എടത്വ: മടവീണ പാടശേഖരങ്ങൾക്കും വെള്ളം കയറി വീടുകൾ തകർന്നവർക്കും കരകൃഷി നഷ്ടമായവർക്കുമുള്ള നഷ്ടപരിഹാരത്തിനുള്ള നടപടിക്രമങ്ങൾ വൈകുന്നതിൽ കേരള കോൺഗ്രസ് - എം പ്രതിഷേധിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനുള്ള ഉദ്യോഗസ്ഥ തല അന്വേഷണങ്ങൾ പോലും ആരംഭിച്ചിട്ടില്ല. അപേക്ഷ സ്വീകരിക്കാനുള്ള സമയക്രമങ്ങൾ നിശ്ചയിക്കാത്ത സാഹചര്യത്തിൽ, പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ യഥാസമയത്ത് ലഭ്യമാകാൻ സാധ്യതയില്ലെന്ന് നിയോജകമണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റി പാസാക്കിയ പ്രമേയത്തിൽ പറയുന്നു.
ഇതിനെതിരേ ശക്തമായ സമരനടപടികളുമായി കേരള കോൺഗ്രസ് - എം മുന്നിട്ടിറങ്ങും. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും നിയോജകമണ്ഡലം പ്രസിഡന്റുമായ ജോസഫ് കെ. നെല്ലുവേലി അധ്യക്ഷത വഹിച്ചു. ജോസഫ്കുട്ടി തുരുത്തേൻ, ഷിബു ലൂക്കോസ്, ടോമിച്ചൻ മേപ്പുറം, ബിനോയ് ഒലക്കപ്പാടി, സണ്ണി അഞ്ചിൽ, ജോസ് മാമ്മുടൻ, ബിനീഷ് തെക്കേപറമ്പ്, ജേക്കബ് മാത്യു മുട്ടാർ, സാബു മാത്യു പള്ളിക്കളം തുടങ്ങിയവർ പ്രസംഗിച്ചു.