നടൻ രൺവീർ സിംഗിന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് നിസഹകരണ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പിന്തുണയുമായി നടി കങ്കണ റണൗട്ട്. ഡോൺ 3 സിനിമയുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്നാണ് രൺവീറിന് വിലക്കേർപ്പെടുത്തിയത്.
തനിക്കുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കങ്കണ മറുപടി നൽകിയത്. ജീവിതത്തിൽ മുന്നോട്ട് പോകുമ്പോൾ പലവിധ തടസങ്ങൾ ഉണ്ടാകുമെന്നും കരിയർ എപ്പോഴും സുഗമമായിരിക്കില്ലെന്നും കങ്കണ കൂട്ടിച്ചേർത്തു.
‘എന്നെയും എല്ലാവരും വിലക്കിയിട്ടുള്ളതാണ്. നിങ്ങളുടെ പദവി വളരുമ്പോൾ, നിങ്ങളുടെ ശത്രുക്കളും വളരും. തനിക്ക് ഇത്രയധികം ശത്രുക്കളുണ്ടെങ്കിൽ, താൻ കൈവരിച്ച പദവി എത്രത്തോളമാണെന്ന് ഈ സാഹചര്യം കണ്ട് രൺവീർ സിംഗ് മനസിലാക്കണം.
ഞാൻ തന്നെ ഒരുപാട് അനുഭവങ്ങളിൽ കൂടെ കടന്നുപോയിട്ടുണ്ട്, ഇന്ന് ഞാൻ നന്നായിരിക്കുന്നു. എന്റെ കരിയറും മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. ’’കങ്കണ പറഞ്ഞു.
ഡോൺ 3 ചിത്രത്തിൽ നിന്ന് രൺവീർ സിംഗ് പിന്മാറിയതിനെത്തുടർന്ന് സംവിധായകനും നിർമ്മാതാവുമായ ഫർഹാൻ അക്തറുമായുണ്ടായ തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഫർഹാൻ അക്തർ വിഷയം ഫെഡറേഷന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, യൂണിയൻ പ്രതിനിധികളുമായി ചർച്ചയ്ക്ക് തയാറാകുന്നത് വരെ രൺവീറുമായി സഹകരിക്കില്ലെന്ന് സംഘടന വ്യക്തമാക്കുകയുമായിരുന്നു.
എന്നാൽ വിലക്ക് സംബന്ധിച്ച വിവാദങ്ങളോട് രൺവീർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.