തൃശൂർ: അതിരൂപത വികാരി ജനറാൾ, ജൂബിലി മിഷൻ മെഡിക്കൽ കോളജ് സ്ഥാപക ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പ്രമുഖ വൈദികനും ഭിഷഗ്വരനുമായ ഫാ.ഡോ. ഫ്രാൻസിസ് ആലപ്പാട്ടിന് (72) ഇന്നു നാടിന്റെ യാത്രാമൊഴി.
മൃതസംസ്കാരശുശ്രൂഷകളുടെ ആദ്യഭാഗം ഇന്ന് ഉച്ചയ്ക്ക് ഒന്നിനു ബിഷപ് മാർ ടോണി നീലങ്കാവിലിന്റെ കാർമികത്വത്തിൽ ആരംഭിക്കും.
രണ്ടിനു തൃശൂർ വ്യാകുലമാതാവിൻ ബസിലിക്കയിൽ വിശുദ്ധ കുർബാനയോടുകൂടിയുള്ള സംസ്കാരശുശ്രൂഷയുടെ മറ്റു കർമങ്ങൾക്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് കാർമികത്വം വഹിക്കും. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അനുശോചനസന്ദേശം നൽകും.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് ബിഷപ് മാർ ബോസ്കോ പുത്തൂരിന്റെ കാർമികത്വത്തിൽ ജൂബിലി മിഷൻ ആശുപത്രി ചാപ്പലിൽ അർപ്പിച്ച വിശുദ്ധകുർബാനയ്ക്കുശേഷം മൃതദേഹം ചാപ്പലിലും തുടർന്ന് ആറുമുതൽ തൃശൂർ ബെന്നറ്റ് റോഡിലുള്ള സഹോദരന്റെ ഭവനത്തിലും പൊതുദർശനത്തിനു വച്ചു. നൂറുകണക്കിനാളുകൾ അച്ചന് ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.