കണ്ണൂർ: സിപിഎം നേതാവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ കെ.പി.സഹദേവൻ (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും വൈകുന്നേരം മൂന്നു മുതൽ സിഐടിയുജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിനു വയ്ക്കും.
തുടർന്ന് വൈകുന്നേരം നാലിന് പയ്യാമ്പലത്ത് സംസ്കാരിക്കും. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഡിതെറുപ്പുകാരനായി ജീവിതമാരംഭിച്ച സഹദേവന് ടുബാക്കോ വര്‍ക്കേഴ്സ് യൂണിയന് കണ്ണോത്തുംചാല്‍ ഡിവിഷന് സെക്രട്ടറിയായാണ് പൊതുപ്രവര്‍ത്തനം തുടങ്ങുന്നത്. സിഐടിയു അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റിയംഗം, ബീഡി ആൻഡ് സിഗാര്‍ വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
1964ല്‍ സിപിഎം രൂപം കൊണ്ടതുമുതല്‍ 78 വരെ കണ്ണൂര്‍ മുനിസിപ്പല്‍ ലോക്കല്‍ സെക്രട്ടറി. 2005ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 2022ല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞു. 2006ല്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.