കുന്നംകുളം: എപ്സ്റ്റീൻ ഫയലുകൾ ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിയന്ത്രിക്കുമ്പോൾ, മുഖ്യമന്ത്രി പിണറായി വിജയനെ മോദിയും അമിത് ഷായും ചേർന്നു നിയന്ത്രിക്കുകയാണെന്ന് രാഹുൽ ഗാന്ധി.
കുന്നംകുളത്തു സംഘടിപ്പിച്ച യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ കാർഷികമേഖലയും ഡാറ്റയും ഊർജസുരക്ഷയും കരാറിലൂടെ മോദി അടിയറവച്ചു. ഇന്ത്യൻ വിപണിയിൽ അമേരിക്കൻ കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കാൻ അനുമതി നൽകിയ ആദ്യത്തെ പ്രധാനമന്ത്രിയാകും മോദി.
ട്രംപിനെ മോദി ‘സർ’ എന്നാണു വിളിക്കുന്നത്. മുഖ്യമന്ത്രിക്ക് മോദിയോടുള്ള ബന്ധവും അതുപോലെയാണ്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും അഴിമതിയാണ് കാരണം. ഞാൻ മോദിയെ നേരിട്ട് എതിർക്കുന്നയാളാണ്. എന്റെ ലോക്സഭാംഗത്വം അടക്കം സസ്പെൻഡ് ചെയ്തിരുന്നു. മണിക്കൂറുകൾ കേന്ദ്ര ഏജൻസികൾ ചോദ്യംചെയ്തു. മുഖ്യമന്ത്രിക്കെതിരേ ഒരു കേസുപോലും എടുത്തില്ല.
എല്ലാ സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങളെക്കുറിച്ചു വാചാലനാകുന്ന മോദി ശബരിമല സ്വർണക്കൊള്ളയെക്കുറിച്ചു മിണ്ടിയില്ല. കരുവന്നൂർ അടക്കമുള്ള കേസുകൾ ഉപയോഗിച്ചാണ് പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നത്.
മോദിയെപ്പോലെ മുഖ്യമന്ത്രിക്കും ധാർഷ്ട്യമാണ്. കേരളത്തെ രക്ഷിക്കാൻ മറ്റാരുമില്ലെന്നാണ് അദ്ദേഹം കരുതുന്നത്. വിദ്യാസന്പന്നരായ ലക്ഷക്കണക്കിന് ആളുകളെ അപമാനിക്കുന്നതിനു തുല്യമാണിത്. മോദിയും മുഖ്യമന്ത്രിയും മാത്രമാണ് ഭരിക്കാൻ യോഗ്യരെന്നാണ് അവർ കരുതുന്നത്.
കേരളത്തിൽ മൂന്നിലൊന്നുപേർക്കു തൊഴിലില്ല. ഇടതുപക്ഷവുമായി ബന്ധമുള്ളവർക്കുമാത്രമാണ് സർക്കാർ ജോലി ലഭിക്കുന്നത്. ആറുലക്ഷം കോടിയുടെ കടക്കെണിയിലാണ് കേരളം.
എതിർക്കുന്നവരെ ആക്രമിക്കും. കുന്നംകുളത്തു വി.എസ്. സുജിത്തിനെ കള്ളക്കേസിൽ കുടുക്കി പോലീസിനെക്കൊണ്ടു മർദിച്ചു. മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാട്ടിയവരെ ആക്രമിച്ചു.
ഇറാനിലെയും യുക്രെയ്നിലെയും യുദ്ധം തുടർന്നാൽ പെട്രോളിന്റെയും ഗ്യാസിന്റെയും വില ഉയരും. ഇതു മുന്നിൽകണ്ടാണ് യുഡിഎഫ് ജനങ്ങൾക്ക് ആശ്വാസമുള്ള പദ്ധതികൾ വാഗ്ദാനം ചെയ്യുന്നത്. അച്ചടിവ്യവസായത്തിന്റെ കേന്ദ്രമായിരുന്നു കുന്നംകുളം. ഈ മേഖലയെ പഴയ പ്രൗഢിയിലേക്കു കൊണ്ടുവരാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി വൈസ് പ്രസിഡന്റ് ദീപ ദാസ് മുൻഷി, തെലുങ്കാന മന്ത്രി ഡി. ശ്രീധർ ബാബു, സ്ഥാനാർഥികളായ രാജൻ ജെ. പല്ലൻ(തൃശൂർ), പി.ടി. അജയമോഹൻ(കുന്നംകുളം), ശിവൻ വീട്ടിക്കുന്ന് (ചേലക്കര), സി.എച്ച്. റഷീദ് (ഗുരുവായൂർ), സുനിൽ ലാലൂർ(നാട്ടിക), പി.എൻ. വൈശാഖ് (വടക്കാഞ്ചേരി), കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹ്മാൻകുട്ടി, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, തൃശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ് എന്നിവർ പങ്കെടുത്തു.