കൊട്ടിയൂർ: ക്ഷേത്രോത്സവത്തിനിടെ സ്വർണമാല കവർന്ന കേസിൽ ഒരാൾ പിടിയിൽ. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനിടെയാണ് സംഭവം. പാലക്കാട് തത്തമംഗലം സ്വദേശിനി ജ്യോതി ആണ് പിടിയിലായത്. കേളകം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
ഉത്സവ നഗരിയിൽ ദർശനത്തിനെത്തിയ ഭക്തരിലൊരാളുടെ മാല കവരാൻ ശ്രമിക്കുന്നതിനിടയിൽ ഇവർ കൈയോടെ പിടിയിലാവുകയായിരുന്നു. ക്ഷേത്രത്തിലും പരിസരങ്ങളിലും വൻ ജനത്തിരക്ക് അനുഭവപ്പെട്ട സമയത്താണ് പ്രതി മോഷണത്തിന് ശ്രമിച്ചത്.
തിരക്കിൽപ്പെട്ട് നീങ്ങുകയായിരുന്ന ഭക്തയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുണ്ടായിരുന്നവരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ചേർന്ന് ജ്യോതിയെ തടഞ്ഞുവയ്ക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പിടിയിലായ ജ്യോതി മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു.