കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അണലി എന്ന വെബ് സീരിസിന് പ്രദർശന വിലക്കില്ല. സീരിസിനെതിരെ കേസിലെ പ്രതിയായ ജോളി ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സീരിസിന്റെ പ്രദർശനം തടയണമെന്ന ജോളി ജോസഫിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. കൂടത്തായി കേസുമായി സാമ്യം മാത്രമാണ് സീരിസിനുള്ളതെന്നും കോടതി വാക്കാൽ പരാമർശിച്ചു.
ആവിഷ്കാര സ്വാതന്ത്രം ഉണ്ടെന്നും യഥാർഥത്തിൽ സംഭവിച്ച ഒരു കൃത്യത്തെ ആസ്പദമാക്കി സിനിമയോ സീരിസോ വരുന്നതിൽ എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘കുറുപ്പ്’ അടക്കമുള്ള സിനിമകളും ഹൈക്കോടതി പരാമർശിക്കുകയുണ്ടായി. ജസ്റ്റിസ് വി.ജെ അരുൺ ആണ് ഹർജി പരിഗണിച്ചത്.
വിചാരണ നടക്കുന്ന കേസായതിനാൽ മാത്രമാണ് ഇത് വിഷയമാകുന്നതെന്നും കോടതി പറഞ്ഞു. ഹർജി പരിഗണിച്ച കോടതി നിർമാതാക്കളായ ജിയോ ഹോട്സ്റ്റാറിനും സംവിധായകൻ മിഥുൻ മാനുവൽ തോമസിനും സിബിഎഫ്സിക്കും കോടതി നോട്ടീസ് അയച്ചു. കേസ് ജനുവരി പതിനഞ്ചിന് വീണ്ടും പരിഗണിക്കും.