ഒട്ടാവ: ലോറൻസ് ബിഷ്ണോയ് സംഘം ഇന്ത്യൻ സർക്കാരിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ റിപ്പോർട്ട്. മൂന്നുപേജുള്ള റിപ്പോർട്ടിൽ ബിഷ്ണോയ് സംഘത്തിന് ഇന്ത്യൻ സർക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് ആറു തവണയാണ് പരാമർശിക്കുന്നത്.
ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ കാനഡയിലെ സ്വാധീനം വർധിക്കുന്നതിനെക്കുറിച്ചുള്ള രഹസ്യ നിരീക്ഷണ റിപ്പോർട്ടാണ് പുറത്തായത്. ഇന്ത്യയിലെ ജയിലിലിരുന്ന് ക്രിമിനൽ പ്രവർത്തനങ്ങൾ ലോറൻസ് ബിഷ്ണോയ് നിയന്ത്രിക്കുന്നതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
ഇന്ത്യൻ സർക്കാരിനു വേണ്ടി പ്രവർത്തിക്കുന്ന ബിഷ്ണോയ് ഗ്രൂപ്പ് തങ്ങളുടെ ക്രിമിനൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ആക്രമണം നടത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ലോറൻസ് ബിഷ്ണോയ് സംഘം കാനഡയിൽ അക്രമ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും ഇവരുടെ പ്രവർത്തനങ്ങൾ വ്യാപിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്.