കോൽക്കത്ത: പശ്ചിമബംഗാളിൽ തീപാറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തിരശീല. ഇന്നത്തെ നിശബ്ദ പ്രചാരണത്തോടെ നാളെ ബംഗാൾ ജനത അന്തിമവിധിയെഴുത്തിനായി പോളിംഗ് ബൂത്തിലെത്തും.
രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളിലെ ജനവിധിയാണു കുറിക്കുക. കൊല്‍ക്കത്ത നോര്‍ത്ത്, കൊല്‍ക്കത്ത സൗത്ത്, ഹൗറ, നാദിയ, നോര്‍ത്ത് 24 പര്‍ഗനാസ്, സൗത്ത് 24 പര്‍ഗനാസ്, ഹുഗ്ലി, പൂര്‍ബ ബര്‍ധമാന്‍ ജില്ലകളിലാണു മണ്ഡലങ്ങള്‍.
വോട്ടർപട്ടിക തീവ്രപരിഷ്കരണം, അതിർത്തിയിലെ നുഴഞ്ഞുകയറ്റം, അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ ഭരണകക്ഷിയായ തൃണമൂലും മുഖ്യപ്രതിപക്ഷമായ ബിജെപിയും രൂക്ഷമായ വാക്പോരാണ് നടത്തിയത്. രണ്ടു മുന്നണികളെയും വെല്ലുവിളിച്ച് ഇടതുപക്ഷവും തിരിച്ചുവരവിന് ശ്രമം നടത്തുന്നു.
തൃണമൂൽ ഭരണത്തിൽ ബംഗാൾ നുഴഞ്ഞുകയറ്റക്കാരുടെ സ്വർഗമായെന്നു ബിജെപി ആരോപിച്ചു. വിഭജനരാഷ്ട്രീയമാണു ബിജെപി പരീക്ഷിക്കുന്നതെന്നും ബിജെപി അധികാരത്തിലെത്തിയാൽ ബംഗാളിനെ വിഭജിക്കുമെന്നുമായിരുന്നു മമതയുടെ തിരിച്ചടി.ബിജെപിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം.
ഇന്നലെ ജഗത്ദാലിലെ ജിലേപി മഠില്‍ പൊതുയോഗത്തെ മോദി അഭിസംബോധന ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹൂഗ്ലിയിലെ ചന്ദനഗര്‍ ബാഗ്ബസാറിൽ ഉൾപ്പെടെ രണ്ടിടങ്ങളിൽ റോഡ്ഷോ നടത്തി. ജാദവ്പുര്‍, ടോളിഗഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കായി മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി വോട്ട് ചോദിച്ചു.
1,64,35,627 പുരുഷ വോട്ടർമാർ ഉൾപ്പെടെ മൊത്തം 3,21,73,837 വോട്ടർമാരാണു രണ്ടാംഘട്ടത്തിൽ 41,001 പോളിംഗ് ബൂത്തിലൂടെ വോട്ടവകാശം വിനിയോഗിക്കുന്നത്. മുഴുവൻ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
അതിശക്തമായ സുരക്ഷയും രണ്ടാംഘട്ടത്തിന് ഒരുക്കിയിട്ടുണ്ട്. 2,321 കന്പനി കേന്ദ്രസേനയെ ഇതിനകം വിന്യസിച്ചുകഴിഞ്ഞു.മുഖ്യമന്ത്രി മമത ബാനർജി, സുവേന്ദു അധികാരി, മുതിർന്ന ടിംഎസി നേതാവ് ഫിർഹാദ് ഹക്കിം, ബിജെപി നേതാവ് രാകേഷ് സിംഗ് തുടങ്ങിയ പ്രമുഖർ രണ്ടാംഘട്ടത്തിലാണ് ജനവിധി തേടുന്നത്.