ഫ്ലോറിഡ: മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ മുൻ പോലീസ് ഉദ്യോഗസ്ഥൻ ജോഷ്വ റൂലോഫ്സിന് (37) കോടതി 32 വർഷം തടവുശിക്ഷ വിധിച്ചു. ഫ്ലോറിഡയിലെ റ്റാംപയിലാണ് വിധി പ്രസ്താവിച്ചത്.
2022 ഏപ്രിലിൽ ഫ്ലോറിഡയിലെ കോർട്ട്നി കാംബെൽ കോസ്വേയിലാണ് സംഭവം നടന്നത്. റൂലോഫ്സ് ഓടിച്ചിരുന്ന സ്പോർട്സ് കാർ ഒരു എസ്യുവിക്ക് പിന്നിലിടിക്കുകയും, എസ്യുവിയിലുണ്ടായിരുന്ന ക്രിസ് കൊറോളി, റിക്കി ഗോംഗോറ എന്നിവർ മരിക്കുകയും ചെയ്തു.
വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. അപകടസമയത്ത് റൂലോഫ്സ് മണിക്കൂറിൽ 100 മൈലിലധികം വേഗതയിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് കണ്ടെത്തി. അദ്ദേഹത്തിന്റെ രക്തത്തിലെ മദ്യത്തിന്റെ അളവ് അനുവദനീയമായ പരിധിയിലും ഇരട്ടിയിലധികമായിരുന്നു.
കേസിന്റെ വിചാരണ നടക്കാനിരിക്കെ ജാമ്യത്തിലിറങ്ങിയ റൂലോഫ്സ് കൊളംബിയയിലേക്ക് കടന്നുകളഞ്ഞു. പിന്നീട് യുഎസ് മാർഷൽസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്.