തുറവൂർ: തീരദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുമെന്ന് പ്രഖ്യപനം നടത്തി ജനങ്ങളെ പറ്റിക്കുന്നതിൽ പ്രതിഷേധിച്ച് ജനം സമരവുമായി തെരുവിൽ. കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളുടെ തീരദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം. കുടിവെള്ളമില്ലാതെ ജനങ്ങൾ നെട്ടോട്ടത്തിൽ. തീരദേശത്തെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം ഇനിയുമായിട്ടില്ല.
ഹൈവേ നിർമ്മാണത്തിൽ പൈപ്പുകൾ അടിക്കടി പൊട്ടുന്നത് മൂലംകുടിവെള്ള വിതരണം മാസങ്ങളായി തടസപ്പെട്ടിരിക്കുകയാണ്. എന്നാൽ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിൽ എത്തിയാലും കുടിവെള്ളമെത്താത്ത അവസ്ഥയാണ് നിലവിലുള്ളത്. സുനാമി, ഓഖി ദുരന്തങ്ങൾ മൂലം തിരദേശത്തെ കുടിവെള്ള സ്രോതസുകൾ എല്ലാം തന്നെ ഉപയോഗശൂന്യമായിരിക്കുകയാണ്. എവിടെ കുഴിച്ചാലും ഉപ്പുവെള്ളം മാത്രം ലഭിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ജനങ്ങളുടെ ഏക ആശ്രയമായ ജപ്പാൻ കുടി വെള്ളമാണ് പാചകത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. ഇത് ലഭിക്കാത്തതുമൂലം മലീനമായ ഉപ്പുവെള്ളം പാചകത്തിനും മറ്റ്ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഇത് മാരകമായ പകർച്ചവ്യാദികൾക്കും മറ്റു രോഗങ്ങൾക്കും കാരണമാകാം എന്ന് തിരദേശവാസികൾ ഭയപ്പെട്ടുന്നു.
മത്സ്യബന്ധന മേഖല വറുതിയിലൂടെ കടന്നുപോകുമ്പോൾ തീരദേശവാസികളായ മത്സ്യതൊഴിലാളികൾ വിലകൊടുത്ത കുടിവെള്ളം വാങ്ങിക്കേണ്ട അവസ്ഥയാണ്. ഇത് തീരദേശ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂർവ്വമാക്കുന്നു. ആയിരങ്ങൾ മുടക്കി ജപ്പാൻ കുടിവെള്ള പൈപ്പ് കണക്ഷനുകൾ എടുത്തിട്ട് ഇതുവരെയും വെള്ളം ലഭിക്കാത്ത വീടുകളും തീരദേശത്തുണ്ട്. തീരദേശത്ത് കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കുന്നതിന് അരൂർ എംഎൽ എ ഉൾപ്പെടെയുള്ളവർ പ്രഖ്യപിച്ചിട്ടുള്ള നിർദിഷ്ട പദ്ധതികൾ അടിയന്തരമായി നടപ്പിലാക്കുകയോ, പള്ളിത്തോട് കരയിൽ പുതിയ വാട്ടർടാങ്ക് സ്ഥാപിക്കുകയോ ചെയ്യണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. തീരദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടു നടന്ന പ്രതിഷേധയോഗം ജനങ്ങൾക്ക് കൈ കുമ്പിളിൽ വെള്ളം ഇറ്റിച്ചുകൊണ്ട് യൂണിറ്റ് ഡയറക്ടർ ഫാ. യേശുദാസ് കൊടിവീട്ടിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെഎൽസിഎ രൂപത ഡയറക്ടർ ഫാ. ജോൺസൺ പടുത്തൽ വിട്ടിൽ, രൂപതാ പ്രസിഡന്റ് സന്തോഷ് കൊടിയനാട്, യൂണിറ്റ് ഭാരവാഹികളായ ആന്റണി തേറാത്ത്, ഡോമിനിക് സെബാസ്റ്റ്യൻ, തോമസ് പറയകാട്ടിൽ, ബേബിച്ചൻ പുന്നയ്ക്കൽ, നോബി പുന്നയ്ക്കൽ, യേശുദാസ് കൊടിയനാട്, ജെറോം കളപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.