തമിഴ്നാട്ടിലെ കോട്ടഗിരിയിൽ മരം കയറ്റിയ ലോറി നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം. ഞായറാഴ്ച രാവിലെയുണ്ടായ ദാരുണമായ ഈ സംഭവത്തിൽ താഴെയുള്ള തേയിലത്തോട്ടത്തിലേക്ക് പതിച്ച ലോറിയിൽ നിന്ന് മരത്തടികൾ നാലുപാടേക്കും തെറിച്ചുവീണു.
വാഹനം കൊക്കയിലേക്ക് നിമിഷനേരം കൊണ്ട് മറിയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പ്രദേശവാസികൾ പകർത്തിയത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്. അപകടസമയത്ത് ഡ്രൈവർ വാഹനത്തിനുള്ളിൽ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴുവായി.
ഊട്ടിയിലെ തടി വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള ലോറി കാട്ടാബെട്ടു മേഖലയിൽ നിന്ന് തടികൾ ശേഖരിച്ച് മടങ്ങുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴ കാരണം ഡ്രൈവറായ അരുൺ വാഹനം റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.
പിറ്റേന്ന് രാവിലെ ലോറി മുന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും മഴയിൽ കുതിർന്ന മണ്ണിൽ ചക്രങ്ങൾ ആഴത്തിൽ താണുപോവുകയായിരുന്നു. ഭാരമേറിയ വാഹനം പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ, സമീപത്തുള്ള ചായക്കടയിലേക്ക് ക്രെയിൻ സഹായം തേടി ഡ്രൈവർ പോയ സമയത്താണ് റോഡരികിലെ മണ്ണുരുണ്ട് ലോറി താഴേക്ക് പതിച്ചത്.
മലയോര പാതകളിൽ മഴക്കാലത്ത് ഇത്തരം ഭാരമേറിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിലെ അപകടസാധ്യത വ്യക്തമാക്കുന്നതാണ് ഈ സംഭവം.