കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യനാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. ഇതോടെ അതിജീവിതയുടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്കിയ പരാതിയില്‍ കോടതി ഇന്ന് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല നടപടികളോ ക്രിമിനല്‍ നടപടികളോ ഉണ്ടായിട്ടുണ്ടോ എന്നാണ് കോടതി ചോദിച്ചത്. വിവരങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേസിന്റെ വിചാരണ ഘട്ടത്തില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് വലിയ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും വഴിവച്ചിരുന്നു. കേസ് അട്ടിമറിക്കുന്നതിനായി ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നത്.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങള്‍ ചോര്‍ന്നത് കേസിന്റെ സുതാര്യതയെ ബാധിക്കുന്നതാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ വിപുലമായ അന്വേഷണം തന്നെ വേണമെന്നുമാണ് പ്രധാന ആവശ്യം.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കോപ്പി ചെയ്ത പെന്‍ഡ്രൈവ് അടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് മറ്റൊരു ആവശ്യം. ഇത് ഫോറന്‍സിക് ലാബിലേക്ക് അയച്ച് പരിശോധിച്ച്, ദൃശ്യങ്ങള്‍ അനധികൃതമായി ആക്സസ് ചെയ്ത കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അതിന് എസ്ഐടി രൂപീകരിക്കണമെന്നുമാണ് അതിജീവിതയുടെ ആവശ്യം.