തൃശൂർ: കലയിടത്തിൽ ഇത്തവണ മാറ്റുരയ്ക്കുന്നതു കല മാത്രമല്ല, നാവിൻതുമ്പിലെ പുതിയ രുചിക്കൂട്ടുകൾകൂടിയാണ്. പതിവുശൈലികളിൽനിന്നു മാറി, പാരമ്പര്യവും പുതുമയും ഇഴചേരുന്ന വിഭവങ്ങളുമായി പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയും സംഘവും സജ്ജം.
രുചിമേളത്തിനു ചക്കപ്പഴം മധുരം
കലോത്സവചരിത്രത്തിൽ അധികം കണ്ടിട്ടില്ലാത്ത ചക്കപ്പഴം പ്രഥമനാണ് ഇത്തവണത്തെ ഉച്ചയൂണിനു മാധുര്യമേകുക. ഇതിനായി നേരത്തേതന്നെ ചക്കകൾ സംഭരിച്ച് പാകപ്പെടുത്തിയിരുന്നു.
അഞ്ചു ദിവസങ്ങളിലായി രണ്ടരലക്ഷത്തോളം പേർക്കു ഭക്ഷണം നൽകാനാണ് ലക്ഷ്യമിടുന്നത്. നാളെയും മറ്റന്നാളും പൊതുവെ തിരക്കേറുമെന്നും പതിനായിരത്തോളംപേർ ഈ രണ്ടു ദിവസങ്ങളിൽ അധികമെത്തുമെന്നും പഴയിടം പറഞ്ഞു.
വിരുന്നെത്തുന്നു, കൊങ്ങിണിദോശ
കലോത്സവക്കലവറയിൽ ഇതാദ്യമായി കൊങ്ങിണിരുചിയും. ഒന്പതുതരം ധാന്യങ്ങൾ ചേർത്തുണ്ടാക്കുന്ന "നവധാന്യദോശ’യാണ് ഇത്തവണത്തെ സ്പെഷൽ ബ്രേക്ക് ഫാസ്റ്റ്.
എറണാകുളം തമ്മനം സ്വദേശിയായ ശിവാനന്ദ് ഭട്ടും കുടുംബവുമാണ് ഈ ആരോഗ്യദായക വിഭവത്തിനുപിന്നിൽ. ഇന്ന് ആദ്യം എത്തുന്ന 4,000 പേർക്ക് ഈ രുചി നുണയാം. ദോശയ്ക്കുള്ള ചമ്മന്തി ഒരുക്കുന്നതു പഴയിടംതന്നെയാണ്.