോയിയുമായുള്ള ചർച്ചയെ തുടർന്ന് ബോറ കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു. തുടർന്ന് ഹിമന്തയുമായി ചർച്ച നടത്തിയ ബോറ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയാണെന്ന തീരുമാനം അന്തിമമായി പ്രഖ്യാപിക്കുകയായിരുന്നു.
Kerala
കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു. ജില്ല ലീഗ് ഓഫീസിൽ പാണക്കാട് സാദിഖ് അലി തങ്ങൾ ഷാൾ അണിയിച്ച് സുജയെ സ്വീകരിച്ചു.
30 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ചുകൊണ്ടാണ് സുജ ചന്ദ്രബാബു മുസ്ലിം ലീഗിലേക്ക് ചേർന്നത്. മൂന്നു തവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു സുജ. കൂടാതെ, മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.
അതേസമയം, സിപിഎമ്മിന്റെ വർഗീയ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്നും ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്കു വന്നതെന്നും സുജ പറഞ്ഞു. കേരളത്തിൽ ഒരു പുതിയ പ്രതിഭാസം ഉണ്ടാകുകയാണെന്ന് സാദിഖലി തങ്ങൾ പ്രതികരിച്ചു. കൊല്ലം ജില്ലയിൽനിന്നു സിപിഎം വിടുന്ന രണ്ടാമത്തെ പ്രമുഖ വനിത നേതാവാണ് സുജ. കഴിഞ്ഞയാഴ്ച കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റി സിപിഎം വിട്ടു കോൺഗ്രസിൽ ചേർന്നിരുന്നു.
Kerala
തിരുവനന്തപുരം: ദേവികുളത്തെ സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി എം.എം. മണി എംഎൽഎ. രാജേന്ദ്രൻ ബിജെപിയിലേയ്ക്ക് പോയതിൽ സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പുകഞ്ഞകൊള്ളി പുറത്താണെന്നും മണി പറഞ്ഞു.
രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേടാണ്, സിപിഎം രാജേന്ദ്രനെ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. വർഷങ്ങളായി രാജേന്ദ്രൻ പാർട്ടിയിലില്ല. ഒരു പാർട്ടി അനുഭാവിയെ പോലും കൊണ്ടുപോകാൻ രാജേന്ദ്രന് കഴിയില്ല. എം.എം. മണി പോയാൽ പോലും പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. അത്രയും വലിയ ബഹുജന അടിത്തറ സിപിഎമ്മിനുണ്ടെന്നും മണി പറഞ്ഞു.
എസ്. രാജേന്ദ്രൻ ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തിയാണ് ബിജിപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. നീലംപേരൂരിൽ നിന്നുള്ള സിപിഎം പ്രവർത്തകൻ സന്തോഷും ബിജെപി യിൽ ചേർന്നു.
താൻ പ്രമുഖൻ അല്ലെന്നും സിപിഎമ്മിനെ ഒരു കാലത്തും ചതിച്ചിട്ടില്ലെന്നും എസ്. രാജേന്ദ്രൻ പ്രതികരിച്ചു. പലതും സഹിച്ചിട്ടുണ്ട്. പലപ്പോഴും ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തോട്ടം മേഖലയിൽ സർക്കാരിന്റെ സഹായം ആവശ്യമുണ്ടെന്നും അതിനാൽ ബിജെപിയിൽ ചേരുന്നുവെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ദേവികുളത്തെ സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
2006, 2011, 2016 എന്നീ കാലയളവിൽ സിപിഎമ്മിന്റെ എംഎൽഎ ആയിരുന്നു എസ്. രാജേന്ദ്രൻ.മൂന്നു വർഷമായി എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരും എന്ന് പ്രചരണം ഉണ്ടായിരുന്നു.
വ്യക്തിപരമായ ആവശ്യങ്ങൾ ഒന്നും ഉന്നയിച്ചില്ലെന്നും ബിജെപിയിൽ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ലെന്നാണ് രാജേന്ദ്രൻ പ്രതികരിച്ചത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനു കനത്ത തിരിച്ചടി. മുതിർന്ന നേതാവും കൊട്ടാരക്കര മുൻ എംഎൽഎയുമായ ഐഷ പൊറ്റി കോൺഗ്രസിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫാണ് ഐഷ പോറ്റിക്ക് അംഗത്വം നൽകിയത്.
കോൺഗ്രസിന്റെ രാപ്പകൽ സമരത്തിന്റെ വേദിയിലെത്തിയാണ് അംഗത്വം സ്വകരിച്ചത്. സമരവേദിയിലെത്തിയ ഐഷാ പോറ്റിയെ പ്രതിപക്ഷ നേതാവ് നേതാവ് വി.ഡി. സതീശൻ സ്വീകരിച്ചു. ഐഷ പോറ്റി കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന.
പ്രതിപക്ഷ നേതാവുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. മൂന്ന് തവണ കൊട്ടാരക്കര എംഎൽഎ ആയിരുന്നു. കഴിഞ്ഞ തവണ ഐഷ പോറ്റിക്കു സിപിഎം സീറ്റ് നിഷേധിച്ചിരുന്നു.
കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിൽ വളരെ മ്ലേച്ഛമായ സോഷ്യൽ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റി പറഞ്ഞു. പ്രിയപ്പെട്ട സഖാക്കൾക്ക് വിഷമമുണ്ടാക്കുന്ന തീരുമാനമാണിതെന്നും അവർ കോൺഗ്രസ് സമരവേദിയിൽ പറഞ്ഞു.
ഡിസിഷൻ മേക്കേഴ്സ് ആയ ചിലർ മാത്രമായിരുന്നു പ്രശ്നം. ആരെയും കുറ്റം പറയാൻ ഇഷ്ടമല്ല. ഏത് വലിയ മന്ത്രിയായാലും മനുഷ്യരോട് ഇടപെടാൻ പ്രശ്നം എന്താണ്? വർഗ വഞ്ചക എന്ന് വിളിച്ചേക്കും. എപ്പോഴും മനുഷ്യപക്ഷത്തായിരിക്കുമെന്നും ഐഷ പോറ്റി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: മേയർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചണ്ഡീഗഡ് നഗരസഭയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. രണ്ട് കൗൺസിലർമാർ ബിജെപിയിൽ ചേർന്നു.
സുമൻ ദേവിയും പൂനം ദേവിയും ആണ് ബിജെപിയിൽ ചേർന്നത്. ചണ്ഡീഗഡ് ബിജെപി പ്രസിഡന്റ് ജതീന്ദർ പാൽ മൽഹോത്രയുടെ സാന്നിധ്യത്തിലാണ് ഇരുവരും ബിജെപിയിൽ അംഗത്വമെടുത്തത്.
ഇതോടെ ബിജെപിക്ക് ഇതോടെ 18 അംഗങ്ങളായി. മേയർ സ്ഥാനം ഉറപ്പിക്കണമെങ്കിൽ ബിജെപിക്ക് ഒരു സീറ്റ് കൂടി വേണം.
National
മുംബൈ: ഉദ്ദവ് താക്കറെയുടെ ശിവസേന-യുബിടി പാർട്ടി നേതാവ് തേജസ്വി ഖൊസാൽക്കർ ബിജെപിയിൽ ചേർന്നു. ഇന്ന് രാവിലെ മുംബൈയിലെ പാർട്ടി ഓഫീസിലെത്തിയാണ് തേജസ്വി ബിജെപിയിൽ ചേർന്നത്.
ബ്രിഹൻ മുംബൈ മുനിസിപ്പിപ്പൽ കോർപറേഷനിലെ (ബഎംസി) മുൻ കൗൺസിലറാണ് തേജസ്വി. അന്തരിച്ച ശിവസേന-യുബിടി നേതാവ് അഭിഷേക് ഖൊസാൽക്കറുടെ ഭാര്യയാണ് തേജസ്വി.
വടക്കൻ മുംബൈയിൽ സ്വാധീനമുള്ള നേതാവാണ് തേജസ്വി ഖൊസാൽക്കർ. തേജസ്വി പാർട്ടി വിട്ടത് ശിവസേന-യുബിടിക്ക് കനത്ത തിരിച്ചടിയാണ്.
ബിഎംസി തെരഞ്ഞെടുപ്പ് ജനുവരിയിൽ നടക്കാനിരിക്കെയാണ് ഖൊസാൽക്കർ പാർട്ടി വിട്ടത്. ജനുവരി 12നും 18നും ഇടയിൽ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
Kerala
തൃശൂർ: ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സുജീഷ കള്ളിയത്ത് ബിജെപിയിൽ ചേര്‍ന്നു. തൃശൂർ ബിജെപി ഓഫീസിലെത്തിയാണ് സുജീഷ കള്ളിയത്ത് അംഗത്വം സ്വീകരിച്ചത്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഷാൾ അണിയിച്ച് സുജീഷ കള്ളിയത്തിനെ സ്വീകരിച്ചു. പാർട്ടി നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിൽ നിന്ന് രാജി വച്ചതെന്ന് സുജീഷ കള്ളിയത്ത് പ്രതികരിച്ചു.
കഴിഞ്ഞ അഞ്ച് വർഷം കോൺഗ്രസ് നേതാക്കൾ തന്നെ ഭരിക്കാൻ അനുവദിച്ചില്ലെന്ന് സുജീഷ ആരോപിച്ചു.
Kerala
തിരുവനന്തപുരം: സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മയെ ദീപാദാസ് മുൻഷിയും കെപിസിസി അധ്യക്ഷൻ സണ്ണിജോസഫും ചേർന്ന് ഷോൾ അണിയിച്ച് സ്വീകരിച്ചു. മുൻ ജില്ലാ പഞ്ചായത്തംഗമായിരുന്നു ശ്രീനാദേവിക്ക് സിപിഐ ടിക്കറ്റിൽ മത്സരിച്ച പള്ളിക്കൽ ഡിവിഷൻ തന്നെ മത്സരിക്കാൻ നൽകുമെന്നാണ് വിവരം
അധികാരമല്ല വലുത്, ആദർശമാണ് വലുതെന്ന് ശ്രീനാദേവി പറഞ്ഞു. അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും ശ്രീനാദേവി കൂട്ടിച്ചേർത്തു.
നവംബര്‍ മൂന്നിനാണ് ശ്രീനാദേവി സിപിഐ വിട്ടത്. സിപിഐ വിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിന്റെ എല്ലാ സ്ഥാനങ്ങളും രാജിവച്ചതായും ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. ഒട്ടനവധി പരാതികൾ സിപിഐ സംസ്ഥാന നേതൃത്വത്തിന് നൽകിയതാണ്. എന്നാൽ ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീനാദേവി പറഞ്ഞു.
ഏറെക്കാലമായി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സിപിഐ കൈക്കൊണ്ടത്.